അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക് - ഇന്റര്നാഷണല് തിയേറ്റര് ഫെസ്റ്റിവല് ഓഫ് കേരള) 13ാം പതിപ്പില് സജീവ സാന്നിധ്യമാകാന് കുടുംബശ്രീയും. തൃശ്ശുരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില് ഫെബ്രുവരി 7 മുതല് 12 വരെ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സ്ത്രീ നാടക ശില്പ്പശാലയില് കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങളുടെ നാടകസംഘമായ രംഗശ്രീയുടെ പ്രതിനിധികളും പങ്കെടുക്കും. കൂടാതെ രാജ്യത്തെ വിവിധ ഇടങ്ങളിലെ തനത് ഭക്ഷണ വിഭവങ്ങള് ലഭിക്കുന്ന ദേശീയ ഭക്ഷ്യമേളയും കുടുംബശ്രീ ഒരുക്കും.
കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്കിയ അയല്ക്കൂട്ടാംഗങ്ങളുടെ തിയേറ്റര് ഗ്രൂപ്പുകളാണ് രംഗശ്രീ. സാമൂഹ്യ പരിവര്ത്തനം സാധ്യമാക്കുന്ന സന്ദേശങ്ങള് ജനങ്ങളിലേക്ക് എത്തിക്കുവാന് കുടുംബശ്രീയുടെ ഈ കമ്മ്യൂണിറ്റി തിയേറ്റര് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി വരുന്നു. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് മികച്ച അവസരം കൂടിയാണ് രംഗശ്രീ നല്കുന്നത്.
14 ജില്ലകളിലും രംഗശ്രീ ടീമുകള് നിലവിലുണ്ട്. 28 രംഗശ്രീ ടീം അംഗങ്ങളാണ് ഇറ്റ്‌ഫോക്കിന്റെ ഭാഗമായുള്ള ശില്പ്പശാലയില് പങ്കെടുക്കുന്നത്. ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്‌ന, അനുരാധ കപൂര്, നീലം മാന്സിങ് എന്നിവരാണ് ശില്പ്പശാല നയിക്കുക. എല്ലാദിവസവും രാവിലെ 8 മുതല് 11 വരെയാണ് ശില്പ്പശാല. പിന്നീടുള്ള സമയം നാടകം കാണാനും നാടകത്തിന്റെ ഒരുക്കങ്ങള് നേരിട്ട് മനസ്സിലാക്കാനുമുള്ള അവസരമാണ്.
'ഒന്നിക്കണം മാനവികത' എന്ന സന്ദേശം ഉയര്ത്തി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില് വിവിധ രാജ്യങ്ങളില് നിന്നുള്ള നാടകങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള നാടകങ്ങളും അരങ്ങേറും.
- 104 views
Content highlight
ITFOK