'തിരികെ സ്‌കൂളില്‍' ക്യാമ്പെയിന്‍ - 46 ലക്ഷം കുടുംബശ്രീ വനിതകള്‍ സ്‌കൂളുകളിലേക്ക് - ജില്ലാതല ഓറിയെന്റേഷന്‍ പരിശീലനം പൂര്‍ണ്ണം

Posted on Friday, September 15, 2023

അയല്‍ക്കൂട്ടാംഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന 'തിരികെ സ്‌കൂളില്‍' സംസ്ഥാനതല ക്യാമ്പെയിന്റെ ഭാഗമായി എല്ലാജില്ലകളിലും ആദ്യഘട്ട ഓറിയെന്റേഷന്‍ പരിപാടികള്‍ പൂര്‍ണ്ണമായി.

'തിരികെ സ്‌കൂള്‍' - ലക്ഷ്യങ്ങള്‍
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക പ്രധാന ലക്ഷ്യം. കൂടാതെ അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക  ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

കാലയളവ്, സ്‌കൂള്‍, അധ്യാപകര്‍
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ നടത്തുന്ന ക്യാമ്പെയിനില്‍ 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ അതാത് സി.ഡി.എസിന് കീഴിലെ ഒരു വിദ്യാലയത്തില്‍ പഠിക്കാനായി എത്തും. പ്രത്യേക പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അധ്യാപകരാകും. സ്‌കൂള്‍ അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയിന് വേണ്ടി രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്.

ക്ലാസ്സ്

രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്‌ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്‌ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസ്സുകള്‍ ആരംഭിക്കും.

പാഠങ്ങള്‍ :
സംഘാടന ശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിൻ്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ ജീവിതഭദ്രത നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ,
ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം.

  ഉച്ചയ്ക്ക് മുമ്പ് 15 മിനിറ്റ് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും.

 ഉച്ചഭക്ഷണം, കുടിവെള്ളം. സ്‌നാക്‌സ്, സ്‌കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെ കൊണ്ടു വരും. താത്പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.


  സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയിനായിരിക്കും 'തിരികെ സ്‌കൂളില്‍'. 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍, 15,000 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സ്‌നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന, ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അരക്കോടിയോളം പേരാണ് ക്യാമ്പെയിനില്‍ പങ്കാളികളാകുക.

 'തിരികെ സ്‌കൂളില്‍' വന്‍ വിജയമാക്കാന്‍ ഏവര്‍ക്കും ഒത്തുചേരാം.

Content highlight
back to school, district level orientation training completed