ലൈഫ് മിഷൻ്റെ കീഴിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 44 കുടുംബങ്ങളാണ് ഈ സമുച്ചയത്തിൻ്റെ ഗുണഭോക്താക്കൾ.പ്രകൃതിവിഭവങ്ങളുടെ ചൂഷണം പരമാവധി ലഘൂകരിക്കുന്ന ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നിർമ്മാണ രീതികൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തുക എന്ന നയത്തിൻ്റെ ഭാഗമായാണ് പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭവനനിർമ്മാണത്തിന് ലൈഫ് മിഷൻ ഊന്നൽ നൽകുന്നത്. കെട്ടിടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഫാക്ടറിയിൽ തീർത്തതിനു ശേഷം നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് പ്രീഫാബ് സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. ഭാരം കുറഞ്ഞ സ്റ്റീലാണ് പ്രധാന നിർമ്മാണഘടകം. ഫാക്ടറിയിൽ നിർമ്മിക്കുന്നതിനാൽ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന എല്ലാ ടെസ്റ്റുകൾക്കും വിധേയമായതിനു ശേഷം മാത്രമാണ് ഇവ നിർമ്മാണത്തിനു ഉപയോഗിക്കപ്പെടുകയുള്ളൂ.പ്രകൃതിവിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ദ്രുതഗതിയിലുള്ള നിർമ്മാണം, ഉയർന്ന ഗുണനിലവാരം, പരിസ്ഥിതി മലിനീകരണത്തിലുള്ള കുറവ്, വീടുകൾക്കകത്തെ കുറഞ്ഞ താപനില, പ്രകൃതിക്ഷോഭങ്ങളോടുള്ള ഉയർന്ന പ്രതിരോധശേഷി, നിർമ്മാണഘടകങ്ങളുടെ പുനരുപയോഗ സാധ്യത എന്നിവയെല്ലാം പ്രീഫാബ് സാങ്കേതിക വിദ്യയെ കേരളത്തിന് അനുയോജ്യമായ ഭവനനിർമ്മാണ രീതിയായി മാറ്റുന്നു.
- 1179 views