flood news

റീബില്‍ഡ് കേരള - വിവിധ പദ്ധതികള്‍ക്ക് 270 കോടി

Posted on Saturday, March 7, 2020

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

  1.  പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.
  2.  ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.
  3.  കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ക്ക്‌ 42.6 കോടി രൂപ.
  4.  മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.
  5. കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതിക്ക്‌ 63.11 കോടി രൂപ.
  6. പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.
  7. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ.

മലപ്പുറം കവളപ്പാറയില്‍ 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് തുക അനുവദിച്ചു

Posted on Thursday, February 27, 2020

മലപ്പുറം കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.malapuram-kavalappara

ലൈഫ് -പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Posted on Monday, February 24, 2020

ലൈഫ് മിഷൻ്റെ കീഴിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 44 കുടുംബങ്ങളാണ് ഈ സമുച്ചയത്തിൻ്റെ ഗുണഭോക്താക്കൾ.പ്രകൃതിവിഭവങ്ങളുടെ ചൂഷണം പരമാവധി ലഘൂകരിക്കുന്ന ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നിർമ്മാണ രീതികൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തുക എന്ന നയത്തിൻ്റെ ഭാഗമായാണ് പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭവനനിർമ്മാണത്തിന് ലൈഫ് മിഷൻ ഊന്നൽ നൽകുന്നത്. കെട്ടിടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഫാക്ടറിയിൽ തീർത്തതിനു ശേഷം നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് പ്രീഫാബ് സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. ഭാരം കുറഞ്ഞ സ്റ്റീലാണ് പ്രധാന നിർമ്മാണഘടകം. ഫാക്ടറിയിൽ നിർമ്മിക്കുന്നതിനാൽ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന എല്ലാ ടെസ്റ്റുകൾക്കും വിധേയമായതിനു ശേഷം മാത്രമാണ് ഇവ നിർമ്മാണത്തിനു ഉപയോഗിക്കപ്പെടുകയുള്ളൂ.പ്രകൃതിവിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ദ്രുതഗതിയിലുള്ള നിർമ്മാണം, ഉയർന്ന ഗുണനിലവാരം, പരിസ്ഥിതി മലിനീകരണത്തിലുള്ള കുറവ്, വീടുകൾക്കകത്തെ കുറഞ്ഞ താപനില, പ്രകൃതിക്ഷോഭങ്ങളോടുള്ള ഉയർന്ന പ്രതിരോധശേഷി, നിർമ്മാണഘടകങ്ങളുടെ പുനരുപയോഗ സാധ്യത എന്നിവയെല്ലാം പ്രീഫാബ് സാങ്കേതിക വിദ്യയെ കേരളത്തിന് അനുയോജ്യമായ ഭവനനിർമ്മാണ രീതിയായി മാറ്റുന്നു.

കോഴിക്കോട് കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി കുടുംബങ്ങള്‍ പുതിയ സമുച്ചയത്തിലേക്ക്

Posted on Tuesday, February 18, 2020

കോഴിക്കോട് കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി എന്നിവിടങ്ങളില്‍ ദുരിത ജീവിതം നയിച്ചിരുന്നവരുടെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷിക്കുന്നു. കല്ലുത്താന്‍ കടവ് കോളനിയിലെ 87 കുടുംബങ്ങള്‍, സത്രം കോളനിയിലെ 27 കുടുംബങ്ങള്‍, 13 ധോബിവാല കുടുംബങ്ങള്‍ എന്നിവരാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്.

Flats-kozhikode

അതിജീവനക്ഷമതയുള്ള കേരളമെന്ന ലക്ഷ്യത്തിലേക്ക് : എ.സി. മൊയ്തീന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

Posted on Thursday, February 6, 2020

അതിജീവനക്ഷമതയുള്ള കേരളമെന്ന ലക്ഷ്യത്തിലേക്ക് എ.സി. മൊയ്തീന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

