2023ല്‍ ലോക റെക്കോഡുകളുടെ തുടര്‍ നേട്ടവുമായി കുടുംബശ്രീ.

Posted on Wednesday, January 3, 2024
നൂതന ആശയങ്ങള് ഫലപ്രദമായി നടപ്പാക്കുന്ന പ്രവര്ത്തനമികവിന്റെ കരുത്തില് കുടുംബശ്രീ ഈ വര്ഷം നേടിയെടുത്തത് നാലു ലോക റെക്കോഡുകള്. ഓണത്തോടനുബന്ധിച്ച് തൃശൂര് ജില്ലാമിഷന്റെ നേതൃത്വത്തില് സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേള്ഡ് റെക്കോഡും ഏറ്റവുമൊടുവില് ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവര്ഗ വിഭാഗത്തില് പെട്ട വനിതകള് ചേര്ന്ന് ചെറുധാന്യങ്ങള് കൊണ്ട് ഏറ്റവും കൂടുതല് വൈവിധ്യാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ ഈ വര്ഷം ഇതുവരെ സ്വന്തമാക്കിയത്.
 
2023 ആഗസ്റ്റ് 30ന് തൃശൂര് കുട്ടനല്ലൂര് ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടില് 7027 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ ഏറ്റവും വലിയ കാന്വാസ് ചിത്രം എന്ന നേട്ടമായിരുന്നു രണ്ടാമത്തേത്. കഴിഞ്ഞ ഒക്ടോബറില് അട്ടപ്പാടിയിലെ 186 കുട്ടികള് ചേര്ന്ന് 720 അടി ദൈര്ഘ്യത്തില് വരച്ചൊരുക്കിയ ചിത്രം ആദിവാസി സമൂഹത്തിനാകെ അഭിമാനം പകര്ന്നു കൊണ്ടാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ ലോക റെക്കോഡ് കൈയ്യിലൊതുക്കിയത്. ആസ്പിറേഷണല് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ പ്രവര്ത്തനം ഈ വര്ഷത്തെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്.
 
2023 ഡിസംബര് 21 ന്എറണാകുളം കലൂര് ജെവഹര്ലാല് നെഹ്‌റു സ്റ്റേഡിയത്തില് ആരംഭിച്ച ദേശീയ സരസ് മേളയോടനുബന്ധിച്ചാണ് രണ്ടു ലോക റെക്കോഡുകള്. ഡിസംബര് 24ന് 504 വനിതകള് ചേര്ന്ന വതരിപ്പിച്ച ചവിട്ടു നാടകം ഏറ്റവും കൂടുതല് വനിതകള് പങ്കെടുത്ത ചവിട്ടു നാടകം എന്ന ടാലന്റ് റെക്കോഡ് കുടുംബശ്രീക്ക് നേടിക്കൊടുത്തു. കുടുംബശ്രീയുടെ കാല്നൂറ്റാണ്ട് കാലത്തെ വികസന ചരിത്രമായിരുന്നു പ്രമേയം. ഡിസംബര് 29ന് അട്ടപ്പാടിയിലെയും എറണാകുളം ജില്ലയിലെയും പട്ടികവര്ഗ മേഖലയിലെ എണ്പതോളം വനിതകള് ചേര്ന്നു ചെറുധാന്യങ്ങള് കൊണ്ടു 501 വൈവിധ്യമാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനു ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡും ലഭിച്ചു.
 
ഒക്ടോബര് ഒന്നിന് കുടുംബശ്രീയുടെ നേതൃത്വത്തില് ആരംഭിച്ച 'തിരികെ സ്‌കൂളില്' ക്യാമ്പെയ്ന് വഴി ചുരുങ്ങിയ സമയത്തിനുളളില് ഏറ്റവും കൂടുതല് പേര്ക്ക് പരിശീലനം നല്കാന് കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാര്ഡ് എന്നിവയും കുടുംബശ്രീ പ്രതീക്ഷിക്കുന്നു. പുരസ്‌കാര നിര്ണയത്തിന്റെ ഭാഗമായി ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് നിരീക്ഷിക്കാനും വിലയിരുത്തുന്നതിനുമായി ഒഫീഷ്യല്സ് 28ന് തൃശൂര് ജില്ല സന്ദര്ശിച്ചിരുന്നു. ഇതുവരെ 37 ലക്ഷം വനിതകള്ക്ക് പരിശീലനം നല്കിയിട്ടുണ്ട്. ലിംകാ ബുക്ക്‌സ് ഓഫ് അവാര്ഡിലും ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
Content highlight
4 world records for kudumbashree in 2023