ഡി.ഡി.യു-ജി.കെ.വൈ : 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശജോലി

Posted on Friday, October 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യിലൂടെ പഠിച്ചിറങ്ങിയ 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശ ജോലി ലഭിച്ചു. ഒരേ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഒരേ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ എന്നതാണ് പ്രധാന പ്രത്യേകത.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ രണ്ട് മാസങ്ങളില്‍ ഇത്രയും പേര്‍ക്ക് വിദേശ ജോലി ലഭ്യമായത് എന്നതും ശ്രദ്ധേയം. ഇതോട് കൂടി കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ പദ്ധതി വഴി വിദേശ ജോലി നേടുന്നവരുടെ എണ്ണം 350 ആയി.

പാലക്കാടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (CIPET) യില്‍ നിന്ന് ഇന്‍ജെക്ഷന്‍ മോള്‍ഡിങ് മെഷീന്‍ ഓപ്പറേഷന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മലേഷ്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി രണ്ട് മാസങ്ങളിലായി ജോലി ലഭിച്ചത്. ഇവര്‍ക്കേവര്‍ക്കുമുള്ള വിസയും വിതരണം ചെയ്തു.

18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ 26 മേഖലകളിലായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഡി.ഡി.യു- ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബായ്, അബുദാബി, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

Content highlight
47 DDU-GKY students off to Malaysia & Middle East countries after securing Foreign Placement