മുഖ്യമന്ത്രി സംസ്ഥാന നിയമസഭയില്‍ “നമ്മള്‍ നമുക്കായി” എന്ന് പേരിട്ടിരിക്കുന്ന ജനകീയാസൂത്രണ മാതൃകയിലുള്ള ക്യാമ്പയിന്‍ പ്രഖ്യാപിക്കുകയുണ്ടായല്ലോ. മഹാപ്രളയത്തില്‍ ഉലഞ്ഞുപോയ കേരളത്തെ മുമ്പു് ഉണ്ടായിരുന്നതിനേക്കാള്‍ മികവുറ്റതായി പുനര്‍നിര്‍മ്മിക്കാനുതകുന്ന രീതിയില്‍ ആണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമെന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗ്ഗരേഖയായി കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടി (Rebuild Kerala Development Programme) തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ അറിവും ആശയവും കൂടി ഉള്‍കൊണ്ടുകൊണ്ട് തികച്ചും ജനകീയവും പ്രായോഗികവുമായ ഒരു ജനപങ്കാളിത്ത ക്യാമ്പയിനാണ് ‘നമ്മള്‍ നമുക്കായി’ ലക്ഷ്യ മിടുന്നത്. ഈ ക്യാമ്പയിനിന് രണ്ട് ഘടകങ്ങളാണുള്ളത്. 1 ജനകീയ പങ്കാളിത്തത്തോടെ അതിജീവനക്ഷമത ഉറപ്പാക്കുന്നതിലേക്കാ വശ്യമായ നയ വ്യതിയാനങ്ങളും തിരുത്തലുകളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്പയിന്‍. 2 എല്ലാ തദ്ദേശസ്വയംഭരണ സര്‍ക്കാരുകളിലും ദുരന്ത മാനേജ് മെന്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യല്‍. പ്രാദേശിക ജനവിഭാഗങ്ങള്‍, യുവാ ക്കള്‍, സ്ത്രീകള്‍, പണ്ഡിതര്‍, ആഗോള മല യാളി സമൂഹം, അന്താരാഷ്ട്ര വിദഗ്ദ്ധര്‍ എന്നിങ്ങനെ പല വിഭാഗങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് ക്യാമ്പയിന്‍ ആവിഷ്കരിച്ചിട്ടുള്ളത്. പ്രാദേശിക തലത്തില്‍ വിവിധ രീതി യില്‍ ഈ ഇടപെടല്‍ സാധ്യമാണ്. പ്രത്യേ കിച്ചും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍. അതിനായി ചിട്ടപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിലൂടെ ഒരു പരിധി വരെ ഇത് സാധ്യമാക്കാന്‍ കഴിയണം. ഈ പ്രവര്‍ത്തനങ്ങളി ലെല്ലാം എല്ലാ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തിലും തുടര്‍ന്നുണ്ടായ വിവിധ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിലും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളിലുമായി നേതൃത്വപരമായ പങ്ക് വഹിച്ചവരാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. അതാണ്‌ നമ്മുടെ ശക്തി. വിവിധ തരത്തിലുള്ള ദുരന്ത സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം. പതി നേഴ് തരം പ്രകൃതി ദുരന്തങ്ങള്‍ക്കാണ് കേര ളത്തില്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അതോടൊപ്പം 22 ഇനം മനുഷ്യകാരണങ്ങളായ ദുരന്തങ്ങള്‍ക്കും കേരളത്തില്‍ സാധ്യതയുണ്ട്. കേരളത്തിലെ 77 താലൂക്കുകളില്‍ 21 താലൂക്കുകള്‍ അതീവ ദുരന്ത സാധ്യതയുള്ളതും 35 താലൂക്കുകള്‍ മിതമായ ദുരന്ത സാധ്യതയുള്ളതുമായ പ്രദേ ശങ്ങളായി കണ്ടെത്തിയിട്ടുണ്ട് കേരളത്തിന്റെ ഭൂരിപക്ഷ പ്രദേശവും ദുരന്തങ്ങളുടെ പരിധിക്കുള്ളില്‍ വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ പ്രളയങ്ങള്‍ കേരളത്തിന്റെ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവും സാമൂഹ്യ കേന്ദ്രീകൃതവുമാകേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. ദുരന്ത ലഘൂ കരണം പ്രാദേശികമായ ആസൂത്രണത്തിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യഘടനയും പങ്കാളിത്ത ആസൂത്രണത്തിലെ ദീര്‍ഘകാല പരിചയവും ദുരന്ത അതിജീവനക്ഷമതയും ദുരന്ത പ്രതിരോധവും തീര്‍ക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്താന്‍ സഹായകമാണ്. പ്രാദേശിക ഭൂവിനിയോഗ - പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളെ ദുരന്ത അതിജീവനത്തിനും പ്രതിരോധത്തിനും ഉതകുന്ന തരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് ജനങ്ങളുടെ അറിവും അനുഭവവും പങ്കാളിത്തവും പ്രയോജനപ്പെടുത്താന്‍ കേരളത്തിന് നിഷ്പ്രയാസം സാധിക്കും.

ദുരന്ത നിവാരണ സംവിധാനങ്ങള്‍

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശമാകുന്നത് ദേശീയ ദുരന്ത നിവാരണ നിയമമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആണു ള്ളത്. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാന ദുരന്ത നിവാരണ പദ്ധതി രൂപീകരിക്കുന്നതും ഇവര്‍ തന്നെ. ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കോ-ചെയര്‍മാനുമായുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അവരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ പ്ലാനും തയ്യാറാക്കും. കേന്ദ്ര നിയമത്തിന്റെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പലപ്പോഴും യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കേണ്ടത് എന്നതിനാല്‍ ആ രീതിയിലുള്ള സംവിധാനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും ആണ് അനുവര്‍ത്തിക്കുന്നത്. സ്വാഭാവികമായും ഇവയെല്ലാം ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. എന്നാല്‍ ഈ സംവിധാനം കൊണ്ട് മാത്രമായി താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയില്ല എന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ജനകീയ പങ്കാളിത്തത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. അത് സാധ്യമാവും എന്നും കേരളം തെളിയിച്ചിട്ടുണ്ട്. ദുരന്ത വേളയിലെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാതല ദുരന്ത നിവാരണ പ്ലാനും വരെയേ കേന്ദ്ര നിയമം നിഷ്കര്‍ഷിക്കുന്നുള്ളൂ. അതിനും താഴെ ഗ്രാമ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റവന്യൂ വില്ലേജ് എന്ന് ഇതിന് അര്‍ത്ഥമില്ല. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ എന്ന നിലയിലാണിത്. മാത്രവുമല്ല, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കേണ്ടതാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ശക്തമായ തദ്ദേശഭരണ സംവിധാനം ഉള്ള കേരളത്തില്‍ ഇത് ഏറെ പ്രായോഗികവുമാണ്. കേരളത്തിന്റെ സാഹചര്യത്തിലും 73-74 ഭരണഘടനാ ഭേദഗതികളുടെ സാഹചര്യത്തിലും ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും വിഷയങ്ങളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാലും അതിനു നേതൃത്വം കൊടുക്കുവാന്‍ കഴിയുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്‌. ജന പങ്കാളിത്തത്തോടെ വേണം ഇത് സംഘടിപ്പിക്കുവാന്‍ എന്നതും പ്രധാനമാണ്. നിലവിലെ കേന്ദ്ര ദുരന്ത നിവാരണ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിനു സാധൂകരണം നല്‍കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും ദുരന്ത നിവാരണവും

