ചുവട്-2022: കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സമാപിച്ചു

Posted on Monday, September 5, 2022

പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതിയ വേഗവും ഊര്‍ജവും നല്‍കുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' പൂര്‍ത്തിയായി. ഏഴാമത് ബാച്ചിന്‍റെ പരിശീലനമാണ് 2-9-2022 ന്‌
അവസാനിച്ചത്.  ഇതോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി കഴിഞ്ഞ ഒന്നര മാസമായി നടത്തി വന്ന എല്ലാ പരിശീലനവും പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എല്ലാ ബാച്ചിലും പങ്കെടുത്തു സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന  ചെയ്ത് സംസാരിച്ചു.

തിരുവനന്തപുരം മണ്‍വിള അഗ്രകള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സി.ഡി.എസ് അധ്യക്ഷമാര്‍ക്കും പരിശീലക ടീമുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹേമലത സി.കെ അധ്യക്ഷത വഹിച്ചു.
     
സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഭരണനിര്‍വഹണശേഷിക്കൊപ്പം അക്കാദമിക് മികവും പ്രഫഷണലിസവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ഇത്തവണ ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുന്‍ പ്രോഗ്രാം ഓഫീസറുമായ എം.രാമനുണ്ണി എന്നിവരുമായി സംവദിക്കാനുള്ള അവസരവും സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ലഭ്യമാക്കിയത് ഏറെ ഫലപ്രദമായി. കൂടാതെ കിലയുടെ നേതൃത്വത്തില്‍ മൂന്നു ബാച്ചുകളുടെ പരിശീലനവും സംഘടിപ്പിച്ചു.

ഫലപ്രദമായ ആസൂത്രണവും സംഘാടനമികവും ഒരുമിച്ച 'ചുവട് 2022' കുടുംബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഇതുവരെ  നല്‍കിയിട്ടുള്ളതില്‍ ഏറ്റവും  വിപുലമായ പരിശീലന പരിപാടിയായി മാറി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ  എന്നിവര്‍ പരിശീലന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും രൂപവല്‍ക്കരണത്തിലും നേതൃത്വം നല്‍കിയത് പരിപാടിക്ക് കൂടുതല്‍ പ്രഫഷണല്‍ സമീപനം കൈവരിക്കാന്‍ സഹായകമായി. കൂടാതെ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥരും പരിശീലന ഗ്രൂപ്പ് അംഗങ്ങളും ഇതില്‍ പങ്കാളികളായി.  
 
ഒന്നര മാസം നീണ്ടു നിന്ന പരിശിലന പരിപാടിയുടെ വിജയത്തിനു പിന്നില്‍ കുടുംബശ്രീയുടെ ദൃഢനിശ്ചയത്തിനൊപ്പം പരിശീലക ഗ്രൂപ്പുകളില്‍ നിന്നുള്ള അറുപതോളം അംഗങ്ങളുടെ നിരന്തര അധ്വാനവുമുണ്ട്.  ദൂരെയുള്ള ജില്ലകളില്‍ നിന്നും കൈക്കുഞ്ഞുങ്ങളുമായി പരിശീലനത്തിനെത്തിയവര്‍ക്കും തുണയായത് ഇവരുടെ സ്നേഹവും കരതലുമാണ്. കുഞ്ഞുങ്ങളുടെ പകല്‍പരിപാലനം ഏറ്റെടുത്തതു മുതല്‍ ക്യാമ്പിലെത്തുന്നവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിച്ചതും ഇവരുടെ നേതൃത്വത്തിലാണ്.  കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി നന്ദിയും പറഞ്ഞു.

 

ed

 

Content highlight
'Chuvad 22': State Level Training Programme for Kudumbashree CDS Chairpersons concludeden