കുടുംബശ്രീയുടെ 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതി വന്‍ വിജയമാകുന്നു

Posted on Saturday, July 7, 2018

തിരുവനന്തപുരം: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് സാന്ത്വനം ഉറപ്പാക്കുന്ന 'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന കുടുംബശ്രീയുടെ പുതിയ പദ്ധതി വന്‍ വിജയമാകുന്നു. വയോജന പരിചരണ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ പരിശീലനം ലഭിച്ച വനിതകള്‍ക്കാണ് തുടക്കത്തില്‍ തന്നെ പ്രതിമാസം ഇരുപതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് വിവിധ ഏജന്‍സികള്‍ രംഗത്തെത്തിയത്. ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍(ഹാപ്),  എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വയോജന പരിചരണ മേഖലയില്‍ ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍  ആശുപത്രികളിലോ വീടുകളിലോ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ഷുഗര്‍, രക്തസമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ കൊടുക്കല്‍, വൈദ്യ പരിശോധന എന്നിവയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങള്‍.

വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുത്ത 69 പേര്‍  ഇതിനകം റെസിഡന്‍ഷ്യല്‍ പരിശീലനം  പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നിംസ് മെഡിസിറ്റിയുമായി ചേര്‍ന്ന് ജില്ലയില്‍ പരിശീലനം നല്‍കിയ പതിനേഴ് വനിതകള്‍ക്കാണ്  'ആശ' ജെറിയാട്രിക് കെയര്‍, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ എന്നിവിടങ്ങളിലായി  പതിനേഴായിരം രൂപ ശമ്പളത്തോടെ ജോലി വാഗ്ദാനം ലഭിച്ചത്.  പരിശീലന പരിപാടി പൂര്‍ത്തിയാകും മുമ്പു തന്നെ വിവിധ ജില്ലകളില്‍ നിന്നും നിരവധി ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വ്യക്തികളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും സേവനദാതാക്കളെ ലഭിക്കുന്നതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.     

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ നിര്‍വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എം.എസ്.ഫൈസല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു.  സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യപ്രഭാഷണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ആശ' ജെറിയാട്രിക് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ സതി, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഉപാധ്യക്ഷന്‍ കെ.കെ.ഷിബു എന്നിവര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ജോബ് ഓഫര്‍  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിനു കൈമാറി. നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ.സജു സ്വാഗതം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു നന്ദി പറഞ്ഞു.

Content highlight
ജില്ലയില്‍ പരിശീലനം ലഭിച്ച എല്ലാവര്‍ക്കും മികച്ച ശമ്പളത്തോടെ തൊഴില്‍