കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായുള്ള പിങ്ക് കഫേ കൊല്ലം ജില്ലയിലും. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഡിപ്പോ ഗ്യാരേജിലാണ് ജില്ലയിലെ ആദ്യ പിങ്ക് കഫേ ആരംഭിച്ചത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഫേയുടെ ഉദ്ഘാടനം ഇന്നലെ (19-12-2021) നിര്‍വഹിച്ചു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ കെ.എസ്.ആര്‍.ടി.സി ബസ്, ഒരേ സമയം 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കഫേയാക്കി മാറ്റുകയായിരുന്നു. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് കഫേ പ്രവര്‍ത്തിക്കുന്നത്. പിന്നീട് 24 മണിക്കൂറാക്കും. മത്സ്യ വിഭവങ്ങളടങ്ങുന്ന നോണ്‍ വെജ് വിഭവങ്ങളും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളടങ്ങിയ ലഘുഭക്ഷണ വിഭവങ്ങളുമെല്ലാം കഫേയില്‍ ലഭ്യമാണ്. നീരാവില്‍ നിന്നുള്ള കുടുംബശ്രീ സംരംഭക സംഘമായ 'കായല്‍ക്കൂട്ട്' ആണ് കഫേയുടെ ചുക്കാന്‍ പിടിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍. അജു സ്വാഗതം ആശംസിച്ചു. ആര്‍.മനേഷ് (ഡി.ടി.ഒ), നീരാവില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു റാണി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബീമ, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് 2020 നവംബര്‍ മാസത്തില്‍ കുടുംബശ്രീ ആദ്യ പിങ്ക് കഫേയ്ക്ക് തുടക്കമിട്ടത്.
- 31 views
Content highlight
pinkcafe in kollam