ദുരന്ത കാലഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ നേതൃത്വപരമായ പ്രവര്‍ത്തനം മാതൃകാപരമാണ്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, താല്‍ക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ജനങ്ങളെയാകെ സംഘടിപ്പിച്ച് ജനജീവിതം സാധാരണ ഗതിയില്‍ പുനഃസ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. കില തയ്യാറാക്കിയ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ അനുഭവ കുറിപ്പുകളി ല്‍നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത കാലഘട്ടത്തിലെ ഇടപെടലുകളുടെ ആഴവും പരപ്പും നന്നായി മനസ്സിലാക്കാന്‍ കഴിയും. ഈ അനുഭവങ്ങളെ ക്രിയാത്മകമായ തുടര്‍ ഇടപെടലിന് പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക വികസനത്തിനായി കഴിഞ്ഞ 20 വര്‍ഷത്തിലേറെ കാലം കൊണ്ട് സൃഷ്ടിച്ച പൊതുആസ്തികള്‍ ദുരന്തങ്ങള്‍വഴി നഷ്ടപ്പെട്ടു. അത് തിരിച്ചുപിടിക്കുന്നതിനും ദുരന്ത പ്രതിരോധ ശേഷിയുള്ള വികസന രീതി പ്രാദേശിക വികസന പരിപാടികളില്‍ ഉള്‍ച്ചേര്‍ക്കുന്നതിനും കഴിയുന്ന തരത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനാസൂത്രണത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹ്യകേന്ദ്രീകൃതമായ ദുരന്ത പ്രതിരോധ അതിജീവന സംവിധാനം രൂപപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക ആസൂത്രണ-വികസനത്തിലെ അനുഭവ സമ്പത്ത് ഇതിന് സഹായകമാണ്. അങ്ങനെ ഇന്ത്യക്കായി മറ്റൊരു മാതൃക സൃഷ്ടിക്കാനും കേരളത്തിനാകും. പ്രത്യേകിച്ചും എല്ലാം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ അത്തരമൊരു മാതൃക ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവ വിനിയോഗത്തിലെ അശാസ്ത്രീയതകളും കൂടിച്ചേര്‍ന്നാണ് ഈ ദുരന്ത സാഹചര്യങ്ങളിലേക്ക് നമ്മെക്കൊണ്ടെത്തിച്ചതെന്ന സത്യം നമ്മള്‍ മനസ്സിലാക്കണം. നിലവിലെ വികസന രീതികളിലും ശീലങ്ങളിലും നിയമാവലികളും പുനര്‍വിചിന്തന ത്തിന് വിധേയമാക്കി പുതിയ സാഹചര്യത്തിനനുസരിച്ച് ശാസ്ത്രവും അനുഭവവും ആസൂത്രണവും ജനപങ്കാളിത്തവും ഒത്തുചേരുന്ന പ്രവര്‍ത്തനരീതി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനതലദുരന്ത നിവാരണ പദ്ധതി

