കോവിഡ് -19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുകയാണ് വയനാട് ജില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താനുള്ള സഹായം ജില്ലാ ഭരണകൂടത്തിന് ഇപ്പോള്‍ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന ചെയ്തു നല്‍കി വരുന്നു. ജില്ലയില്‍ ക്വാറന്റൈന്‍ ലംഘനം വ്യാപകമാകുകയും അത് ഒരു പ്രധാന പ്രശ്‌നമായിത്തീരുകയും ചെയ്തിരുന്നു. കാവിഡ് പോസിറ്റീവായ രോഗികളും അവരുടെ സമ്പര്‍ക്കത്തിലുള്ളവരും നടത്തുന്ന ക്വാറന്റൈന്‍ ലംഘനവും ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം റിസല്‍റ്റ് വരുന്നതിനിടയില്‍ നടത്തുന്ന ക്വാറന്റൈന്‍ ലംഘനവുമാണ് വര്‍ദ്ധിച്ചുവന്നത്. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും അത് ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുമാണ് കുടുംബശ്രീ സംവിധാനം മുഖേന ചെയ്യുന്നത്.
ക്വാറന്റൈന്‍ ലംഘനം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മീറ്റിങ്ങില്‍ ഉയര്‍ന്നുവന്നപ്പോഴാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടം മുതലുള്ള സംഘടനാ സംവിധാനത്തിന് പോലീസിനെ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താന്‍ സഹായിക്കാനാകുമെന്ന് വയനാട് കുടുംബശ്രീ ടീം അറിയിച്ചത്. എല്ലാ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കഴിഞ്ഞവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ് ലഭിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വേര്‍തിരിച്ച്, ബന്ധപ്പെട്ട എ.ഡി.എസി-ന് നല്‍കുന്നു. അവിടെ നിന്ന് അയല്‍ക്കൂട്ട സെക്രട്ടറിമാരെ വിശദാംശങ്ങള്‍ അറിയിക്കുന്നു. ടെസ്റ്റ് നടത്തിയവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അവര്‍ ഉറപ്പുവരുത്തുന്നു, ലംഘനം നടന്നാല്‍ ഗൂഗിള്‍ ഫോം വഴി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുന്നു. പോലീസ് നിയമനടപടികളും കൈക്കൊള്ളുന്നു.
കൂടാതെ ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് എല്ലാവിധത്തിലുമുള്ള സഹായങ്ങളും കുടുംബശ്രീ അംഗങ്ങള്‍ നല്‍കി വരുന്നു. ജില്ലയിലെ ആദിവാസി കോളനികള്‍ ആനിമേറ്റര്‍മാരുടെയും എ.ഡി.എസിന്റെയും പ്രത്യേക നിരീക്ഷണത്തിലുമാണ്. കൂടാതെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവം. എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 8 വരെ എ.ഡി.എം, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവലോകന യോഗവും നടത്തുന്നു.
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നിരവധിയായ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിത്തുടങ്ങിയ കാലം മുതല്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. ബോധവത്ക്കരണ പരിപാടികള്‍, മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം, കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പ്, വായ്പാ വിതരണം… എന്നിങ്ങനെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്.
അതേസമയം ഓരോ ജില്ലകളും വ്യത്യസ്തങ്ങളായ ആവശ്യകതകള്‍ അനുസരിച്ച് പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് ഒട്ടനവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങളില്‍ പലതും തുടര്‍ന്ന് വരികയും ചെയ്യുന്നു. ഇത്തരത്തില്‍ വയനാട് കുടുംബശ്രീ ടീമും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.