ബഡ്‌സി'ന്റെ ബാന്‍ഡ് താളം, കൈയടിച്ച് കണ്ണൂര്

Posted on Wednesday, February 8, 2023
കണ്ണൂര് ജില്ലയിലെ പോലീസ് പരേഡ് ഗ്രൗണ്ടില് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ജില്ലാതല പരേഡില് കൈയടി മുഴുവന് നേടിയത് ഒരു കൂട്ടം ബഡ്‌സ് സ്‌കൂള് വിദ്യാര്ത്ഥികളായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണനും, ജില്ലാ കളക്ടറും ഉള്പ്പെടുന്ന വിശിഷ്ട വ്യക്തികളുടെ മുന്നില് ആത്മവിശ്വാസത്തോടെ, താളം പിഴയ്ക്കാതെ ബാന്ഡ് വാദ്യ പരേഡ് നടത്തി ബഡ്‌സ് സ്ഥാപനങ്ങളുടെ ചരിത്രത്തില് ഒരു പൊന്തൂവല് എഴുതിച്ചേര്ത്തു ആ കുട്ടിക്കൂട്ടം.
 
അവര് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ 14 അംഗ ബാന്ഡ് സംഘം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികള്ക്ക്‌ പുതിയൊരു മാതൃക. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് തുടക്കമിട്ട പരിശ്രമങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് ബാന്ഡ് സംഘം രൂപീകരിക്കാന് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിന് കഴിഞ്ഞത്. നിഷാദ് നയിക്കുന്ന ടീമില് അപര്ണ്ണ, ഫാത്തിമത്ത് നാഫിയ, ടി. നിഖിഷ, മുബീന ഫാത്തിമ, രഞ്ജിനി, മഞ്ജുഷ മുരളീധരന്, എം.പി. പ്രണവ്, മുഹമ്മദ് മുഷ്താഖ്, ടി. അക്ഷയ്, എം. റജിനാസ്, അര്ഷാദ്, ജിതിന്, സനീഷ് എന്നിവരാണ് അംഗങ്ങളായുള്ളത്. എ.കെ. നവീന് കുമാറാണ് പരിശീലകന്. പരേഡ് പൂര്ത്തിയാക്കിയ സംഘത്തിന് മന്ത്രി സര്ട്ടിഫിക്കറ്റും ഉപഹാരവും നല്കി.
ട്രൂപ്പിന് ആവശ്യമുള്ള വാദ്യോപകരണങ്ങള്ക്കും പരിശീലനത്തിനുമായുള്ള ധനസഹായം നല്കിയത് ജില്ലാ മിഷനായിരുന്നു. ജില്ലയിലെ മറ്റ് അഞ്ച് ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനും ജില്ലാ മിഷന് ലക്ഷ്യമിടുന്നു.
 
ജില്ലാ മിഷനും പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ അധ്യാപകരുള്പ്പെടെയുള്ള ജീവനക്കാര്ക്കും എല്ലാവിധ അഭിനന്ദനങ്ങളും. ഒരായിരം കുഞ്ഞുമക്കള്ക്ക് പ്രതീക്ഷയുടെ പുതിയ തിരി നീട്ടി വേറിട്ട വീഥിയിൽ പുതു ചുവടുവച്ച ബാന്ഡ് സംഘത്തിന് നിറഞ്ഞ കൈയടികളും...
Content highlight
BUDS Band Group from Kannur make historyml