ഈ പശ്ചാത്തലത്തിലാണ് വിപുലമായ ജനപങ്കാളിത്തത്തോടെ കേരള പുനര്‍ നിര്‍മ്മാണത്തിനുള്ള ജനകീയ പദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രാമസഭയില്‍ തുടങ്ങി പ്രത്യേക നിയമ സഭാ സമ്മേളനത്തില്‍ അവസാനിക്കുന്നതരത്തിലുള്ള ക്യാമ്പയിനാണ് രൂപം നല്‍കിയിരിക്കുന്നത്. ‘നമ്മള്‍ നമുക്കായി’എന്ന പേരില്‍ ആവിഷ്കരിച്ചിരിക്കുന്ന ക്യാമ്പയിന്റെ പ്രാദേശിക നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പ്രകൃതി ദുരന്തത്തെ അതിജീവിക്കാനും പ്രതിരോധിക്കാനും കഴിയുന്ന തരത്തില്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും നിലവിലുള്ള നിയമങ്ങളിലും വികസന ശീലങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും ഗ്രാമസഭ/വാര്‍ഡ്സഭയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രാദേശിക വികസന പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടത്. ഒപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രൂപപ്പെടുന്ന പ്രത്യേക പരിശീലനം ലഭിച്ച സാങ്കേതിക സഹായക സംഘം (ലോക്കല്‍ റിസോഴ്സ് ഗ്രൂപ്പ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസ്ഥാവിശകലനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കരട് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. ഇതിനായുള്ള വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപന സ്ടിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത് അന്തിമമാക്കണം. മറ്റു വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍ എല്ലാം അവരവരുടെ മേഖലയില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം. ഗ്രാമ/വാര്‍ഡ്‌ സഭകളില്‍ ഇവ ചര്‍ച്ച ചെയ്യണം. വികസന സെമിനാറിന്റെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ദുരന്ത നിവാരണ പദ്ധതിക്ക് അന്തിമ രൂപം നല്‍കേണ്ടത്. ഈ റിപ്പോര്‍ട്ടില്‍ നിന്നും ദുരന്ത പ്രതിരോധത്തിനും അതിജീവനത്തിനും ആവശ്യമായ പ്രോജക്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രസ്തുത ദുരന്ത നിവാരണ പദ്ധതി ജില്ലാ ആസൂത്രണ സമിതി വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. 2020-21 വാര്‍ഷിക പദ്ധതിയുടെ അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സമയക്രമവും സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ദുരന്തനിവാരണ പദ്ധതിക്കാവശ്യമായ കരടു രൂപരേഖയും വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ പദ്ധതിയും വാര്‍ഷിക പദ്ധതിയും സംയോജിപ്പിക്കേണ്ടതുണ്ട്. ജനുവരി അവസാനം ചേരുന്ന ഗ്രാമസഭകളില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. അതിനു ശേഷം ദുരന്ത നിവാരണ പദ്ധതിക്ക് വേണ്ടി മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സെമിനാര്‍ സംഘടിപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയില്‍ മേല്‍ തട്ട് നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണം. അവ അതാതു തലത്തില്‍ - ബ്ലോക്ക്‌ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകള്‍, ജില്ലാ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയെല്ലാം പരിഗണിക്കണം. അങ്ങനെ കേരള പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ഏറ്റവും താഴെ തട്ടില്‍ നിന്ന് തന്നെ രൂപീകരിക്കണം. ഏറ്റവും അവസാനം ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി ‘നമ്മള്‍ നമുക്കായി’ സമ്മേളനം സംഘടിപ്പിക്കണം. ഇതിനാവശ്യമായ പരിശീലന പരിപാടികള്‍ കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുകയാണ്. ഏതാണ്ട് രണ്ടര ലക്ഷം പേരെ ചുരുങ്ങിയ സമയം കൊണ്ട് പരിശീലിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. വിവിധ ഘട്ട പരിശീലനങ്ങള്‍ കഴിഞ്ഞുവെങ്കിലും വേണ്ടത്ര ഗൗരവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. നേരത്തെ അറിയിപ്പ് ഇല്ലാതിരുന്നതിനാലും മറ്റു പരിപാടികള്‍ മൂലവും വേണ്ടത്ര ഗൗരവം താഴെ നല്കാതിരുന്നതിനാലും പല ജില്ലകളിലും പങ്കാളിത്തം കുറവായിരുന്നു. ഇപ്പോള്‍ വ്യത്യാസമുണ്ട്. പങ്കെടുക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് വേണ്ടി വീണ്ടും പരിശീലനം ഏര്‍പ്പെടുത്തും. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ദുരന്ത നിവാരണ പരിപാടി തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സഹായിക്കാനായി 20 റിസോഴ്സ് പേഴ്സണ്‍മാരുടെ (ലോക്കല്‍ റിസോഴ്സ് ഗ്രൂപ്പ്‌)പരിശീലനമാണ് അടുത്ത ഘട്ടം. യുവജനങ്ങള്‍, ഫീല്‍ഡ് വര്‍ക്കില്‍ പരിചയമുള്ളവര്‍, വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി പരിചയമുള്ളവര്‍, ഈ വിഷയത്തിലും സാമൂഹിക വിഷയത്തിലും അക്കാദമിക പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. യുവജനങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്. ഓരോ വാര്‍ഡില്‍ നിന്നും ഇതു പോലെ 20 പേര്‍ വീതം എന്ന നിലയില്‍ ആയി രിക്കും പരിശീലനം. ഇതെല്ലാം താഴെ തട്ടില്‍ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ ഉള്ള പ്രവര്‍ത്തനത്തിന് വേണ്ടി ആണെന്ന ധാരണയോടു വേണം ആളുകളെ തിരഞ്ഞെടുക്കാന്‍. തുടര്‍പ്രവ ര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം. ഇതിനായി ജില്ലാ ആസൂത്രണ സമിതി നേതൃത്വപരമായ പങ്കു വഹിക്കണം. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പു വരുത്തണം. അതിനാവശ്യമായ സംവിധാനങ്ങളും ചുമതലയും ചിട്ടപ്പെടുത്തണം. ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകള്‍ താഴെ തട്ടില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു വേണം വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍. സംയോജിത പദ്ധതികള്‍ ആവശ്യമുണ്ടെന്നു കണ്ടെത്തിയാല്‍ ജില്ലാ ആസൂത്രണ സമിതി അതിനു നേതൃത്വപരമായ പങ്കു വഹിക്കണം.

