കുടുംബശ്രീയുടെ എറൈസ് (ARISE) സ്വയംതൊഴില്‍ പരിശീലന പരിപാടിയിലൂടെ നിറവേറുന്നത് റീബില്‍ഡ് കേരളയുടെ പ്രധാന ലക്ഷ്യം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

Posted on Saturday, January 19, 2019

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് (ARISE) തൊഴില്‍ പരിശീലന പരിപാടിയിലൂടെ കേരളത്തില്‍ അമ്പതിനായിരം ആളുകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ വഴിയൊരുക്കുമെന്നും അതുവഴി റീ ബില്‍ഡ് കേരളയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രാവര്‍ത്തിക്കമാക്കാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എറൈസ് -സ്വയംതൊഴില്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹേം.

കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അതത് മേഖലകളില്‍ സംരംഭങ്ങള്‍ രൂപീകരിച്ച് വരുമാനം നേടാന്‍ ഏറ്റവും സഹായകരമാകുന്ന തരത്തിലാണ് എറൈസ് തൊഴില്‍ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. അവരവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പരിശീലനം നേടാനും സ്വയംതൊഴില്‍ ചെയ്യാനുമുള്ള മികച്ച അവസരമാണ് കുടുംബശ്രീ ഇപ്പോള്‍ നല്‍കുന്നത്. സ്വയംതൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്ത് തൊഴിലും വരുമാനവും നേടുന്നതിലൂടെ ഇത്രയും ആളുകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗവും സാമ്പത്തികാഭിവൃദ്ധിയും നേടാനാകുമെന്നും അതിനാല്‍ പ്രളയാനന്തര പുനരധിവാസത്തില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ നേടുന്ന വരുമാനം കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക വളര്‍ച്ച ജീവിത നിലവാരവുമായി ബന്ധപ്പെട്ട വളര്‍ച്ചയാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതോടെ തൊഴില്‍ മേഖലയിലെ അന്തസും ഉയരും.  ഇതിന് തൊഴിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. പ്രളയാനന്തരമുള്ള കേരളത്തിന്‍റെ പുന:സൃഷ്ടിക്കു വേണ്ടി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അമ്പതിനായിരം പേര്‍ക്ക് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി വരുമാനമാര്‍ഗം ലഭ്യമാക്കുന്നതു വഴി കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ്-തൊഴില്‍ പരിശീലന പരിപാടിക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വയോജന പരിചരണ മേഖലയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ഹര്‍ഷം-ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ പ്രതിമാസം ശരാശരി ഇരുപതിനായിരം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുന്ന രീതിയില്‍ സംരംഭകര്‍ മാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. അത് കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനും വികസനത്തിനുമായി ഉപകരിക്കും. കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നമ്മള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. കാര്‍പെന്‍ററി, ഇലക്ട്രിക്കല്‍, പ്ലബിംഗ്, ജെറിയാട്രിക് കെയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നല്ല തൊഴില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവമുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള പ്രായോഗിക പരിശീലനം നേടുന്നവര്‍ക്ക് സംസ്ഥാനത്ത് മാത്രമല്ല വിദേശത്തും മാന്യമായ രീതിയില്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ നേടാന്‍ കഴിയും. ഒരു പ്രത്യേക തൊഴില്‍മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ജോലികളില്‍ തൊഴില്‍ നൈപുണ്യവും ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാകാനാണ് ശ്രമിക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനവും ലാഭവും

അതോടൊപ്പം തൊഴിലില്‍ വളര്‍ച്ച നേടാനും ഓരോ കുടുംബശ്രീ വനിതകള്‍ക്കും സാധിക്കണം.
എല്ലാവിധ റിപ്പയറിങ്ങ് ജോലികളും ഏറ്റവും വേഗത്തില്‍ ഒരു ടീമായി വന്ന് ചെയ്തു കൊടുക്കാനും അതിന് മിതമായ നിരക്കില്‍ കൂലി വാങ്ങാനും കുടുംബശ്രീ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കണം. എല്ലാകാലത്തും കുടുംബശ്രീ കുടുംബങ്ങളിലെ വിവിധ തലമുറകളില്‍പ്പെട്ടവര്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കി അവര്‍ക്ക് മാന്യമായ ജീവിതമാര്‍ഗം ഒരുക്കിനല്‍കിയിട്ടുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയും അതിന്‍റെ ഭാഗമാണെന്നും ഇതുവഴി അമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ അറിവും ജീവനോപാധിയും നേടിക്കൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

റീബില്‍ഡ് കേരള എന്ന വെല്ലുവിളിയിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിട്ടാണ് കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയെ കാണുന്നതെന്ന് റീ ബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.വേണു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നാഗരിക ജീവിതത്തില്‍ പുതിയ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇപ്പോള്‍ ആവശ്യം. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ തൊഴില്‍ നൈപുണ്യമുള്ള ആളുകളെ സൃഷ്ടിച്ച് മാന്യമായ വരുമാനം നേടിക്കൊടുക്കാന്‍ കഴിയുന്നതിലൂടെ കേരളത്തിന്‍റെ പുന:സൃഷ്ടിയുടെ പ്രധാന ദൗത്യം നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ വഴി മികച്ച സംരംഭകരായി മാറിയ ഇരുപത് വനിതകളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസിനു നല്‍കി അദ്ദേഹം നിര്‍വഹിച്ചു.  
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പരിശീലക ഏജന്‍സികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Content highlight
കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.