യഥാസമയം പ്രഥമ ശുശ്രൂഷ നല്കിയിരുന്നെങ്കില് ആ ജീവന് രക്ഷിക്കാമായിരുന്നു. പ്രഥമ ശുശ്രൂഷ നല്കാന് ഏവരും പഠിച്ചിരിക്കണം. പ്രഥമ ശുശ്രൂഷ പഠനം പാഠ്യപദ്ധതിയില് തന്നെ ഉള്പ്പെടുത്തണം. ഇങ്ങനെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും ഒരിക്കലെങ്കിലും നമ്മളേവരും കേട്ടിട്ടുണ്ടാകും. പ്രഥമ ശുശ്രൂഷയുടെ പ്രധാന്യം കണ്ടറിഞ്ഞ് വിപ്ലവകരമായ പ്രവര്ത്തനത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.
ജില്ലയിലെ ഒരു കുടുംബത്തിലെ ഒരാള്ക്കെങ്കിലും പ്രഥമ ശുശ്രൂഷയില് അറിവ് നല്കി അടിയന്തര ഘട്ടങ്ങളില് പ്രവര്ത്തിക്കുവാന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ 'കുടുംബശ്രീ ഹെല്ത്ത് ബ്രിഗേഡ്' രൂപീകരിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടിരിക്കുകയാണ് ജില്ല. ആദ്യഘട്ടത്തില് 300 മാസ്റ്റര് ട്രെയിനികളെ തെരഞ്ഞെടുത്ത് അഞ്ച് ബാച്ചുകളിലായി പരിശീലനം നല്കുന്ന പ്രവര്ത്തനമാണ് നടത്തുക.
രണ്ടാം ഘട്ടത്തില് മാസ്റ്റര് ട്രെയിനികളുടെ സഹായത്തോടെ 30,000 വോളന്റിയര്മാര്ക്ക് പരിശീലനം നല്കുന്നു. പരിശീലനം ലഭിച്ച വോളന്റിയര്മാര് 'കുടുംബശ്രീ ഹെല്ത്ത് ബ്രിഗേഡ്' എന്ന ഒരു ടീമായി പ്രവര്ത്തിക്കുന്നു. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകള് മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ ബ്രിഗേഡിന് ആനുകാലിക പരിശീലനവും നല്കും. ഇതുവരെ ആകെയുള്ള 15 ബ്ലോക്കുകളില് ഒമ്പത് ബ്ലോക്കുകളിലെ മാസ്റ്റര് ട്രെയിനി പരിശീലനം പൂര്ത്തിയാക്കിക്കഴിഞ്ഞു. ശേഷിച്ച ആറ് ബ്ലോക്കുകളുടെ പരിശീലനം ജനുവരിയില് പൂര്ത്തിയാക്കും.
എഫ്.എന്.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്, ഹെല്ത്ത്, വാഷ് - വാട്ടര്, സാനിറ്റേഷന് ആന്ഡ് ഹൈജീന്) പ്രോഗ്രാമിന്റെ ഭാഗമായി എം.ഇ.എസ് മെഡിക്കല് കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവുമായി സംയോജിച്ചാണ് മലപ്പുറം ജില്ല ഈ പ്രവര്ത്തനം നടത്തുന്നത്. ഡിസംബര് 18ന് മഞ്ചേരി മുന്സിപ്പല് ടൗണ്ഹാളില് വച്ച് നടന്ന ബേസിക് ലൈഫ് സപ്പോര്ട്ട് മൂന്നാം ബാച്ചിന്റെ പരിശീലന പരിപാടിയില് മഞ്ചേരി സി.ഡി.എസ് ചെയര്പേഴ്‌സണ് ഹസീന സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് റൂബിരാജ് പദ്ധതി വിശദീകരിച്ചു.
ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ജാഫര് കക്കൂത്ത്, ഡോ. അശ്വിന് രാജ്, ഡോ.ഫാത്തിമ എന്നിവര് സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര്, ഓഫീസ് സ്റ്റാഫ് എം ഇ എസ് മെഡിക്കല് കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം ആരോഗ്യ പ്രവര്ത്തകര് എന്നിവര് പങ്കെടുത്തു. ഡോ. ഫാത്തിമ തസ്ലീമ പ്രഥമ ശുശ്രൂഷയെക്കുറിച്ച് പരിശീലനാര്ഥികള്ക്ക് ക്ലാസ്സ് നല്കി. പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഡോക്ടര്മാരായ ഡോ. അശ്വിന് രാജ്, ഡോ. ഫാത്തിമ തസ്ലീമ, ഡോ. അതുല് സുരേഷ്, ഡോ. അജിത്ത് വി, ഡോ. നിംഷിദ്, ഡോ. ഷനൂബ്, ഹെല്ത്ത് ഇന്സ്‌പെക്ടര് സതീഷ് കുമാര്, മെഡിക്കല് സോഷ്യല് വര്ക്കര് റോബിന് എന്നിവരുടെ നേതൃത്വത്തില് പരിശീലനം നടന്നു.
- 29 views
Content highlight
Kudumbashree Malappuram District Mission launches ' Kudumbashree Health Brigade'ml