ജനുവരിയില്‍ തന്നെ ഈ പ്രവര്‍ത്തന ങ്ങളില്‍ ഏറിയ പങ്കും പൂര്‍ത്തിയാക്കണം. ഇപ്പോഴത്തെ ഭരണസമിതി അടുത്ത വര്‍ഷം ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഈ ഭരണസമിതിക്ക് പദ്ധതി ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും ലഭിക്കുന്ന പൂര്‍ണ്ണവര്‍ഷമാണ് കടന്നു പോകുന്നത്. പദ്ധതിച്ചെലവ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറ്റവും മികച്ച പദ്ധതി നിര്‍വ്വഹണ രീതി ശേഷിക്കുന്ന മാസങ്ങളില്‍ കാഴ്ചവയ്ക്കണം. 2019-20ലെ പദ്ധതി ആസൂത്രണ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ആസൂത്രണ നടപടിക്രമങ്ങള്‍ ഡിസംബര്‍ 7-ന് ആരംഭിച്ച് മാര്‍ച്ച് 5-ന് ജില്ലാ ആസൂത്രണസമിതിക്ക് വാര്‍ഷിക പദ്ധതി സമര്‍പ്പിക്കുന്ന രീതിയിലുള്ള ഒരു കലണ്ടര്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. കലണ്ടര്‍ പ്രകാരം പദ്ധതി ആസൂത്രണത്തിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കണം.

ഞാനാദ്യമേ സൂചിപ്പിച്ചിരുന്നു കേരളം കണ്ട മഹാപ്രളയത്തില്‍ നിന്നും നാം കരകയറാനുള്ള ശ്രമത്തിലാണെന്ന്. വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവയിലെല്ലാം ഇടപെടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പരിമിതികളുണ്ടെന്നറിയാം. പ്രളയക്കെടു തിയെ അതിജീവിക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി വേണം വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തേണ്ടത്. നശിച്ചുപോയ ആസ്തികള്‍ പുനസൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം ജീവനോപാധികളും സൃഷ്ടിക്കണം. പ്രളയത്തില്‍ കൊടിയ നാശം സംഭവിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 250 കോടി പ്രത്യേകമായി നല്‍കുന്നുണ്ട്. ഈ തുകയും അടുത്ത മാര്‍ച്ച് 31-നകം ചെലവഴിക്കത്തക്ക രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.

പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണത്തിന് 961 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. “മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി” പ്രകാരം ഓരോ ജില്ലയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് ഇതിനായി പ്രാദേശിക തലത്തില്‍ സമിതി രൂപീകരിക്കാവുന്ന താണ്. ഇതു കൂടാതെ ജില്ലാതലത്തില്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി ഇതിനായി സാങ്കേതിക സമിതിയും രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇതു കൂടാതെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം സാരമായി കേടുപാടുകള്‍ സംഭവിച്ച പ്രദേശങ്ങളെ സഹായിക്കാന്‍ 37.50 കോടി രൂപ സര്‍ക്കാര്‍ മാറ്റി വച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിന്റെ പ്രൊപ്പോസല്‍ തരുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ തുക അനുവദിക്കുന്നതാണ്. ഇത് ഇടുക്കി ജില്ലയ്ക്ക് പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനുമപ്പുറമാണ് റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന്റെ ഭാഗമായ പ്രാദേശിക പദ്ധതികളും. കേരള പുനര്‍ നിര്‍മ്മാണ വികസന പദ്ധതിയില്‍ ഏറെ നിര്‍ണ്ണായകമാണ് നമ്മള്‍ നമുക്കായി ക്യാമ്പയിന്‍. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കലും അവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തലും മേല്‍ തട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കലും. ആ ഗൗരവം കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു നയിക്കേണ്ടതുണ്ട്.

പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വൻ മുന്നേറ്റം സാധ്യമാകും: മുഖ്യമന്ത്രി

Posted on Wednesday, February 5, 2020

കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകങ്ങൾ. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് 1,18,000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിർത്തിയിൽ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകൾ സഹകരിച്ചു പ്രവർത്തിച്ചാൽ ഇത് യാഥാർത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്‌സിഡി സർക്കാർ നിശ്ചയിച്ചു നൽകും. വിവിധയിനം തൈകൾ തദ്ദേശസ്ഥാപനതലത്തിൽ വിതരണം ചെയ്യാവുന്നതാണ്. ഒരു വർഷം കൊണ്ട് ഒരു കോടി തൈകൾ വിതരണം ചെയ്താൽ പത്തു വർഷം കൊണ്ട് 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. ഒരു തദ്ദേശസ്ഥാപന പരിധിയിൽ അഞ്ച് കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവും.

പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങൾ മഴ ഷെൽട്ടറുകൾ പ്രോത്സാഹിപ്പിക്കണം. പത്തു വർഷം കൊണ്ട് ഒരു പഞ്ചായത്തിൽ നൂറ് ഷെൽട്ടർ സ്ഥാപിക്കാനാവണം. ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തിയാൽ 31,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണമെന്ന് നിശ്ചയിക്കണം. പാലിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങളും ലഭിക്കും. പത്തു വർഷം കൊണ്ട് ഇത് ആയിരം പശുക്കളായാൽ 70000 കോടി രൂപയുടെ അധിക വരുമാനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിനെപ്പോലെ തന്നെ ആടു വളർത്തലും നടത്താം. ഒരു തദ്ദേശസ്ഥാപന പരിധിയിൽ 10 വർഷം കൊണ്ട് രണ്ടായിരം ആടുകളുണ്ടെങ്കിൽ 13,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. തദ്ദേശസ്ഥാപന പരിധിയിൽ 1.30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. 200 കോഴികളുള്ള 30 യൂണിറ്റുകൾ ഒരു തദ്ദേശസ്ഥാപന പരിധിയിൽ സ്ഥാപിക്കാം. പത്തു വർഷം കൊണ്ട് 35,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാം. 3.40 ലക്ഷം രൂപ തദ്ദേശസ്ഥാപന പരിധിയിൽ അധികമായി ലഭിക്കും. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കാനാവും.

