കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വാർഡുതലത്തിൽ സംഘടിപ്പിച്ച ‘ഓക്സെല്ലോ ഫെസ്റ്റ്’ യുവതയുടെ ആഘോഷമായി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ‘ഓക്സെല്ലോ’ ക്യാമ്പയിന്റെ ഭാഗമായാണ് ഇന്നലെ(11-10-2025) വാർഡുതലത്തിൽ ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതുവഴി പുതിയ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും നിലവിലുള്ളവ പുന:സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ യുവതികളും പുതുതായി അംഗത്വമെടുത്തവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ 18, 19 തീയതികളിൽ നടക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ സി.ഡി.എസ്തല സംഗമത്തിനു മുന്നോടിയായിട്ടാണ് ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ ഓരോ വാർഡിലും ഒന്നു വീതം എന്ന കണക്കിലാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. പരമാവധി അമ്പത് പേർ വരെ ഉൾപ്പെടുന്നതായിരുന്നു ഓരോ ഗ്രൂപ്പും. എന്നാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലേതു പോലെ ആഴ്ച തോറുമുളള സമ്പാദ്യവും വായ്പയും ഉൾപ്പെടുന്ന സൂക്ഷ്മ സാമ്പത്തിക പ്രവർത്തനം ഓക്സിലറി ഗ്രൂപ്പുകൾക്ക് ഉണ്ടായിരുന്നില്ല. ഓക്സിലറി ഗ്രൂപ്പുകളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച ബൈലോ ഭേദഗതി ചെയ്തതു പ്രകാരം രണ്ടു വിധത്തിലാണ് ഇവയുടെ പ്രവർത്തനം. സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളും അല്ലാത്തവയും. പുതിയ ബൈലോ പ്രകാരം ഒരു ഗ്രൂപ്പിൽ 10-20 വരെ അംഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്താനാവുക. ഇതു പ്രകാരമാണ് നിലവിൽ ഇരുപത് പേരിൽ കൂടുതലുള്ള ഓക്സിലറി ഗ്രൂപ്പുകൾ പുന:സംഘടിപ്പിക്കുന്നത്. ഇതോടെ പല വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണം ഇരട്ടിയാകും എന്നാണ് പ്രതീക്ഷ. പുതിയ അംഗങ്ങളുടെ കടന്നു വരവും ഗ്രൂപ്പുകളുടെ എണ്ണം വർധിക്കാൻ സഹായകമാകും. നിലവിൽ പുതിയ കണക്കുകൾ പ്രകാരം ലഘുസമ്പാദ്യ നിക്ഷേപവും വായ്പാ സൗകര്യങ്ങളും ആവശ്യപ്പെടുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണമാണ് കൂടുതൽ.
ഓക്സെല്ലോ ഫെസ്റ്റ് സംസ്ഥാനത്ത് 19470 വാർഡുകളിലും ഇന്നലെ(11-12-2025) സംഘടിപ്പിക്കാനായിരുന്നു നിർദേശം. എങ്കിലും പൂർത്തിയാകാത്ത വാർഡുകളിൽ ഇന്നു(12-10-2025) കൂടി ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് വാർഡുതലത്തിൽ യുവതീ സംഗമം, ഓപ്പൺ ഫോറം, കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ, ജനപ്രതിനിധികൾ, നിലവിലുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഓക്സെല്ലോ ഫെസ്റ്റിന് നേതൃത്വം നൽകി.
- 34 views



