പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സ്നേഹിത കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിച്ചു. സുഹൃത്ത് എന്ന അര്‍ത്ഥം വരുന്ന സഖേയ എന്ന പേരിലാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്കുന്നതിനായുള്ള ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ ആറിന് തളിപ്പറമ്പയിലെ ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ നടന്നു.
മാസത്തില്‍ രണ്ട് തവണ വീതം കൗണ്‍സിലിങ് നല്‍കുന്നതിനായി സ്നേഹിത പ്രവര്‍ത്തകര്‍ ഹോസ്റ്റലുകളില്‍ എത്തും. ശരിയായ വഴി തെരഞ്ഞെടുത്ത് കുട്ടികളെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുകയാണ് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യം കൈമാറുന്നത് തടയുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പദ്ധതിയായ ബാലസഭകള് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാനും പദ്ധതിയുണ്ട്. കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി അത് വികസിപ്പിക്കാനും ഇതുവഴി കഴിയും. കൗണ്‍സിലിങ് നല്‍കുന്നതിനൊപ്പം വ്യക്തിത്വ വികസന പരിശീലനവും നല്‍കും. ഇതാദ്യമായാണ് കുടുംബശ്രീ ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 18004250717 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനങ്ങള്‍ തേടാനാകും.
- 75 views