പ്ളാസ്റ്റിക്കിലും പാഴ്വസ്തുക്കളിലും സൗന്ദര്യം തേടി ഹരിതകര്‍മ സേനാംഗങ്ങള്‍

Posted on Sunday, March 30, 2025

മാലിന്യ ശേഖരണം വഴി ലഭിക്കുന്ന പ്ളാസ്റ്റിക്കില്‍ നിന്നും മറ്റ് പാഴ്വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കി ഭേദപ്പെട്ട വരുമാനം നേടുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അശ്വതി പി.മോനിയും എബിയയും. പ്ളാസ്റ്റിക് കുപ്പിയും പാഴ് വസ്തുക്കളും കാണുമ്പോള്‍ അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ശില്‍പഭംഗിയാണ് ഇവരുവരുടേയും മനസിലേക്ക് ആദ്യമെത്തുക.

 കരവിരുതിന്‍റെ മികവില്‍ പാഴ്വസ്തുക്കളില്‍ നിന്നും ആകര്‍ഷകമായ നിരവധി വസ്തുക്കളാണ് സഹോദര ഭാര്യമാരായ ഈ മിടുക്കികള്‍  നിര്‍മിക്കുന്നത്. അശ്വതി പത്തു വര്‍ഷത്തിലേറെയായി മാലിന്യത്തില്‍ നിന്നും ഉപയോഗ ശൂന്യമായ  പാഴ് വസ്തുക്കളില്‍ നിന്നും  കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.  ഇപ്പോള്‍ ഒന്നര വര്‍ഷമായി ഹരിതകര്‍മസേനാംഗമായി പ്രവര്‍ത്തിക്കുന്നു. ഉപയോഗ ശൂന്യമായ കുപ്പികള്‍ ഉപയോഗിച്ച് വര്‍ണാഭമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് അശ്വതിക്ക് താല്‍പര്യം. ആദ്യമൊക്കെ വഴിയരികില്‍ ആളുകള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് ബോട്ടില്‍ ആര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അജൈവമാലിന്യ ശേഖരണം വഴി ലഭിക്കുന്ന കുപ്പികളും ഇതിനായി ഉപയോഗിക്കുന്നു.   സമീപ കാലത്ത് ബോട്ടില്‍ ആര്‍ട്ടിന് ലഭിച്ച പ്രിയമാണ് അശ്വതിക്ക് തുണയാകുന്നത്. ഗിഫ്റ്റ് നല്‍കാനായി നിരവധി ആളുകള്‍ ഇവ വാങ്ങാറുണ്ട്. മാലിന്യശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീക്ക് പുറമേ ബോട്ടില്‍ ആര്‍ട്ട് വഴി അധിക വരുമാനം നേടാനും കഴിയുന്നുണ്ടെന്ന് അശ്വതി പറയുന്നു.  

ഹരിതകര്‍മ സേനാംഗമായ എബിയയും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധയാണ്. വീടുകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നും പുന:ചംക്രമണ യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയാണ് എബിയ. പിസ്താ ഷെല്‍, പുനരുപയോഗ സാധ്യതയുള്ള പ്ളാസ്റ്റിക് കുപ്പികള്‍, പ്ളാസ്റ്റിക് നെറ്റുകള്‍, കവറുകള്‍ തുടങ്ങിയവ കൊണ്ടാണ് ഉല്‍പന്ന നിര്‍മാണം.  ചവിട്ടി, ഫ്ളവര്‍വേസ്, ഡ്രീം കാച്ചര്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് എബിയ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍. വരുമാന ലഭ്യതയ്ക്ക് പുറമേ മാലിന്യത്തിന്‍റെ തോതു കുറയ്ക്കാനുള്ള പരീക്ഷണം കൂടിയാവുകയാണ് സഹോദര ഭാര്യമാരായ ഇവരുടെ പ്രയത്നങ്ങള്‍.

Content highlight
hks klm