വയനാട് ജില്ലയുടെ വിശദമായ ചരിത്രം പുസ്തക രൂപത്തില്‍ തയാറാക്കി ജില്ലയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്. 'ചരിത്രമുറങ്ങുന്ന വയനാട്' എന്ന പേരില്‍ രണ്ട് വോള്യങ്ങളിലായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, നവംബര്‍ രണ്ടിന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന് കല്‍പ്പറ്റ നാരായണന്, ചരിത്രകാരന് ഒ.കെ. ജോണിക്ക് നല്കി നിര്‍വഹിച്ചു.
2017ല്‍ ബാലസഭാംഗങ്ങള്‍ക്കായി നടത്തിയ 'നാടറിയാന്‍' ക്യാമ്പെയ്ന് ശേഷമാണ് വയനാടിന്റെ ചരിത്രം ഉള്‍പ്പെടുന്ന ഒരു പുസ്തകം തയാറാക്കണമെന്ന തീരുമാനം ജില്ലാ മിഷന് കൈക്കൊണ്ടത്. ഇതിനായി പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ഉപദേശക സമിതിയും നാല് ബാലസഭാംഗങ്ങളും ഒമ്പത് മുന്‍ അധ്യാപകരും ഉള്‍പ്പെടുന്ന എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു. ബാലസഭ റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും ചരിത്രം പ്രമുഖ വ്യക്തികളുടെയും, പുസ്തകങ്ങളുടെയും സഹായത്തോടെ ശേഖരിക്കുകയായിരുന്നു.
ആകെ 970 പേജുകളുള്ള പുസ്തകത്തില്‍ 20 വിഷയങ്ങളിലായി 20 അധ്യായങ്ങളാണുള്ളത്. ആദ്യ വോള്യത്തില്‍ പാരിസ്ഥിതിക ചരിത്രം, ഭരണചരിത്രം, വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങള്‍, ജനങ്ങളും ജീവിതവും, കാര്‍ഷിക ഭൂമിക, വാണിജ്യപാതകളുടെ വികാസം, വ്യാപാര വാണിജ്യ വികസന വഴികള്‍, സമ്പദ്ഘടനയുടെ വളര്‍ച്ചാ പടവുകള്‍, വയനാടിന്റെ പൈതൃക സമ്പന്നത, സാംസ്ക്കാരിക സ്ഥാപനങ്ങളുടെ ചരിത്രവഴികള്‍ എന്നീ അധ്യായങ്ങളാണുള്ളത്.
വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, തോട്ടം തൊഴിലാളികളുടെ ഇന്നലെകള്‍, വയനാടിന്റെ സാംസ്ക്കാരിക ചരിത്ര പടവുകള്‍, ഗോത്രഭൂമികളിലെ സാംസ്ക്കാരിക തനിമകള്‍, വയനാടന്‍ തനിമകള്‍, ഗോത്രപ്പെരുമയുടെ പെരുമ്പറ മുഴക്കങ്ങള്‍- കലാ- സാഹിത്യ മണ്ഡലങ്ങളിലൂടെ, വയനാടന്‍ ചരിത്രത്തില്‍ അടയാളം കുറിച്ചവര്‍, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍, സ്ഥലനാമോല്പ്പത്തി ചരിത്രം, കുടുംബശ്രീയുടെ ചരിത്രം എന്നീ അധ്യായങ്ങള്‍ രണ്ടാമത്തെ വോള്യത്തിലും.
കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സാജിതയാണ് പുസ്തകത്തിന്റെ മാനേജിങ് എഡിറ്റര്‍. സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ സി.കെ. പവിത്രനും വയനാട് ജില്ലാ പ്രോഗാം മാനേജര്‍ കെ.ജെ. ബിജോയിയുമാണ് ചീഫ് എഡിറ്റര്‍മാര്‍. വാസു പ്രദീപ് (വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍), സി.എസ്. ശ്രീജിത്ത്, ഡോ. കെ. രമേശന്, കെ. അശോക് കുമാര്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഡോ. സുമ വിഷ്ണുദാസ്, പി.സി. മാത്യു, എ. ശിവദാസന്‍, വി.വി. പാര്‍വതി, ശിവന് പളളിപ്പാട്, സി.എം. സുമേഷ്, ഷാജി പുല്‍പ്പള്ളി, ബാലസഭാംഗങ്ങളായ പി.എസ് സാനിയ, ആഭാ ലക്ഷ്മി, സാന്ദ്ര സജീവന്, റാണി പൗലോസ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും.
- 270 views