എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ "ഡിജി കേരളം' പദ്ധതിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കുടുംബശ്രീ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 3.16 ലക്ഷം അയൽക്കൂട്ടങ്ങളെയും കുടുംബശ്രീ "ഡിജി കേരളം' പദ്ധതിയുടെ ഭാഗമാക്കി. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനവും ബാലസഭാംഗങ്ങളും ഒന്നാകെ ഡിജി കേരളം പദ്ധതിയിൽ പങ്കാളിത്തം വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ഇതര വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിലാണ് കുടുംബശ്രീയുടെ മികവുറ്റ പങ്കാളിത്തം.
14-നും 65-നും ഇടയിൽ പ്രായമുളളവർക്ക് കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്. സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും അടിസ്ഥാനപരമായ അറിവ് നൽകുക എന്നതായിരുന്നു "ഡിജി കേരളം' പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പ്രേരക്മാർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകിക്കൊണ്ടായിരുന്നു വിവരശേഖരണം. തിരഞ്ഞെടുത്ത കുടുംബശ്രീ വൊളണ്ടിയർമാർ മുഖേന സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടർന്ന് ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ സുരക്ഷ, വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എന്നിവ സംബന്ധിച്ചും സാധാരണക്കാർക്ക് അവബോധം നൽകിക്കൊണ്ട് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളിലും കുടുംബശ്രീ ഭാഗമായി.
"ഡിജി കേരളം' ക്യാമ്പയിനോടനുബന്ധിച്ച് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ "ഡിജി കൂട്ടം' എന്ന പേരിൽ പ്രതേ്യക അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ട് അംഗങ്ങൾക്ക് ഡിജിറ്റൽ അവബോധം നൽകി. പ്രതേ്യകം തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നുമായി തിരഞ്ഞെടുത്ത മാസ്റ്റർ പരിശീലകരാണ് ഇതിന് നേതൃത്വം നൽകിയത്. ഇവർ മുഖേന ജില്ലകളിൽ അവബോധ ക്ളാസുകൾ, സി.ഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം എന്നിവയും സംഘടിപ്പിച്ചു.
പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ ആദ്യവാരം "ഡിജി വാര'മായി ആഘോഷിച്ചു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ചേർന്ന അയൽക്കൂട്ട യോഗങ്ങളിൽ ഇത് പ്രതേ്യക അജണ്ടയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബശ്രീ നടപ്പാക്കിയ "തിരികെ സ്കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പയിനിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകാൻ തിരഞ്ഞെടുത്ത അഞ്ചു വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ സാക്ഷരത എന്നതായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീയുടെ ഔദേ്യാഗിക യൂട്യൂബ് ചാനൽ, കുടുംബശ്രീയുടെ റേഡിയോശ്രീ എന്നിവ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള പരിശീലനം നൽകി.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങളും പുരോഗതിയും സംബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
നിലവിൽ കുടുംബശ്രീ യോഗങ്ങൾ, ഉൽപന്നങ്ങളുടെ ഒാൺലൈൻ വിപണനം എന്നിവ ഉൾപ്പെടെ കുടുംബശ്രീയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭകർക്ക് മികച്ച രീതിയിൽ ഉൽപന്ന വിപണനം നടത്തുന്നതിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനുമായി ഡിജിറ്റൽ മാർക്കറ്റിങ്ങിലും പരിശീലനം നൽകുന്നതു വഴി സംരംഭകർക്ക് ഈ രംഗത്ത് കൂടുതൽ അവബോധം ലഭ്യമാക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കിക്കൊണ്ട് വിവര സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഡിജികേരളം പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് എത്രയും വേഗം സർക്കാർ സേവനങ്ങൾ എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാകാനും വിഭാവനം ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്.
- 132 views