വ്യാവസായിക മേഖലയിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് കൊച്ചിയിൽ നടന്ന അസെൻഡ് 2020ൽ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇപ്പോൾ 21-ാം സ്ഥാനത്താണ്. അടുത്ത അഞ്ച് വർഷത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശരിയായ ഇടപെടൽ ഉണ്ടാവണം. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ സംവിധാനം ശക്തമായി ഇടപെടും. നിലവിൽ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടർക്ക് മാത്രം നിരോധനം ഏർപ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം. പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. പുതിയ പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് അത് നൽകുക. പക്ഷെ, അത്തരം സംരംഭങ്ങളിൽ പുരുഷ തൊഴിലാളിെയക്കാൾ രണ്ടായിരം രൂപ കൂടുതൽ ശമ്പളം സ്ത്രീ തൊഴിലാളിക്ക് ഉണ്ടായിരിക്കണം. പത്തു വർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തിൽ മനസിലായതാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണം. ബോധവത്ക്കരണവും പ്രാദേശിക രീതിയിലുള്ള സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപനവും തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കണം. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാർഡ് സഭകളിലും ചർച്ചകൾ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്തുകളുടെ സമ്പൂർണ ഐ. എസ്. ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വനം മന്ത്രി കെ. രാജു, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, തദ്ദേശസ്വയംഭരണ സ്ഥാപന സംഘടന പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

നമ്മള്‍ നമുക്കായി : മുഖ്യമന്ത്രി

Posted on Wednesday, January 1, 2020

നമ്മള്‍ നമുക്കായി : മുഖ്യമന്ത്രി

2018 ആഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തില്‍ ഉലഞ്ഞുപോയ കേരള ത്തെ മുമ്പ് ഉണ്ടായിരുന്നതിനെക്കാള്‍ മികവുറ്റതായി പുനര്‍നിര്‍മ്മിക്കുക എന്ന സുപ്രധാന ദൗത്യമെന്ന നിലയിലാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്കിയിട്ടുള്ളത്. പ്രളയാനന്തരം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കും ശേഷം കേരളം ശ്രദ്ധ പതിപ്പിച്ചത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാ യിരുന്നു. എന്നാല്‍ പശ്ചാത്തല സൗകര്യങ്ങളുടെയും ഭൂവ്യവസ്ഥകളുടെയും പുനഃസ്ഥാപനം വന്‍ മുതല്‍മുടക്കും സമയവും വേണ്ടിവരുന്ന പ്രകിയയാണ്.

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാ ണം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടി (Rebuild Kerala Development Program - RKDP) യുടെ നയരേഖ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കി വരുന്നു. പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച പരമ്പരാഗത സമീപനം പാടേ മാറ്റിവച്ചുകൊണ്ടുള്ള ഒരു നയസമീപനമാണ് കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേ ശം നല്കു ന്ന ഒരു സമഗ്ര പ്രവര്‍ത്തനപദ്ധതി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തില്‍ നിന്നുള്ള അതിജീവനം എന്നത് ഒരു വെല്ലുവിളിയായും അവസരമായും കണ്ട്, ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്നവിധം കരുത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗ്ഗരേഖയാണ് RKDP. ഇത്തരത്തിലുള്ള പുനര്‍നിര്‍മ്മാ ണത്തിന് ഉതകുന്ന മേഖലാടിസ്ഥാനത്തിലുള്ളതും (Sector based) വിവിധ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ (cross-cutting) നയസമീപനം, സ്ഥാപനതലത്തിലും നിയന്ത്രണതലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍, മുന്‍ഗണന നല്കേണ്ടുന്ന പദ്ധതികള്‍ തുടങ്ങിയവ RKDPയില്‍ ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള മറ്റു ഭീഷണികളും പരിഗണിക്കുന്നതും ഭാവിയിലെ ദുരന്തങ്ങളെക്കൂടി ചെറുക്കാന്‍ ശേഷിയുള്ളതുമായ കേരള പുനര്‍നിര്‍മ്മാണത്തിന് കരുത്തേകുന്നതാണ് RKDP. ഈ നയരേഖ വികസന പങ്കാളികള്‍ക്കു മുമ്പാകെ അവതരിപ്പിച്ച് പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വിഭവ സമാഹരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള പുനര്‍നിര്‍മ്മാണ പരിപാടി ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്കിയിട്ടുള്ളത്. അതിലൂടെ ലോക ബാങ്കടക്കമുള്ള വികസന പങ്കാളികളില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നമുക്കായിട്ടുണ്ട്.

