തിരുവനന്തപുരം: ശുചിത്വമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്സലന്‍സ് ദേശീയ അവാര്‍ഡ് കേരളത്തിലെ ഏഴു കുടുംബശ്രീ നഗരസഭാ എ.ഡി.എസുകള്‍ക്ക്. ഒന്നാം സമ്മാനം ഒന്നര ലക്ഷം രൂപയും രണ്ടാം സമ്മാനം ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനം അമ്പതിനായിരം രൂപയുമാണ്. ഈ മാസം ഇരുപത്തിമൂന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി എ.ഡി.എസ് പ്രതിനിധികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന നഗരസഭാപ്രദേശങ്ങളിലെ ശുചിത്വമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ അവാര്‍ഡ്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കാലടി, കുളത്തൂര്‍, പുന്നയ്ക്കാമുഗള്‍, മലപ്പുറം ജില്ലയിലെ താമരക്കുഴി, മൂന്നാംപടി, കൊടുങ്ങല്ലൂരിലെ ചാപ്പാറ എന്നീ എ.ഡി.എസുകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. പബ്ളിക് ടോയ്ലെറ്റുകളുടെ നിര്‍മാണം, പ്ളാസ്റ്റിക് മാലിന്യത്തിന്‍റെ പുനരുപയോഗം, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണം എന്നിങ്ങനെ ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നഗരസഭാ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതു പ്രകാരം അവാര്‍ഡിന് അര്‍ഹമായ എ.ഡി.എസുകളുടെ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിക്കും. ഇവര്‍ക്കൊപ്പം അതത് സിറ്റി മിഷന്‍ മാനേജ്മെന്‍റ് യൂണിറ്റിലെ ഒരംഗവും പരിപാടിയില്‍ പങ്കെടുക്കും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ നഗരസഭകളില്‍ നിന്നും ലഭിച്ച ഇരുനൂറ്റി ആറ് അപേക്ഷകളില്‍ നിന്നും ഇരുപത്തിയൊന്ന് എന്‍ട്രികള്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലെ ഭവന നഗരകാര്യ മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിനായി അയച്ചത്. തുടര്‍ന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട ഇരുപത്തിയൊന്ന് എ.ഡി.എസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേരളത്തില്‍ നിന്നുളള എ.ഡി.എസുകളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
- 196 views