തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഉല്‍പന്ന പ്രദര്‍ശന വിപണന മേളകളില്‍ നിന്നും കുടുംബശ്രീ സംരംഭകര്‍ നേടിയത് 1.24 കോടി രൂപയുടെ വിറ്റുവരവ്. ആകെ 368 സ്റ്റാളുകളിലായി മൂവായിരത്തിലേറെ സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ വിറ്റഴിഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആലപ്പുഴ ജില്ലയൊഴികെ ബാക്കി ജില്ലകളിലെല്ലാം മേള സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ഗാര്‍മെന്‍റ്സ്, ടോയ്ലെറ്ററീസ്, വിവിധതരം കറി പൗഡറുകള്‍, അച്ചാറുകള്‍, ജാമുകള്‍, സ്ക്വാഷ് എന്നിവയാണ് പ്രധാനമായും വിപണനത്തിച്ചത്. ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചത് പാലക്കാട് ജില്ലയിലാണ്. 45 എണ്ണം. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം ജില്ലകള്‍ 40 വീതം സ്റ്റാളുകളുമായി മേളയില്‍ പങ്കെടുത്തു. ഏഴു ദിവസത്തെ മേളയില്‍ നിന്നും 25 ലക്ഷം രൂപയുമായി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് പാലക്കാട് ജില്ലയാണ്. 15 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല രണ്ടാമതും 14 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല മൂന്നാമതും എത്തി. ഏഴു ദിവസത്തെ മേളയില്‍ നിന്നും 1.24 കോടി രൂപയുടെ വിറ്റുവരവാണ് മേളയില്‍ പങ്കെടുത്ത യൂണിറ്റ് അംഗങ്ങള്‍ സ്വന്തമാക്കിയത്.
ഉല്‍പന്ന പ്രദര്‍ശന വിപണന മേളയോടൊപ്പം പതിമൂന്ന് ജില്ലകളിലും കഫേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിരുന്നു. ആകെ 71 യൂണിറ്റുകളായി മുന്നൂറോളം വനിതകളാണ് ഇതില്‍ പങ്കെടുത്തത്. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ രുചികളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഫുഡ്കോര്‍ട്ട് ഭക്ഷണപ്രേമികള്‍ സജീവമാക്കിയതു വഴി 39,54,572 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഫുഡ്കോര്‍ട്ടില്‍ നിന്നും ഏഴു ലക്ഷം രൂപയുമായി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് കോഴിക്കോട് ജില്ലയാണ്. 5.83 ലക്ഷം നേടി തിരുവനന്തപുരം ജില്ല രണ്ടാമതും 5.64 ലക്ഷം രൂപ നേടി എറണാകുളം ജില്ല മൂന്നാമതും എത്തി.
ജില്ലാതലത്തില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള പി.ആര്‍.ഡിയുടെ പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചു. മികച്ച സ്റ്റാളിനുള്ള പ്രത്യേക പുരസകാരം വയനാട് ജില്ലാമിഷനും വകുപ്പിതര വിഭാഗത്തിലെ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് കണ്ണൂര്‍ ജില്ലാമിഷനും ലഭിച്ചു. സമഗ്ര മികവിനുള്ള പുരസ്കാരം പത്തനംതിട്ട ജില്ലാമിഷനും രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലാമിഷനുമാണ്. മികച്ച പങ്കാളിത്തത്തിനുളള പുരസ്കാരം ഇടുക്കി ജില്ലാമിഷനും നേടി.
- 72 views