ഞങ്ങള്‍ കൃഷി വീണ്ടെടുക്കും: കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളുടെ ആത്മവിശ്വാസം അഭിനന്ദനാര്‍ഹം: പി.സായ്നാഥ്

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അതീവ ഗുരുതരവും വ്യാപകവുമായ കൃഷിനാശം സംഭവിച്ചെങ്കിലും  കഠിനാധ്വാനത്തിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പുലര്‍ത്താന്‍ കഴിയുന്നവരാണ് കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകളിലെ വനിതകളെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റമണ്‍ മാഗ്സാസെ അവാര്‍ഡ് ജേതാവുമായ പി.സായ്നാഥ് പറഞ്ഞു. ഇത് തികച്ചും അഭിനന്ദനാര്‍ഹമാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയം ഏറ്റവും സാരമായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുണ്ടായ കൃഷിനാശം നേരില്‍ കണ്ടറിയാനും പഠിക്കാനുമായി സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികതയില്‍ അടിയുറച്ച മുന്നേറ്റമാണ് കുടുംബശ്രീയുടെ സംഘക്കൃഷിയുടേത്. ഭൂപരിഷ്ക്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക വിപ്ളവമാണിത്. വളരെ വ്യാപകമായ കൃഷിനാശമാണ് സംഘക്കൃഷി അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ജില്ലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസിലാക്കുന്നു. എന്നാല്‍ ദുരന്തം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മോചിതരാകാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നശിച്ചിട്ടും കൃഷിയിലൂടെ തന്നെ തങ്ങളുടെ ഉപജീവനോപാധി വീണ്ടെടുക്കുമെന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ്. നിലവില്‍ സംഭവിച്ച കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനുമുള്ള അടിയന്തിര പിന്തുണകളാണ് അവര്‍ക്കിനി ലഭ്യമാക്കേണ്ടത്. കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിനായി മണ്ണിന്‍റെ ഫലഭൂയിഷ്ഠത ദീര്‍ഘകാലം നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മികച്ച കാര്‍ഷിക പദ്ധതികള്‍ അവര്‍ക്കായി ആസൂത്രണം ചെയ്ത് നടപ്പാക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.


കോര്‍പ്പറേറ്റുകള്‍ ലാഭം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഉല്‍പാദനരീതികള്‍ കാലക്രമേണ മണ്ണിന്‍റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഉല്‍പന്നങ്ങളുടെ ക്രമാനുഗതമല്ലാത്ത വളര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ഇത്തരം ഭക്ഷ്യോല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നമ്മുടെ വാസസ്ഥലത്തു നിന്നും നൂറു മൈല്‍ ചുറ്റളവില്‍ ഉല്‍പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങളും കാര്‍ഷികോല്‍പന്നങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാക്കണം.  ഇക്കാര്യത്തില്‍ കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ കഴിയും. പ്രളയക്കെടുതികളെ തുടര്‍ന്ന് ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടെങ്കിലും ഫലപ്രദമായ ആസൂത്രണം വഴി രൂപപ്പെടുത്തിയ കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് അത് മറികടക്കാനാകുമെന്നും സംഘക്കൃഷി ഗ്രൂപ്പിലെ സാധാരണക്കാരായ വനിതകള്‍ പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യൂപ്പിള്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യ ബാംഗ്ളൂര്‍ കറസ്പോണ്ടന്‍റ് വിശാഖ ജോര്‍ജ്, പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ആലപ്പുഴ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി, നെടുമ്പുറം ആലപ്പുഴ ജില്ലയിലെ കൈനകരി, ചമ്പക്കുളം, ചെട്ടികുളങ്ങര എന്നീ സി.,ഡി.എസുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും പറഞ്ഞു.          

 

Content highlight
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.