മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം നൂറ് ശതമാനം ഉറപ്പാക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണം നടത്തുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില് 2025 ജനുവരി ആറ് മുതല് 12 വരെയാണ് സര്വേ.
ഉറവിട മാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിന്, കിച്ചന് ബിന് തുടങ്ങി വിവിധ ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി. ജൈവ മാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പില് രജിസ്റ്റര് ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങള് ശേഖരിക്കുകയാണ് സര്വേയുടെ ലക്ഷ്യം. ഇതുവഴി ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല് കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്മ സേനയുടെ പരിധിയില് കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. സര്വേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് ഡയറക്ടറേറ്റ്, ശുചിത്വമിഷന്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ഇന്ഫര്മേഷന് കേരള മിഷന് എന്നിവയുടെ സഹകരണവുമുണ്ടാകും.
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായിട്ടാണ് ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകള് ശേഖരിക്കുന്നത്. സര്വേ നടത്തുന്നതിനായി ഓരോ വാര്ഡിലും രണ്ടു മുതല് മൂന്ന് വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000-ലേറെ ഹരിതകര്മസേനാംഗങ്ങളും സര്വേയുടെ ഭാഗമാകും. ഇവരെ കൂടാതെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികളും ഉള്പ്പെടെ ഓരോ ടീമിലും ചോളം പ്രതിനിധികളാണ് ഉണ്ടാവുക. ഇവര് ഹരിതമിത്രം ആപ് ഉപയോഗിച്ച് സംസ്ക്കരണ ഉപാധികള് സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇതുവരെ ഹരിതമിത്രം ആപ്പില് എന്റോള് ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിച്ച് അവയും ഉള്പ്പെടുത്തും. നിലവില് രജിസ്റ്റര് ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശ സ്ഥാപനങ്ങളില് നിന്നു ക്യു.ആര് കോഡ് ലഭ്യമാക്കിയ ശേഷം നടത്തും. സര്വേയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നേതൃത്വം നല്കും.
സര്വേ പൂര്ത്തീകരിച്ച ശേഷം ആവശ്യമായ ഇനോകുലത്തിന്റെ അളവ് തിട്ടപ്പെടുത്തും. പിന്നീട് ഉല്പാദകരുമായി ബന്ധപ്പെട്ട് ഹരിതകര്മ സേനകള്ക്ക് അവരില് നിന്നു ഇനോകുലം വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കും. ഭാവിയില് കുടുംബശ്രീ വഴി സംരംഭ മാതൃകയില് ഇനോകുലം തയ്യാറാക്കുന്ന യൂണിറ്റുകള് രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. മാലിന്യ സംസ്ക്കരണത്തിന് ബയോബിന് അടക്കമുള്ള ഉപാധികള് പ്രവര്ത്തിപ്പിക്കുന്നതിനുള്ള ഇനോകുലത്തിന്റെ വിപണനം ഹരിതകര്മ സേനയ്ക്ക് അധികവരുമാന ലഭ്യതയ്ക്ക് സഹായകമാകുമെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണിത്.
നിലവില് സര്വേയുമായി ബന്ധപ്പെട്ട് അയല്ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തല യോഗങ്ങളും സര്വേയില് പങ്കെടുക്കുന്നവര്ക്കുള്ള പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്.
- 55 views