വിപുലമായ കണ്‍സള്‍ട്ടേഷന്‍ നടത്താതെയാണ് RKDP തയ്യാറാക്കിയിട്ടുള്ളത് എന്നത് ന്യൂനതയായി സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ആര്‍കെഐ മുന്നോട്ടു വയ്ക്കുന്ന നയപരമായ നിര്‍ദ്ദേശങ്ങള്‍, കേരളത്തിലെ പൊതുസമൂഹവുമായി നടത്തുന്ന വിപുലമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തില്‍ സമ്പുഷ്ടമാക്കേണ്ടതുണ്ട്. 2019-ലും വെള്ളപ്പൊക്കം ആവര്‍ത്തിച്ചതോടെ ദുരന്ത പ്രതിരോധ/നിവാരണ സംവിധാനങ്ങളിലും സമീപനങ്ങളിലും കാതലായ മാറ്റം വരേണ്ടതുണ്ടെന്ന തിരിച്ചറിവ് പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമൂഹകേന്ദ്രീകൃത ദുരന്തനിവാരണ/പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട്. നിലനില്ക്കുന്ന രീതിശാസ്ത്രത്തില്‍ നിന്നുള്ള മാറ്റമാണ് പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ മറികടക്കാനുള്ള മാര്‍ഗ്ഗമായി നാം വിലയിരുത്തുന്നത്. കേരളം പരമ്പരാഗതമായി പാലിച്ചുപോരുന്ന കാഴ്ചപ്പാടുകളിലും നയസമീപനങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നേറിയാല്‍ മാത്രമേ അതിജീവനക്ഷമതയുള്ള കേരള സമൂഹം എന്ന മഹത്തായ ലക്ഷ്യം നേടാനാകൂ. ജനകീയ പങ്കാളിത്തത്തോടെ ഇത്തരം തിരുത്തലുകള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി, വിദഗ്ധരെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ അറിവും അനുഭവവും ആശയങ്ങളും കൂടി ഉള്‍ക്കൊണ്ടുകൊണ്ട് തികച്ചും ജനകീയവും പ്രായോഗികവുമായ രീതിയില്‍ ഒരു ജനപങ്കാളിത്ത ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ആര്‍കെഐയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന 'നമ്മള്‍ നമുക്കായി' എന്ന് പേരിട്ടിരിക്കുന്ന ജനകീയാസൂത്രണ മാതൃകയിലുള്ള ഈ ക്യാമ്പയിന് രണ്ട് ഘടകങ്ങളാണ് ഉണ്ടാകുക.

  1. ജനകീയ പങ്കാളിത്തത്തോടെ അതിജീവനക്ഷമത ഉറപ്പാക്കുന്നതിലേക്കാവശ്യമായ നയവ്യതിയാനങ്ങളും തിരുത്തലുകളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്പയിന്‍.
  2. എല്ലാ തദ്ദേശ സ്വയംഭരണ സര്‍ക്കാ രുകളിലും ദുരന്ത മാനേജ്‌മെന്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യല്‍.

    ജനങ്ങളില്‍ നിന്നുള്ള ആശയരൂപീകരണത്തിനായി ചുവടെ പറയുന്ന മേഖലകളെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

  1. ഭൂവിനിയോഗം
  2. ജല പരിപാലനം
  3. വനപരിപാലനം
  4. പ്രാദേശിക സമൂഹവും അതിജീവനവും
  5. ഗതാഗതം, വാര്‍ത്താവിനിമയം,
  6. സാങ്കേതികവിദ്യ

പ്രത്യേക ഗ്രാമസഭകളിലൂടെ ഉരുത്തിരിഞ്ഞ് പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പര്യവസാനിക്കുന്ന വിധത്തില്‍ വിവിധതലങ്ങളിലായാണ് ക്യാമ്പയിന് രൂപം നല്കിയിട്ടുള്ളത്. പ്രാദേശിക ജനവിഭാഗങ്ങള്‍, യുവാക്കള്‍, പണ്ഡിതര്‍, ആഗോള മലയാളി സമൂഹം, അന്താരാഷ്ട്ര വിദഗ്ദ്ധര്‍ എന്നിങ്ങനെ പല വിഭാഗങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. താഴെ പറയുന്ന വിവിധ തലങ്ങളിലായാണ് ചര്‍ച്ചകളും സംവാദങ്ങളും നടക്കുക

