കുടുംബശ്രീയിലൂടെ 'ബ്രേക്ക് ദ ചെയിന്‍' സന്ദേശം 44 ലക്ഷം കുടുംബങ്ങളിലേക്ക്

Posted on Thursday, March 19, 2020

ആരോഗ്യവകുപ്പ് തുടക്കം കുറിച്ച 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പെയ്ന്‍ സന്ദേശം കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി 2,99,297 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഈ ശനിയും ഞായറും പത്ത് മുതല്‍ 20 വരെ പേരുള്‍പ്പെടുന്ന അയല്‍ക്കൂട്ടയോഗം കൂടുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കാനുള്ള നിര്‍ദ്ദേശവും കൂടാതെ കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എല്ലാ കുടുംബങ്ങളും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനുള്ള സന്ദേശം അടങ്ങിയ കുറിപ്പും നല്‍കിയിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങളില്‍ ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് വഴി കൂടുതല്‍ ജാഗ്രതയോട് കൂടി ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന് നേതൃത്വം കൊടുക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനും കഴിയുമെന്നാണ് കരുതുന്നത്.

  ഈ ആഴ്ചാവസാനം അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ കൈകള്‍ കഴുകിയശേഷം മാത്രമേ യോഗം ആരംഭിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു. സോപ്പ് അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം അയല്‍ക്കൂട്ട അംഗങ്ങള്‍ വഴി അതാത് കുടുംബങ്ങളിലേക്ക് ഇത് മൂലം എത്തുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണം അടങ്ങിയ ലഘുലേഖ അയല്‍ക്കൂട്ടങ്ങളിലേക്ക് നല്‍കുകയും ഇത് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്. ക്വാറന്റൈന്‍ ചെയ്യപ്പെട്ട കുടുംബങ്ങളിലെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും തനിക്കും കുടുംബത്തിലും സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഈ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലകുള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ചും സാമൂഹ്യ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊണ്ട് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള കുറിപ്പുകളിലുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്കും എത്തുമ്പോള്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹത്തിന് മികച്ച ബോധവത്ക്കരണം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്.