ഒരുമയ്ക്ക് ഒരു കുട അകലം' ക്യാമ്പെയ്ന്‍ മുഖേന അരക്കോടി രൂപയുടെ കുടവില്‍പ്പന

Posted on Thursday, August 13, 2020

സാമൂഹിക അകലം പാലിക്കുന്നതിന്റെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമയ്ക്ക് ഒരു കുട അകലം എന്ന ക്യാമ്പെയ്ന്‍ മുഖേന 55 ലക്ഷം രൂപയുടെ കുടവില്‍പ്പന നടന്നു. കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കുടകള്‍ ഓര്‍ഡര്‍ അനുസരിച്ച് എല്ലാ സിഡിഎസുകളിലുമെത്തിക്കുകയും സിഡിഎസുകളുടെ നേതൃത്വത്തില്‍ ഈ കുടകള്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ഒരുമയ്ക്ക് ഒരു കുട അകലം എന്ന ആഹ്വാനം എല്ലാ സിഡിഎസുകളോടും നടത്തിയപ്പോള്‍ ഏറെ താത്പര്യത്തോടെ അവര്‍ മുന്നോട്ട് വരികയായിരുന്നു.
  കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. സിഡിഎസുകള്‍ ആവശ്യക്കാരായ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുടകള്‍ നല്‍കുന്നു. 3 ഫോള്‍ഡ്, 2 ഫോള്‍ഡ്, കിഡ്സ്, ജെന്റ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത തരത്തിലുള്ള കുടകളാണ് ഇങ്ങനെ നല്‍കുന്നത്. കുടയുടെ തുക 12 ആഴ്ചകൊണ്ട് അയല്‍ക്കൂട്ടാംഗം സിഡിഎസില്‍ അടച്ചാല്‍ മതിയാകും. ഈ തുക സംസ്ഥാന മിഷനിലേക്ക് ലഭ്യമാക്കുകയും അതാത് യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
  മേയ് മാസത്തില്‍ ആരംഭിച്ച ഈ ക്യാമ്പെയ്ന്‍ മുഖേന ഇതുവരെ 20,384 കുടകളുടെ വില്‍പ്പനയാണ് 678 സിഡിഎസുകള്‍ മുഖേന നടത്തിയത്. ആകെ 55 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇത്രയും തുകയുടെ വില്‍പ്പന നടത്തി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നത് കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്ക്കരണം നടത്താനും ഈ ക്യാമ്പെയ്ന്‍ മുഖേന കഴിഞ്ഞു.

 

Content highlight
കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു