ഡാര്‍ജിലിങ് സരസ് ഫെയറില്‍ മികച്ച പ്രകടനവുമായി കുടുംബശ്രീ യൂണിറ്റുകള്‍

Posted on Wednesday, February 12, 2020

പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഡാര്‍ജിലിങ് സരസ് മേളയില്‍ മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ യൂണിറ്റുകള്‍. ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിച്ച മേളയില്‍ ബെസ്റ്റ് പെര്‍ഫോമിങ് സ്‌റ്റേറ്റ് അവാര്‍ഡ് കേരളത്തിന് വേണ്ടി കുടുംബശ്രീ സ്വന്തമാക്കി. ഇടുക്കിയില്‍ നിന്നുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ (എംഇസി) അനിത ജോഷിയും സ്മിത ഷാജിയും അവാര്‍ഡ് ഏറ്റുവാങ്ങി. നാല് കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡാര്‍ജിലിങ് സരസ്‌മേള 2020ല്‍ പങ്കെടുത്തത്. കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുമുണ്ടായിരുന്നു.

  കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഇരുമ്പ് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന എറണാകുളത്ത് നിന്നുള്ള ഒരു യൂണിറ്റും മലപ്പുറത്ത് നിന്നുള്ള മറ്റൊരു യൂണിറ്റും മേളയില്‍ പഹ്‌കെടുത്തു. ഒഡീഷ സരസ്‌മേളയില്‍ മികച്ച പ്രകടനത്തിനുള്ള ബഹുമതി കുടംബശ്രീ കഫേ യൂണിറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ സമ്പന്നമായ സാംസ്‌ക്കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വിധത്തിലായിരുന്നു സരസ് മേള സംഘടിപ്പിച്ചത്. ഇത് മുഖേന വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

 

Content highlight
കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്.