ലഹരിക്കെതിരേ സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച് കണ്ണൂരിന്റെ കുട്ടിക്കൂട്ടം

Posted on Wednesday, January 18, 2023

ലഹരിയെന്ന മഹാവിപത്ത്. തലമുറകളെ കാര്‍ന്ന് തിന്ന് ഒരു രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന കൊടുംവിപത്ത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് നശിക്കരുതെന്ന ബോധവത്ക്കരണ സന്ദേശം സമപ്രായക്കാര്‍ക്ക് കലാജാഥയിലൂടെയേകി കൈയടി നേടിയിരിക്കുകയാണ് കണ്ണൂരിലെ ബാലസഭാ കൂട്ടുകാര്‍.


  'അരുത് ലഹരി, ജീവിതമാണ് വലുത്' എന്ന പേരില്‍ നടത്തിയ ഈ കലാജാഥയില്‍ മദ്യവും മയക്കുമരുന്നും ശിഥിലമാക്കുന്ന മനുഷ്യബന്ധങ്ങള്‍, ഒറ്റപ്പെടലുകള്‍, ലഹരി സമൂഹത്തില്‍ സൃഷ്ടിക്കുന്ന കൊടിയ വിപത്തുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്. കാണികളെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞ കലാജാഥയ്ക്ക്, ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള പ്രചോദനമേകാനും കഴിഞ്ഞു.


  ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 ബാലസഭാംഗങ്ങളാണ് ജാഥയില്‍ അണിനിരന്നത്. 2022 ഡിസംബര്‍ 29 ന് ഇരിട്ടിയിലെ നടുവനാട് എല്‍.പി.സ്‌കൂളില്‍ ആരംഭിച്ച കലാജാഥ ഇന്നലെ (ജനുവരി 15ന്) തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിസമാപിച്ചു. ഡിസംബര്‍ 29,30,31, ജനുവരി 7,8,14,15 എന്നീ ദിനങ്ങളിലായി ആകെ ഏഴ് ദിനങ്ങള്‍ കൊണ്ട് ആറളം, കോളയാട്, കൂത്തുപറമ്പ നഗരസഭ, മാത്തില്‍ ജി.എച്ച്.എസ്.എസ്, കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്‌കൂള്‍ എന്നിങ്ങനെ ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ കലാജാഥാ പര്യടനം ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ സമാപനയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണിയും ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, ജാഥാ ലീഡര്‍ പി.വി. പ്രണവ് എന്നിവര്‍ സംസാരിച്ചു. ജാഥയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി.


  ഡോ. പ്രശാന്ത് കൃഷ്ണന്‍ രചിച്ച സംഗീത ശില്പവും സുരേന്ദ്രന്‍ അടുത്തിലയുടെ നാടകവും ബാലസഭ കുട്ടികള്‍ തന്നെ രചിച്ച അവതരണ ഗാനവുമാണ് കലാജാഥയിലെ പ്രധാന ഇനങ്ങള്‍. പാട്യം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയാണ് അവതരണഗാനം ആലപിച്ചത്. നാടക പ്രവര്‍ത്തകരായ വി.കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, രവി ഏഴോം എന്നിവര്‍ ചേര്‍ന്നാണ് കലാജാഥ അണിയിച്ചൊരുക്കി അരങ്ങിലെത്തിച്ചത്.

 

Content highlight
Kudumbashree Kannur District Mission's 'Kuttykkoottam' organizes cultural procession against drug addictionen