Pradhan Mantri Gramin Awas Yojana (G)

pmay

2022 വർഷത്തോടെ എല്ലാവർക്കുംപാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്ന പദ്ധതി നടപ്പിലാക്കുന്നു. 1,20,000 രൂപ 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നു. സംസ്ഥാന സർക്കാർ പി.എം.എ.വൈ.(ജി) ഭവന പദ്ധതിയിലെ പൊതു വിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയും പട്ടികവർഗ്ഗ വിഭാഗത്തിന് മൂന്നര ലക്ഷം രൂപയുമായി വർദ്ധിപ്പിച്ച് നൽകുന്നു. കേരളത്തിൽ ഇപ്പോൾ ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി പൊതുവിഭാഗം, പട്ടികജാതി വിഭാഗം എന്നിവർക്ക് 4,00,000 രൂപയും സങ്കേതങ്ങളിൽ കഴിയുന്ന പട്ടിക വർഗ്ഗകുടുംബങ്ങൾക്ക് 6,00,000 രൂപയും നൽകുന്നു. 1,20,000 രൂപ കഴി ഞ്ഞുള്ള തുക ത്രിതല പഞ്ചായത്തുകളും പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പുകളും നൽകുന്നു. ഇപ്പോൾ ലൈഫ് മിഷന്റെ ഭാഗമായി ബാക്കി തുക നൽകുന്നു.

ഓരോ വീടിനുമുള്ള ധനസഹായത്തിനു പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ധ തൊഴിൽ ഗുണഭോക്താക്കൾക്ക് നൽകുന്നു. ഗുണഭോക്താവിന് ആവശ്യമുണ്ടെങ്കിൽ 70,000 രൂപ വരെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നതിനും സഹായം നൽകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രകാരം ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളായ കക്കൂസ്, കുടിവെള്ളം, വൈദ്യുതി, ഇന്ധനം, ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സംയോജന സാധ്യതകളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. മൂന്ന് ഗഡുക്കളായി 1,20,000 രൂപ പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു. പി.എം.എ.വൈ.(ജി) ഭവന പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് 2011-ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ലിസ്റ്റിലെ അർഹരായവരെയാണ്. പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ കുറഞ്ഞ തറ വിസ്തീർണ്ണം 35 മീറ്റർ സ്ക്വയറാണ് (ഇപ്പോൾ ലൈഫ് മിഷന്റെ ഭാഗമായി 400 ചതുരശ്ര അടി).

.