ദേശീയ ശിൽപ്പശാല പ്രതിനിധികളുടെ രുചി മുകുളങ്ങളെ ഹരം പിടിപ്പിച്ച് 'കുടുംബശ്രീ' സംരംഭകർ!

Posted on Thursday, November 17, 2022
9 കുടുംബശ്രീ യൂണിറ്റുകൾ, പാചക സഹായത്തിനായി 100 ലേറെ പേർ, മേൽനോട്ടത്തിന് 20 ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ റിസേർച്ച് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്) പരിശീലകർ, എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിന് സമീപമുള്ള അകപ്പറമ്പിലെ മാർ അത്തനേഷ്യസ് ജൂബിലി മെമ്മോറിയൽ ഹാളിൽ പാചക പൊടിപൂരമായിരുന്നു.
 
നവംബര്‍ 14, 15, 16 തീയതികളിലായി സിയാലിൽ സംഘടിപ്പിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം ഗ്രാമ പഞ്ചായത്തുകളിൽ' എന്ന ദേശീയ ത്രിദിന ശിൽപ്പാശാലയിൽ പങ്കെടുക്കാനെത്തിയ 3000ത്തോളം പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കായിരുന്നു അവിടെ.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ച്‌ 'നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ' ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ പാചകം.
 
ദേശീയ ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ അഞ്ച് നേരങ്ങളിലായി ആകെ 13,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് തയാറാക്കി നൽകിയത്. ഇന്ന് നാല് നേരങ്ങളിലായി ആകെ 10,000 പേർക്കുള്ള ഭക്ഷണവും തയാറാക്കി നൽകി.
 
പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് മൂന്ന് വണ്ടികളിലാക്കി വേദിയിലേക്ക് എത്തിക്കുന്നു. ഭക്ഷണം സർവീസ് ചെയ്യുന്നതിനായി ഐഫ്രം പരിശീലനം നൽകിയ 85 കുടുംബശ്രീ അംഗങ്ങൾ സിയാലിലുണ്ടായിരുന്നു.
 
പനീർ ബട്ടർ മസാല, പുലാവ്, ദാൽ, വെജ് ജെൽഫ്രൈസ്, ആലൂ മട്ടർ, ഗ്രീൻ സാലഡ് എന്നീ വിഭവങ്ങൾക്കൊപ്പം ചിക്കൻ റോസ്റ്റ്, മീൻ കറി, ഫിഷ് ഫ്രൈ, മട്ടൺ റോസ്റ്റ്, പാലട, പരിപ്പ് പായസങ്ങൾ , ഉൾപ്പെടെയുള്ള നാടൻ സദ്യയായിരുന്നു ഉച്ചയ്ക്ക് തയാറാക്കി നൽകിയത്. ചിക്കൻ ചെട്ടിനാടും ദാൽ മഖനിയും കേരള പൊറോട്ടയും കപ്പയും ചമ്മന്തിയും കടായ് വെജ് കറിയും ട്രൈബൽ സ്പെഷ്യൽ വനസുന്ദരി ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു രണ്ടാം ദിനത്തെ ആകർഷണം. കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണത്തിന് ഏവരും 100ൽ 100 മാർക്കും നൽകുന്നു..
 
കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലയിലെ ഒരു യൂണിറ്റും (ബ്രിട്ടാന), എറണാകുളം ജില്ലയിലെ മൂന്ന് യൂണിറ്റുകളും ( സമൃദ്ധി, യുവശ്രീ, ബിസ്മി), കോഴിക്കോട് ജില്ലയിലെ രണ്ട് യൂണിറ്റുകളും (ശ്രേയസ്, സൗപർണ്ണിക) തൃശ്ശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഒരോ യൂണിറ്റ് വീതവുമാണ് (ശ്രീമുരുഗ, കഫെ, ട്രൈബൽ) ഈ കാറ്ററിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
 
 
national

 

Content highlight
kudumbashree cafe units won the hearts of delegates of National workshop through lip smacking delicacies