കെട്ടിട നിര്‍മ്മാണ ക്രമവത്ക്കരണ ചട്ടം  2018  നിലവില്‍ വന്നു.

Posted on Wednesday, March 7, 2018

സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ GO(P)11/2018/LSGD യായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ GO(P)12/2018/LSGD ആയുമാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാകുന്നത്. വാണിജ്യ കെട്ടിടങ്ങളുടെ FAR, Coverage, Setback, Parking, Access എന്നിവ ഇതുമൂലം ക്രമവത്ക്കരിക്കാനാകും. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസ ത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍‌ക്കാരില്‍ അപ്പീല്‍ നല്കാവുന്നതാണ്.

 

Regularisation of Building Construction Act 2018