പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വൻ മുന്നേറ്റം സാധ്യമാകും: മുഖ്യമന്ത്രി

Posted on Wednesday, February 5, 2020

കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകങ്ങൾ. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് 1,18,000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിർത്തിയിൽ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകൾ സഹകരിച്ചു പ്രവർത്തിച്ചാൽ ഇത് യാഥാർത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്‌സിഡി സർക്കാർ നിശ്ചയിച്ചു നൽകും. വിവിധയിനം തൈകൾ തദ്ദേശസ്ഥാപനതലത്തിൽ വിതരണം ചെയ്യാവുന്നതാണ്. ഒരു വർഷം കൊണ്ട് ഒരു കോടി തൈകൾ വിതരണം ചെയ്താൽ പത്തു വർഷം കൊണ്ട് 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. ഒരു തദ്ദേശസ്ഥാപന പരിധിയിൽ അഞ്ച് കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവും.

പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങൾ മഴ ഷെൽട്ടറുകൾ പ്രോത്സാഹിപ്പിക്കണം. പത്തു വർഷം കൊണ്ട് ഒരു പഞ്ചായത്തിൽ നൂറ് ഷെൽട്ടർ സ്ഥാപിക്കാനാവണം. ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തിയാൽ 31,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണമെന്ന് നിശ്ചയിക്കണം. പാലിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങളും ലഭിക്കും. പത്തു വർഷം കൊണ്ട് ഇത് ആയിരം പശുക്കളായാൽ 70000 കോടി രൂപയുടെ അധിക വരുമാനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിനെപ്പോലെ തന്നെ ആടു വളർത്തലും നടത്താം. ഒരു തദ്ദേശസ്ഥാപന പരിധിയിൽ 10 വർഷം കൊണ്ട് രണ്ടായിരം ആടുകളുണ്ടെങ്കിൽ 13,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. തദ്ദേശസ്ഥാപന പരിധിയിൽ 1.30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. 200 കോഴികളുള്ള 30 യൂണിറ്റുകൾ ഒരു തദ്ദേശസ്ഥാപന പരിധിയിൽ സ്ഥാപിക്കാം. പത്തു വർഷം കൊണ്ട് 35,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാം. 3.40 ലക്ഷം രൂപ തദ്ദേശസ്ഥാപന പരിധിയിൽ അധികമായി ലഭിക്കും. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കാനാവും.

വ്യാവസായിക മേഖലയിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് കൊച്ചിയിൽ നടന്ന അസെൻഡ് 2020ൽ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇപ്പോൾ 21-ാം സ്ഥാനത്താണ്. അടുത്ത അഞ്ച് വർഷത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശരിയായ ഇടപെടൽ ഉണ്ടാവണം. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ സംവിധാനം ശക്തമായി ഇടപെടും. നിലവിൽ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടർക്ക് മാത്രം നിരോധനം ഏർപ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം. പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. പുതിയ പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് അത് നൽകുക. പക്ഷെ, അത്തരം സംരംഭങ്ങളിൽ പുരുഷ തൊഴിലാളിെയക്കാൾ രണ്ടായിരം രൂപ കൂടുതൽ ശമ്പളം സ്ത്രീ തൊഴിലാളിക്ക് ഉണ്ടായിരിക്കണം. പത്തു വർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തിൽ മനസിലായതാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണം. ബോധവത്ക്കരണവും പ്രാദേശിക രീതിയിലുള്ള സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപനവും തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കണം. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാർഡ് സഭകളിലും ചർച്ചകൾ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്തുകളുടെ സമ്പൂർണ ഐ. എസ്. ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വനം മന്ത്രി കെ. രാജു, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, തദ്ദേശസ്വയംഭരണ സ്ഥാപന സംഘടന പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.