ലോക്ഡൗണ്‍ കാലയളവില്‍ സപ്ലൈകോയുടെ 95 വിപണനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ വീടുകളിലേക്ക് ഹോം ഡെലിവറിയായി എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഫോണ്‍ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ ആവശ്യക്കാര്‍ക്ക് സാധനങ്ങളുടെ ഓര്‍ഡര്‍ നല്‍കാനാകും. ഓരോ കേന്ദ്രത്തിലും നിയോഗിച്ചിട്ടുള്ള രണ്ട് വീതം കുടുംബശ്രീ അംഗങ്ങള്‍ ഈ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ അതാത് വീടുകളിലേക്ക് എത്തിക്കും. 20 കിലോഗ്രാം സാധനങ്ങളാണ് ഒരു തവണ ഓര്‍ഡര്‍ ചെയ്യാനാകുക. ആദ്യ ഘട്ടത്തില്‍ ഔട്ട്‌ലെറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാര്‍ക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഓരോ ദിവസവും ഉച്ചയ്ക്ക് 1 മണിവരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. 2 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങള്‍ എത്തിച്ച നല്‍കുന്നതിന് 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ 60 രൂപയും 10 കിലോമീറ്ററാണെങ്കില്‍ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുക.
ഏതൊക്കെ ഔട്ട്‌ലെറ്റുകളില്‍ ഈ സേവനം ലഭ്യമാണെന്നതിന്റെ വിശദാംശങ്ങള്‍ സപ്ലൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് പേരെ വീതമാണ് ഡെലിവറിക്കായി നിയോഗിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ ഹോം ഡെലിവറി ഓര്‍ഡറുകള്‍ വന്നാല്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെ ഈ സേവനം നല്‍കാന്‍ നിയോഗിക്കാനാണ് തീരുമാനം.
- 155 views