ഐടിഐകളില്‍ ക്യാന്റീന്‍ നടത്തിപ്പിനും കുടുംബശ്രീ

Posted on Thursday, August 13, 2020

കേരളത്തിലെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എല്ലാ ഐടിഐകളിലും ക്യാന്റീന്‍ നടത്താനായി കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് (സ.ഉ(കൈ) നം.29/2020/തൊഴില്‍) പ്രകാരമാണ് കേരളത്തിലുള്ള 96 ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോഷകാഹാര /ഉച്ചഭക്ഷണ പദ്ധതി നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഇതുവഴി ഈ ഐടിഐകളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമുണ്ടാകുകയും കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള വഴി തെളിയുകയും ചെയ്തിരിക്കുകയാണ്.
  ഈ ഉത്തരവ് അനുസരിച്ച് 82 ഐടിഐകളിലെ പോഷകാഹാര പദ്ധതി നടത്തിപ്പും 14 ഐടിഐകളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക. 30,000 പരിശീലനാര്‍ത്ഥികളാണ് പോഷകാഹാര പദ്ധതിയുടെ ഭാഗമാകുന്നത്. 6000ത്തോളം പരിശീലനാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെയും. പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് 15 രൂപയും ഉച്ചഭക്ഷണ നടത്തിപ്പിന് 500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.
 ഈ ഉത്തരവ് ലഭിക്കുന്നത് വഴി കാറ്ററിങ് മേഖലയില്‍ കൂടുതല്‍ ഉപജീവന അവസരം ലഭിക്കാനുള്ള വഴിയാണ് തുറന്ന് കിട്ടിയത്. 2018ല്‍ ലഭിച്ച ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍.2143/2018/ത.സ്വ.ഭ) പ്രകാരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീ ക്യാന്റീന്‍ നടത്താനുള്ള അനുമതി ലഭിച്ചത്. കേരളത്തില്‍ 4500ത്തോളം ക്യാന്റീന്‍-കാറ്ററിങ് യൂണിറ്റുകളാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ളത്.

 

Content highlight
500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.