കുരുന്നു കൈകള്‍ വിതച്ചതില്‍ നൂറു മേനി വിളവ്

Posted on Monday, December 9, 2019

കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭാ കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്നതിനും വിഷരഹിത പച്ചക്കറികള്‍, അരി എന്നിവ ഉത്പാദിപ്പിക്കുന്നതിനും അത് വഴി മഴവെള്ള സംരക്ഷണം, ജൈവ സമ്പത്ത് സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ ആശയങ്ങള്‍ ഉറപ്പിക്കുന്നതിനുമായി ജില്ലയിലെ മുഴുവന്‍ സിഡിഎസ് കളിലും ലഭ്യമായ സ്ഥലത്ത് ബാലസഭാ കുട്ടികളുടെ നേതൃത്വത്തില്‍ ബാലകൃഷി നടത്തുകയുണ്ടായി. മിക്കയിടങ്ങളിലും കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ വിനോദ വേളകളിലെ അധ്വാനം പാഴാവുകയുണ്ടായി. എന്നാല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ ഇത് മികവുറ്റതാവുകയും ചെയ്തു.

  ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പെരുമ്പള പട്ടേരി തറവാട് പരിസരത്താണ്  8 സെന്റ് സ്ഥലത്ത് ബാലസഭയിലെ 14 മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് നെല്‍ക്കൃഷി തുടങ്ങുവാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലെ കളിസമയങ്ങളിലും അവര്‍ ചെളിയും മണ്ണും നിറഞ്ഞ പാടവരമ്പിലേക്ക് ഇറങ്ങി. ഇത് ഒരു കൂട്ടായ്മയുടെ തുടക്കമായിരുന്നു. ഓരോ നെല്‍ച്ചെടിയുടെയും വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിച്ചു. ഓരോ ചെടിയും കതിര്‍ വിരിയുമ്പോഴുള്ള സന്തോഷം കുഞ്ഞുമനസ്സുകളില്‍ അലതല്ലി. വീട്ടിലും സ്‌കൂളുകളിലും ബാലകൃഷിയുടെ നല്ല പാഠങ്ങള്‍ സുഹൃത്തുക്കളുമായി അവര്‍ പങ്കുവെച്ചു. ജില്ലാമിഷനും, സിഡിഎസും, നാട്ടുകാരും പ്രോത്സാഹിപ്പിച്ചപ്പോള്‍ പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷി വിളവെടുപ്പ് നടന്നു. കുരുന്നു കരങ്ങള്‍ പാടത്തു കൃഷിക്കിറങ്ങിയപ്പോള്‍ വിരിഞ്ഞു വന്നത് നൂറുമേനി വിളവ്. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം കണ്ട പഞ്ചായത്ത് പ്രതിനിധികളും, കുടുംബശ്രീ പ്രതിനിധികളും കുട്ടിക്കൂട്ടത്തിന്റെ വിളവെടുപ്പിനു താല്പര്യത്തോടെ എത്തി.  8 സെന്റ് സ്ഥലത്ത് വിളവെടുത്ത നെല്ലില്‍ നിന്നും  96 കിലോഗ്രാം അരി ഉത്പാദനം നടത്തുവാന്‍ ബാലകൃഷിയിലൂടെ കുട്ടി കര്‍ഷകര്‍ക്ക് സാധിച്ചു.

 

Content highlight
8 സെന്റ് സ്ഥലത്ത് വിളവെടുത്ത നെല്ലില്‍ നിന്നും 96 കിലോഗ്രാം അരി ഉത്പാദനം നടത്തുവാന്‍ ബാലകൃഷിയിലൂടെ കുട്ടി കര്‍ഷകര്‍ക്ക് സാധിച്ചു. വിളവെടുപ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.