ഇഷ്ട സമ്മാനങ്ങള്‍ കൈകൊണ്ട് നെയ്ത് നല്‍കി വരുമാനം കണ്ടെത്തി കാസര്‍ഗോഡുള്ള ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥിനികള്‍

Posted on Tuesday, October 12, 2021

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ സമ്മാനിക്കാന്‍ അതിമനോഹരമായ സമ്മാനങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അത് തയാറാക്കി നല്‍കി കോവിഡ്-19 പ്രതിസന്ധിക്കിടെ മികച്ച വരുമാനം നേടുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥികള്‍.
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു- ജി.കെ.വൈ യിലെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്, പെരിയ എസ്.എന്‍ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിവയരാണ് ഈ വിദ്യാര്‍ത്ഥികള്‍. ഹാന്‍ഡ് എംബ്രോയിഡറിയാണ് ഇവര്‍ ചെയ്ത് നല്‍കുന്നത്. ജന്മദിനത്തിനും വിവാഹത്തിനും നല്‍കുന്നതിനായുള്ള ഓര്‍ഡറുകളാണ് ഇവര്‍ക്ക് പ്രധാനമായും ലഭിക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ കോളേജ് അടച്ചപ്പോള്‍ ലഭിച്ച ഒഴിവ്കാലത്ത് നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന ശരാശരി 10,000 രൂപയാണ് മാസവരുമാനമായി ഇവര്‍ നേടിയത്.

കാസര്‍ഗോഡ് ജില്ലയിലെ  ഗ്രാമീണ മേഖലയില്‍ നിന്നുള്ള 24 പെണ്‍കുട്ടികളാണ് ഈ ടീമിലുള്ളത്. അസിരിഫ പി.എ, അതുല്യ. സി, അതുല്യ കെ.എം. അയിഷ ത്രുമൈസ, ദേവിക. കെ, ഫാത്തിമത്ത് ഷാല സിരിന്‍ ടി.എച്ച്, ഹരിപ്രിയ. പി, കൈറുന്നിസ എം.എ, കാവ്യ. കെ, മറിയമത്ത് തസ്‌നിയ, മിഷ്വാന മുഹമ്മദ്, നജുമുന്നിസ, സഫൂറ മുനീസ നസ്രീന, ഫരീന ടി.എ, രജില പി.കെ, രഞ്ജിത എസ്, റീജ. ടി, രേഷ്മ പി.എന്‍, ഷമീര ഫഹിം, സീമ. കെ, ശ്രീമോള്‍. വി, ശ്രീശാന്തി. സി, സുജാത ഒ.എസ്, സുജിത്ര പി എന്നിവരാണിവര്‍. കോളേജിലെ പരിശീലകരാണ് കൈകൊണ്ട് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ തയാറാക്കി നല്‍കുകയെന്ന ആശയം മുന്നോട്ടുവച്ചത്. 400 രൂപ മുതലാണ് എംബ്രോയിഡറി ഹൂപ്പിന്റെ വില. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനായി ചെലവഴിക്കേണ്ടി വരുന്ന സമയവും പ്രയത്‌നവും അനുസരിച്ചാണ് വില നിശ്ചയിക്കുക. സാധാരണയായി സിംഗിള്‍ ഹൂപ്പ് പൂര്‍ത്തിയാക്കാന്‍ ഒന്നരദിവസമാണ് എടുക്കുക.

  ഒരു മാസത്തെ ഓണ്‍ ദ ജോബ് പരിശീലനത്തിന് ശേഷം നവംബര്‍ മാസത്തോടെ ഫാഷന്‍ ഡിസൈനിങ്ങ് മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് ഇത് ഒരു അധിക വരുമാനമാണ്. ഓര്‍ഡറുകള്‍ നേടുന്നതിനായി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളും ഇവരില്‍ ചിലര്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓര്‍ഡറുകള്‍ ലഭിക്കുന്നു. എംബ്രോയിഡറി ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇവരെ നേരിട്ട് വിളിക്കാനുമാകും. ചില മേളകളിലും ഈ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകകയും ചെയ്തു. ചിലര്‍ ബോട്ടില്‍ ആര്‍ട്ടും ചിലര്‍ വിവാഹത്തിനുള്ള ബ്ലൗസ് തയ്ച്ച് നല്‍കുകയും ചെയ്യുന്നു.

 

Content highlight
DDU-GKY students from Kasaragod earning income by making customised handmade giftsml