തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കെട്ടിട നിർമ്മാണ അനുമതിയ്ക്ക് വേണ്ടി തയ്യാറാക്കിയ "സങ്കേതം" സോഫ്റ്റ് വെയർ 2013 ഒക്ടോബര്‍ 04 സർക്കാർ ഉത്തരവ് അനുസരിച്ച് വികസിപ്പിച്ച് വിന്യസിക്കുകയുണ്ടായി. കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും (KMBR), കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളും (KPBR) അനുസരിച്ചാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. 2014 ഏപ്രില്‍ മാസത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ വിന്യസിച്ച ഈ കേന്ദ്രീകൃത വെബ് അധിഷ്ഠിത സേഫ്റ്റ് വെയർ പടിപടിയായി മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുകയുണ്ടായി. സങ്കേതം സോഫ്റ്റ് വെയറിലൂടെ കെട്ടിട നിർമ്മാണ അനുമതിയ്ക്ക് അപേക്ഷിക്കുവാനും, ഓണ്‍ലൈന്‍ ആയി തന്നെ ഇ-പേമെന്റ് വഴി ഫീസ് ഒടുക്കുവാനും കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ചുള്ള എല്ലാ പ്രക്രിയകളിലൂടെയും കടന്നു ഡിജിറ്റൽ മുദ്ര (Digital Signature) യോടു കൂടിയുള്ള കെട്ടിട നിർമാണ അനുമതി ഓണ്‍ലൈന്‍ ആയി തന്നെ കൊടുക്കുവാന്‍ സാധിക്കുന്നു. സങ്കേതത്തിന്‍റെ വരവോടു കൂടി കെട്ടിട നിർമ്മാണ അനുമതിക്ക് സുതാര്യതയും വേഗതയും കൈവന്നു.
2014 ല്‍ തുടങ്ങി അഞ്ചാം വയസ്സിനോടടുക്കുന്ന സങ്കേതം 22 മാർച്ച് 2019 ഓടു കൂടി 1032 (99.8%) തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി 5 ലക്ഷം കെട്ടിട നിർമ്മാണ അനുമതികൾ നൽകിയ നേട്ടം കൈവരിച്ചിരിക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിലെയും, നഗര ഗ്രാമാസൂത്രണ വകുപ്പിലെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും വിദഗ്ദരുടെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.