എറണാകുളം ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കുന്ന എനി ടൈം മില്ക്ക് (എ.ടി.എം) പദ്ധതി ശ്രദ്ധ നേടുന്നു. മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ പദ്ധതിയായ 'ക്ഷീരസാഗര'ത്തിന്റെ ഭാഗമായ അയല്ക്കൂട്ടാംഗങ്ങളില് നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പശുവിന് പാല് ആവശ്യക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ല 'എനി ടൈം മില്ക്ക്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ജില്ലയില് കോട്ടപ്പടി, നെടുമ്പാശ്ശേരി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവളര്ത്തലിലൂടെ ഉപജീനം കണ്ടെത്തുന്ന 'ക്ഷീരസാഗരം' പദ്ധതി ഗുണഭോക്താക്കള്ക്ക് വേണ്ടി 2022-23 സാമ്പത്തിക വര്ഷം ജില്ലാ പഞ്ചായത്ത് നല്കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണ് എനി ടൈം മില്ക്ക് പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷന് രൂപം നല്കിയത്. ജില്ലയില് 200ലേറെ ക്ഷീരസാഗരം യൂണിറ്റുകളാണുള്ളത്. അഞ്ച് പേരാണ് ഒരു യൂണിറ്റിലുള്ളത്.
ഗുണമേന്മയുള്ള പാല് ലഭിക്കാന് സാധ്യത കുറവുള്ള, പാലിന് ആവശ്യക്കാര് ഏറെയുള്ള ഇടങ്ങളാണ് പദ്ധതി നടപ്പിലാക്കാന് തെരഞ്ഞെടുത്തത്. 200 ലിറ്റര് ശേഷിയുള്ള മില്ക്ക് വെന്ഡിങ് മെഷീന് സ്ഥാപിച്ച് ആവശ്യക്കാര്ക്ക് 10 രൂപ മുതലുള്ള തുകയ്ക്ക് പാല് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അതാത് മേഖലയിലെ ക്ഷീരസാഗരം യൂണിറ്റുകള്ക്കാണ് വെന്ഡിങ് മെഷീന്റെ നടത്തിപ്പ് ചുമതല. ക്ഷീരസാഗരം ഗുണഭോക്താക്കളില് നിന്ന് പാല് ശേഖരിച്ച് വെന്ഡിങ് മെഷീനില് നിറയ്ക്കുന്നു. ചില്ലര് സംവിധാനമുള്ള ഈ മെഷീനില് പാസ്റ്ററൈസ് ചെയ്യാതെ തന്നെ പാല് ശീതീകരിച്ച് സൂക്ഷിക്കാനാകും.
എടിഎം കാര്ഡ് മാതൃകയില് റീച്ചാര്ജ് ചെയ്യാനാകുന്ന കാര്ഡ് മുഖേനയോ പണമോ ഉപയോഗിച്ച് വെന്ഡിങ് മെഷീനില് നിന്ന് പാല് ശേഖരിക്കാം. മെഷീനില് ശേഷിക്കുന്ന പാലില് നിന്ന് ഉപ ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്താനുള്ള പരിശീലനവും ക്ഷീരസാഗരം ഗുണഭോക്താക്കള്ക്ക് നല്കിയിട്ടുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ് 24ന് കോട്ടപ്പടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ് നിര്വഹിച്ചു. നെടുമ്പാശ്ശേരി എയര്പോര്ട്ട് റോഡിനോട് ചേര്ന്നുള്ള യൂണിറ്റും പ്രവര്ത്തനം ആരംഭിച്ചു. എളങ്കുന്നപ്പുഴയില് ഉടന് തന്നെ പ്രവര്ത്തനമാരംഭിക്കും. ഭാവിയില് ജില്ലയിലെ വിവിധ മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കോട്ടപ്പടി പഞ്ചായത്തില് തൈക്കാവുംപടിയിലും നെടുമ്പാശ്ശേരിയില് നായത്തോടുമുള്ള എനി ടൈം മില്ക്ക് കേന്ദ്രങ്ങള് രാവിലെ ആറ് മുതല് വൈകുന്നേരം ഏഴ് വരെ പ്രവര്ത്തിക്കുന്നു.
- 7 views
Content highlight
Kudumbashree Ernakulam District Mission launches 'Any Time Milk' Projectml