  1. പ്രത്യേക ഗ്രാമസഭ: കേരളത്തിന്റെ പ്രാദേശിക ആസൂത്രണത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഗ്രാമസഭകളുടെ പ്രത്യേക സമ്മേളനം വിളിച്ച് ഈ പ്രക്രിയയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഗ്രാമസഭകള്‍ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തണം. ഇത്തരം ഗ്രാമസഭകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാതലങ്ങളിലെ സമഗ്ര ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
  2. കേരളത്തിലെ അക്കാദമിക സമൂഹത്തെയും യുവാക്കളെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍വ്വകലാശാലകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ചര്‍ച്ചകള്‍.
  3. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക വിഷയങ്ങളില്‍ വിശാലമായ ടെക്‌നിക്കല്‍ സെഷനുകള്‍.
  4. കേരളത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹത്തിന് ഈ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനവസരം നല്കുന്ന തരത്തില്‍ ഓണ്‍‌ലൈന്‍ സംവിധാനം.
  5. കേരള ഡയസ്‌പോറയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനുതകുന്ന വിധ ത്തില്‍ ഫോക്കസ്ഡ് ആയിട്ടുള്ള വെര്‍ച്ച്വല്‍ ചര്‍ച്ചകള്‍.
  6. മുകളില്‍ പ്രതിപാദിച്ച അഞ്ച് തലങ്ങളിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ആര്‍.കെ.ഐ.യുടെ നേതൃത്വത്തില്‍ സമാഹരിച്ച് (വിദഗ്ദ്ധ സമിതി കള്‍ തയ്യാറാക്കുന്ന ടെക്‌നിക്കല്‍ പേപ്പറുകള്‍) ആഗോളതലത്തിലുള്ള വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ഘട്ടത്തില്‍ ഒരു അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും.
  7. ഇത്തരത്തിലുള്ള സെമിനാറില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാ ണവുമായി ബന്ധപ്പെട്ടും പ്രത്യേക നിയമസഭാസമ്മേളനം.
  8. ദുരന്ത ലഘൂകരണം, തയ്യാറെടുപ്പ്, disaster management എന്നീ മേഖലകളില്‍ ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വപരമായ ഇടപെടലും ഉറപ്പാക്കി, പ്രാദേശികമായി ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയാല്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ലക്ഷ്യകേന്ദ്രീകൃതവുമാകും. ഇതുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മുഖേന തുടക്കമിടാനായിട്ടുണ്ട്. എന്നാലിത് കേരളം മുഴുവനായും വ്യാപിപ്പിക്കേണ്ടത് ഇക്കഴിഞ്ഞ പ്രളയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നാം ഏറ്റവും പ്രാധാന്യ ത്തോടെ ഏറ്റെടുക്കേണ്ട പ്രവര്‍ത്ത നമാണ്. ഇതിനായി താഴെ പറയുന്ന പരിപാടികളാണ് ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ജനകീയ പ്രതിരോധം:

കേരളത്തിലെ എല്ലാ ജില്ലകളിലും, പരിശീ ലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ജന കീയ പ്രതിരോധ സേന രൂപീകരിക്കണം.

പഞ്ചായത്തുതല ദുരന്ത പരിപാലന പദ്ധതികള്‍:

ദുരന്ത സാധ്യതയുള്ളതായ (moderate & high) എല്ലാ താലൂക്കുകളിെലയും പഞ്ചായത്തുകളില്‍ അടിയന്തരമായി പഞ്ചായത്തുതല ദുരന്ത പരിപാലന പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കണം.

മറ്റ് പഞ്ചായത്തുകളില്‍ ഇതു ഘട്ടം ഘട്ടമായും നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ അടുത്ത വര്‍ഷത്തെ പദ്ധതികള്‍ ആസൂത്ര ണം ചെയ്യുന്ന അവസരത്തില്‍ തന്നെ ദുരന്തപ്രതിരോധത്തിനും അതിജീവനത്തിനും ഉള്ള പ്രാദേശികമായ പദ്ധതികളും ആസൂത്രണം ചെയ്ത് അംഗീകരിക്കുക വഴി പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണത്തില്‍ മെച്ചപ്പെട്ട ദുരന്ത പ്രതിരോധവും അതിജീവനക്ഷമതയും ഉറപ്പാക്കാനാകും. എല്ലാ ജനപ്രതിനിധികളും അവര്‍ താമസിക്കുന്ന പ്രദേശത്തെ ഗ്രാമസഭകളില്‍ പങ്കെടുത്ത് നേതൃത്വപരമായ പങ്ക് വഹിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം തന്നെ കേരളത്തിന്റെ ദുരന്ത പ്രതിരോധശക്തി വര്‍ദ്ധി പ്പിക്കുന്നതി ലേക്കായി താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും പിന്തുണയോടു കൂടി ഏറ്റെടുക്കേണ്ടതുണ്ട്.

  1. ദുരന്ത പരിപാലനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ദുരന്തപരി പാലന പദ്ധതികള്‍ ആവിഷ്‌കരിക്കുക. (Preparation of Departmental Disaster Management) ദുരന്ത നിവാരണത്തില്‍ ഭാഗഭാക്കാകേണ്ടതായി കണ്ടെത്തിയിട്ടുള്ളത് 25 വകുപ്പുകളാണ്. ഇവയിലെല്ലാം തന്നെ ദുരന്തപരിപാലന പദ്ധതികള്‍ ആവിഷ്‌കരിക്കാനാകണം.
  2. സ്‌കൂള്‍, ആശുപത്രി മുതലായ കെട്ടിടങ്ങളുടെ ദുരന്താതിജീവനക്ഷമത തിട്ടപ്പെടുത്തുക: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഒരു പ്രത്യേക ദൗത്യമായി ഏറ്റെടുക്കണം.
  3. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോള്‍ഡര്‍ വകുപ്പുകളില്‍ Virtual Cadre രൂപീകരിക്കല്‍.
  4. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്ത് ദുരന്ത മാനേജ്‌മെന്റ് പ്ലാനുകളുടെ ഭാഗമായി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തദ്ദേശസ്വയംഭരണ വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ഏറ്റെടുക്കുന്നതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കില മുഖേനയായിരിക്കും.

മുഖ്യമന്ത്രി 2019 നവംബര്‍ 21-ന് നിയമസഭയിൽ നടത്തിയ പ്രസ്താവനയില്‍നിന്ന്

Content highlight

ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഉത്തരവ് 

Posted on Thursday, December 5, 2019

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികവും സാമൂഹികാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഉത്തരവ് 

സ.ഉ(എം.എസ്) 156/2019/തസ്വഭവ Dated 04/12/2019