flood news

പ്രളയ ബാധിത പഞ്ചായത്തുകളിലെ മലിനമായ കിണറുകള്‍ ശുചിയാക്കുവാന്‍ തനതുഫണ്ട് ഈവര്‍ഷത്തേക്ക് മാത്രം

Posted on Tuesday, December 4, 2018

സ.ഉ(ആര്‍.ടി) 3015/2018/തസ്വഭവ Dated 28/11/2018

പ്രളയ ബാധിത പഞ്ചായത്തുകളിലെ കവിഞ്ഞൊഴുകി മലിനമായ കിണറുകള്‍ വെള്ളം വറ്റിച്ച് ശുചിയാക്കുവാന്‍ അത്യാവശ്യമുള്ള സ്ഥലങ്ങളില്‍മാത്രം തനതുഫണ്ട് ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈവര്‍ഷത്തേക്ക് മാത്രംഅനുമതി നല്‍കി ഉത്തരവ്

പ്രളയ ബാധിതനഗര പ്രദേശങ്ങളില്‍ ശൌചാലയങ്ങള്‍ പുതുക്കി പണിയുന്നതിനു സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) ഫണ്ട് .

Posted on Thursday, November 15, 2018

സ.ഉ(ആര്‍.ടി) 2851/2018/തസ്വഭവ Dated 07/11/2018

സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളില്‍ ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുതുക്കി പണിയുന്നതിനു സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) ഫണ്ട് വിനിയോഗിക്കുന്നതിനു അനുമതി.

 

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍

Posted on Tuesday, October 16, 2018

Rebuild Kerala

"rebuild.kerala.gov.in ല്‍ നാടിനായി കൈകോര്‍ക്കാം"

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് താല്‍പര്യമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് സംഭാവന നല്‍കാനും സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസപോണ്‍സിബിലിറ്റി (സി. എസ്. ആര്‍) സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പദ്ധതികളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ച്വല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇത് സുതാര്യത ഉറപ്പാക്കും. ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തും. ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കുന്നുണ്ട്. 

പദ്ധതികള്‍ തിരഞ്ഞെടുക്കാം, സംഭാവന നല്‍കാം

വെബ്സൈറ്റിന്റെ ഹോം പേജില്‍ മുകള്‍ഭാഗത്ത് ലോഗിന്‍, സൈന്‍ അപ് ഓപ്ഷനുണ്ട് (സംഭാവന നല്‍കുന്ന പദ്ധതികളുടെ പുരോഗതി അറിയാന്‍ രജിസ്റ്റര്‍ ചെയ്യണം). പുനര്‍നിര്‍മാണ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫില്‍ട്ടര്‍ സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിക്കാം. ഇവിടെ ജില്ല, നഗരസഭ, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പദ്ധതികള്‍ തിരയാനാവും. പൂര്‍ണമായും ഭാഗികമായും വളരെ കുറച്ചു മാത്രമായും നാശനഷ്ടം സംഭവിച്ചതിന്റെയും ആവശ്യമുളള തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇഷ്ടമുള്ള തുക രേഖപ്പെടുത്തി ഡൊണേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പേയ്മെന്റ് ഓപ്ഷനിലേക്ക് പോകും. ഇവിടെ പേര്, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു. പി. ഐ  സംവിധാനങ്ങളുപയോഗിച്ച് ലോകത്തെവിടെ നിന്നും തുക സംഭാവന ചെയ്യാം. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് ഓണ്‍ലൈനിലൂടെയല്ലാതെയും സംഭാവന നല്‍കാം. പേയ്മെന്റ് പൂര്‍ണമാവുന്നതോടെ വിവരം സ്റ്റാറ്റസ് പേജില്‍ കാണാനാവും. കൂടാതെ ഇ മെയില്‍ വിലാസത്തിലും മൊബൈല്‍ നമ്പറിലും സന്ദേശം ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സംഭാവനയ്ക്ക് യാതൊരു വിധ ഫീസും ഈടാക്കില്ല. എല്ലാ സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കും.

പുനരധിവാസം-സ്വന്തം ഭൂമിയില്‍ വീട് വയ്ക്കുന്നതിനു ധനസഹായം

Posted on Tuesday, October 9, 2018

സ.ഉ(ആര്‍.ടി) 527/2018/ഡിഎംഡി Dated 05/10/2018

പ്രളയക്കെടുതി- പുനരധിവാസം - സ്വന്തം ഭൂമിയില്‍ വീട് വയ്ക്കുന്നതിനു ധനസഹായം - ഭൂമിയുളളവര്‍ക്ക് വീടിന് നാലു ലക്ഷം: പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. വീടിന് നാലു ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം. പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവര ശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുക.

പ്രളയാനന്തര ശുചീകരണം - സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നടത്തേണ്ട തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ - നിർദേശം

Posted on Wednesday, September 19, 2018

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പുന:ചംക്രമണത്തിന് കൈമാറുകയും ചെയ്യുന്നത് ലക്ഷ്യമിട്ടു കൊണ്ട് 2018 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തീവ്രശുചീകരണ പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് പ്രസ്തുത ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നദികൾ, തോടുകൾ, മറ്റു ജലാശയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് ജലാശയങ്ങൾ ശുചീകരിക്കുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്.

സ.ഉ(എം.എസ്) 132/2018/തസ്വഭവ Dated 19/09/2018

പഞ്ചായത്ത് വകുപ്പ്-മലപ്പുറം ജില്ല -ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

Posted on Saturday, September 1, 2018

മലപ്പുറം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ്, അസി: ഡയറക്ടര്‍ഓഫീസ്, പെര്‍ ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു തീരുമാനിച്ചു.