പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവനവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായാണ് ഭക്ഷ്യവനം തയാറാക്കുന്നത്. ആദിവാസി മേഖലയില്‍ കേരളത്തിലെ ആദ്യത്തെ ഭക്ഷ്യവനമാണ് അട്ടപ്പാടിയിലേത്.
അട്ടപ്പാടിയിലെ 192 ഊരുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജൈവ വൈവിധ്യവും തനത് വിളകളും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഊരുകളിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട അംഗങ്ങളുടെയും വനിതാ കര്‍ഷകരുടെയും നേതൃത്തില്‍ ഫലവൃക്ഷ തൈകള്‍, ഭക്ഷ്യ വിളകള്‍, ജൈവ വേലികള്‍ എന്നിവ നട്ടുപിടിപ്പിക്കുക, ഇവ മികച്ച രീതിയില്‍ പരിപാലിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ഊരുകള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്ത് തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കാര്‍ഷികാനുബന്ധ മേഖലയിലെ ഉപജീവന സാധ്യത പ്രയോജനപ്പെടുത്താനും ഇത് മുഖേന കഴിയുന്നു.
അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്. അട്ടപ്പാടി പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 812 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്റ് ലയബിളിറ്റി ഗ്രൂപ്പ്) വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. ഭക്ഷ്യവനം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളും തൈ നേഴ്സറികള്‍ അടങ്ങുന്ന ഉപജീവന മാര്‍ഗ്ഗങ്ങളും അട്ടപ്പാടി മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. കൃഷിയുടെ പുനരുജ്ജീവനത്തിനും മണ്ണിന്റെയും സസ്യാവരണത്തിന്റെയും പരിരക്ഷണത്തിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
- 26 views