കാരുണ്യത്തിന്റെ 'കൈത്താങ്ങു'മായി മലപ്പുറം

Posted on Friday, November 10, 2023
അയല്ക്കൂട്ടാംഗങ്ങളിലേക്ക് മാത്രം ഒതുങ്ങി നില്ക്കാതെ സമൂഹത്തിലെ അശരണര്ക്കും ആലംബഹീനര്ക്കും സഹായമാവശ്യമുള്ള ഏവരിലേക്കും കാരുണ്യത്തിന്റെ കരങ്ങള് നീട്ടുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്, 'കൈത്താങ്ങി'ലൂടെ. നവംബര് ഒന്നിന് കേരളപ്പിറവി ദിനത്തില് ജില്ലയിലെ ആകെയുള്ള 111 സി.ഡി.എസുകളില് 90 സി.ഡി.എസുകളിലും ഈ പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില് ശേഷിക്കുന്ന സി.ഡി.എസുകളിലും പദ്ധതി ആരംഭിക്കും.
 
അടിയന്തര ആവശ്യങ്ങള് നിറവേറ്റുന്നതിനും അടിയന്തര ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുന്നതിനുമായുള്ള ജില്ലാ മിഷന്റെ തനത് പദ്ധതിയായ 'കൈത്താങ്ങി'ന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര് 16ന് തവനൂര് പഞ്ചായത്തില് സംഘടിപ്പിച്ച ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിര്വഹിച്ചിരുന്നു. പഞ്ചായത്തിലെ കാഴ്ച പരിമിതിയുള്ള ഒരു വിദ്യാര്ത്ഥിയുടെ ചികിത്സയുടെ ഭാഗമായി കാഴ്ച പരിമിതി മറികടക്കാനുള്ള പരിശീലനം നല്കുന്നതിന് ലാപ്‌ടോപ്പ് നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
 
എല്ലാ സി.ഡി.എസുകളില് നിന്നും കുറഞ്ഞത് ഓരോ ലക്ഷം രൂപ വീതമെങ്കിലും കൂട്ടിച്ചേര്ത്ത് 1.11 കോടി രൂപയുടെ ഫണ്ട് പ്രാഥമികമായി സമാഹരിച്ച് പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിട്ടിരിക്കുന്നത്. ആവശ്യക്കാര്ക്ക് സഹായം നൽകിയതിന് ശേഷം സി.ഡി.എസ് യോഗത്തിൽ അംഗീകാരം നേടിയാൽ മതിയാകും.
 
അയല്ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില് ഒട്ടേറെ സാമൂഹ്യ ഇടപെടലുകളും സന്നദ്ധ, ജീവകാരുണ്യ പ്രവര്ത്തനങ്ങളും ഓരോ വര്ഷവും കുടുംബശ്രീ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില് ഈ പ്രവര്ത്തനങ്ങള് ഏകീകൃതമാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും കൈത്താങ്ങിലൂടെ ജില്ലാമിഷന് ലക്ഷ്യമിടുന്നു.
Content highlight
Kudumbashree Malappuram District Mission lends the arms of mercy through 'Kaithangu'