സ്വരാജ് ട്രോഫി

അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃതാസൂത്രണത്തിലും ഒരു വിസ്മയമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . പല തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ ഒരു മത്സര സ്വഭാവത്തോടെയാണ് ഭരണ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാന്‍ തീരുമാനിച്ചത്. 1995-96 വര്‍ഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കി ആദരിച്ചുവരുന്നത്.
 

2016-17 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹത നോടിയ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.   ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
 

ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
 

ജില്ലാതലത്തില്‍ രണ്ടു വീതം ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.  ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.