കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം

Posted on Wednesday, March 30, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സരസ് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സന്ദർശകരെ വരവേൽക്കാൻ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതിൽ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതിൽ 62 എണ്ണം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സരസ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സംരംഭകരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിൽ ലഭിക്കുക.

15000 ചതുരശ്ര അടിയിൽ തീർത്തിട്ടുള്ള ഇന്ത്യാ ഫുഡ് കോർട്ടാണ് സരസ് മേളയുടെ മറ്റൊരാകർഷണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേർന്ന് മുന്നൂറിലേറെ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളും ഫുഡ് കോർട്ടിൽ പങ്കെടുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവർത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും എല്ലാ ദിവസവും വേദിയിൽ അരങ്ങേറും.

ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ പ്ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശിൽപ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്കാരവും നിശാഗന്ധിയിൽ അരങ്ങേറും. പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറയും.

Content highlight
National Saras Mela 2022 from today onwards