എറണാകുളം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആവശ്യമായ മുഴുവൻ പേർക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനായി പത്തു കമ്മ്യൂണിറ്റി കിച്ചണുകൾ കൂടി നാളെ (31-03-2020) മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനം ആരംഭിക്കും. കൊച്ചി കോർപ്പറേഷനാണ് പത്ത് കിച്ചണുകൾ കൂടി തുടങ്ങാൻ കുടുംബശ്രീയെ ഏൽപിച്ചത്. നഗരസഭയിലാകും ഇവ പ്രവർത്തിക്കുക. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.
ജില്ലയിൽ നിലവിൽ 101 സി.ഡി.എസുകളിലായി 98 കമ്മ്യൂണിറ്റി കിച്ചണുകളുണ്ട്. കോർപ്പറേഷൻ ഏൽപിച്ച പത്തെണ്ണം കൂടി ചേരുമ്പോൾ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം ആകെ 108 ആകും. അതിഥി തൊഴിലാളികൾ ഏറെയുളള ജില്ലയിലെ പെരുമ്പാവൂർ, ആലുവ, വെങ്ങോല, രായമംഗലം, രാമമംഗലം, പല്ലേരിമംഗലം, വായിത്ര, നെല്ലിക്കുഴി, വാഴക്കുളം, എന്നിവിടങ്ങളിലും കൂടാതെ ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോഡ്ജുകളിലും വീടുകളിലും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ആരും തുണയില്ലാത്തവർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഭക്ഷണം നൽകുന്നത്. ബ്രേക്ക്ഫാസ്ററും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും നൽകുന്നു. അപ്പവും മുട്ടക്കറിയുമാണ് ബ്രേക്ക്ഫാസ്റ്റിന്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയുൾപ്പെടുന്നതാണ് ഉച്ചഭക്ഷണം. രാത്രിയിൽ ചപ്പാത്തിയും കറിയും നൽകുന്നു.
ഇന്ന് കൗണ്ടറുകൾ വഴി 126ഉം, സൗജന്യമായി 435 ഉം പേർക്കും ബ്രേക്ക് ഫാസ്റ്റ് ലഭ്യമാക്കി. ഉച്ചഭക്ഷണം കൗണ്ടറുകൾ വഴി 4713 പേർക്കും 941 പേർക്ക് ഹോംഡെലിവറിയായും 11,448 പേർക്ക് സൗജന്യമായും വിതരണം ചെയ്തു. രാത്രിഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ യൂണിറ്റുകൾ വഴി 2795 പേർക്കും 65 പേർക്ക് ഹോംഡെലിവറിയായും സൗജന്യമായി 5182 പേർക്കും ലഭ്യമാക്കി. ആകെ 24,703 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
ഇന്നലെ 12,000 പേർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ഇതിൽ 9000 പേർക്ക് സൗജന്യമായും 3000 പേർക്ക് ജനകീയ ഹോട്ടൽ മാതൃകയിൽ 20 രൂപ നിരക്കിലും ഭക്ഷണം വിതരണം ചെയ്തു. ഐസോലേഷൻ കേന്ദ്രങ്ങളിലും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, അസി.കോ-ഓർഡിനേറ്റർമാർ, ബ്ളോക്ക് കോ-ഓർഡിനേറ്റർമാർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ സർവീസ് പ്രൊവൈഡർമാർ, കൗൺസിലർമാർ, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർമാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ എന്നിവർക്കാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല. ഓരോ പ്രദേശത്തുമുള്ള കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല അതത് സ്ഥലത്ത് താമസിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർക്കാണ്. ഇവർ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഏതെങ്കിലും സ്ഥലത്ത് നിന്നു ഭക്ഷണം ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് പ്രദേശത്തെ ചാർജ് ഓഫീസറുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. പ്രാദേശികമായി സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് ജില്ലയിലെ കുടുംബശ്രീ കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ്. ഇവരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആക്ടിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് അവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
- 29 views



