പിഎംഎവൈ (നഗരം) - ലൈഫ് : നഗരങ്ങളിലെ 15,000 കുടുംബങ്ങള്‍ക്ക് ഭവന വായ്പ, കുടുംബശ്രീയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും തമ്മില്‍ ധാരണ

Posted on Monday, December 9, 2019

* വായ്പ നല്‍കുക മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട്

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2022 മാര്‍ച്ചിനുള്ളില്‍ നഗരങ്ങളിലെ 15,000 കുടുംബ ങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജിയണല്‍ മാനേജര്‍ ഇ. രാജ്കുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കു കളുമായി സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,353 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം ഇതുവരെ വായ്പ നല്‍കി കഴിഞ്ഞു. കേരള സര്‍ക്കാരിന് വേണ്ടി പദ്ധതി നടപ്പാക്കുന്ന നോഡല്‍ ഏജന്‍ സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം). ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് വീടുകള്‍ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി യാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായ വര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായി യായ വാസയോഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്‌കീം അനുസരിച്ച് 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം, താഴ്ന്ന വരുമാന വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭി ക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് 12 ലക്ഷം വരെ വായ്പാ തുകയ്ക്ക് ലഭിക്കുന്ന പലിശ സബ്‌സിഡി 3 ശതമാനവും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്.
 
  കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് മാനേജര്‍ കൃഷ്ണ കുമാര്‍, പിആര്‍ഒ വില്‍സണ്‍ തോമസ്, കുറവങ്കോണം ബ്രാഞ്ച് സീനിയര്‍ മാനേജര്‍ മിനി ഉമ്മന്‍, പേരൂര്‍ക്കട മാനേജര്‍ മായാ പാര്‍വ്വതി, പട്ടം ബ്രാഞ്ച് സീനിയര്‍ മാനേജര്‍ ഷീബ, ഉള്ളൂര്‍ ബ്രാഞ്ച് മാനേജര്‍ ദിവ്യ, മാര്‍ക്കറ്റിങ് മാനേജര്‍ പ്രിയ, മാനേജര്‍ സംഗീത എന്നിവരും പങ്കെടുത്തു.

 

Content highlight
2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം).

കേരള സ്‌കൂള്‍ കലോത്സവത്തിലും തിളങ്ങി കുടുംബശ്രീ

Posted on Monday, December 9, 2019

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന 60ാം കേരള സ്‌കൂള്‍ കലോത്സവത്തിലും മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ സംരംഭകര്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ നടന്ന മേളയില്‍ ഭക്ഷണവിഭവങ്ങള്‍ തയാറാക്കി നല്‍കി കുടുംബശ്രീ സംരംഭകര്‍ നേടിയത് 15 ലക്ഷം രൂപ വരുമാനമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 8000ത്തോളം യുവ പ്രതിഭകളാണ് കാഞ്ഞങ്ങാട് മത്സരിക്കാനായെത്തിയത്.

   കലോത്സവ വേദികളില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ജ്യൂസ് സ്റ്റാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും കലോത്സവത്തിന്റെ സംഘാടകസമിതിയും അനുമതി നല്‍കുകയായിരുന്നു. ആ അവസരം കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 35 കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണ-പാനീയ സ്റ്റാളുകള്‍ 17 വേദികളില്‍ ഒരുക്കിയത്. ആകെയുള്ള 28 സ്റ്റേജുകളിലും ഹരിതകര്‍മ്മ സേനാംഗങ്ങളായ കുടുംബശ്രീ വനിതകള്‍ തണ്ണീര്‍മത്തന്‍ ജ്യൂസ് സ്റ്റാളുകളും നടത്തി. 112 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചത്‌.  ചായയും കാപ്പിയും ചെറുകടികളും വിവിധതരം ജ്യൂസുകളും പായസവും അവല്‍ മില്‍ക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഇവിടെ നല്‍കുന്നു. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന എത്‌നിക് ഫുഡ് കോര്‍ട്ടും ഏറെ ശ്രദ്ധ നേടി.

  ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഭക്ഷണം ഒരുക്കി നല്‍കാന്‍ ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്ഥിരമായി അവസരം ലഭിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കലോത്സവത്തില്‍ ലഭിച്ച ഈ ഒരു വലിയ അവസരത്തെ ഞങ്ങള്‍ കാണുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 2018 നവംബറില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ കുടുംബശ്രീയുടെ പത്ത് യൂണിറ്റുകള്‍ ഭക്ഷണ വിഭവങ്ങളൊരുക്കി നല്‍കിയിരുന്നു. അന്ന് പതിനൊന്ന് കൗണ്ടറുകളിലായി പത്ത് കുടുംബശ്രീ യൂണിറ്റുകളാണ് ഏഴായിരത്തോളം കാണികള്‍ക്ക് വേണ്ട ഭക്ഷണമൊരുക്കിയത്. 3000ത്തോളം പേര്‍ പങ്കെടുത്ത നവകേരള മിഷന്‍ യോഗത്തിലും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം തയാറാക്കി നല്‍കിയിരുന്നു.

 

Content highlight
112 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചത്‌.

കുരുന്നു കൈകള്‍ വിതച്ചതില്‍ നൂറു മേനി വിളവ്

Posted on Monday, December 9, 2019

കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭാ കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്നതിനും വിഷരഹിത പച്ചക്കറികള്‍, അരി എന്നിവ ഉത്പാദിപ്പിക്കുന്നതിനും അത് വഴി മഴവെള്ള സംരക്ഷണം, ജൈവ സമ്പത്ത് സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ ആശയങ്ങള്‍ ഉറപ്പിക്കുന്നതിനുമായി ജില്ലയിലെ മുഴുവന്‍ സിഡിഎസ് കളിലും ലഭ്യമായ സ്ഥലത്ത് ബാലസഭാ കുട്ടികളുടെ നേതൃത്വത്തില്‍ ബാലകൃഷി നടത്തുകയുണ്ടായി. മിക്കയിടങ്ങളിലും കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ വിനോദ വേളകളിലെ അധ്വാനം പാഴാവുകയുണ്ടായി. എന്നാല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ ഇത് മികവുറ്റതാവുകയും ചെയ്തു.

  ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പെരുമ്പള പട്ടേരി തറവാട് പരിസരത്താണ്  8 സെന്റ് സ്ഥലത്ത് ബാലസഭയിലെ 14 മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് നെല്‍ക്കൃഷി തുടങ്ങുവാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലെ കളിസമയങ്ങളിലും അവര്‍ ചെളിയും മണ്ണും നിറഞ്ഞ പാടവരമ്പിലേക്ക് ഇറങ്ങി. ഇത് ഒരു കൂട്ടായ്മയുടെ തുടക്കമായിരുന്നു. ഓരോ നെല്‍ച്ചെടിയുടെയും വളര്‍ച്ച സസൂക്ഷ്മം നിരീക്ഷിച്ചു. ഓരോ ചെടിയും കതിര്‍ വിരിയുമ്പോഴുള്ള സന്തോഷം കുഞ്ഞുമനസ്സുകളില്‍ അലതല്ലി. വീട്ടിലും സ്‌കൂളുകളിലും ബാലകൃഷിയുടെ നല്ല പാഠങ്ങള്‍ സുഹൃത്തുക്കളുമായി അവര്‍ പങ്കുവെച്ചു. ജില്ലാമിഷനും, സിഡിഎസും, നാട്ടുകാരും പ്രോത്സാഹിപ്പിച്ചപ്പോള്‍ പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷി വിളവെടുപ്പ് നടന്നു. കുരുന്നു കരങ്ങള്‍ പാടത്തു കൃഷിക്കിറങ്ങിയപ്പോള്‍ വിരിഞ്ഞു വന്നത് നൂറുമേനി വിളവ്. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം കണ്ട പഞ്ചായത്ത് പ്രതിനിധികളും, കുടുംബശ്രീ പ്രതിനിധികളും കുട്ടിക്കൂട്ടത്തിന്റെ വിളവെടുപ്പിനു താല്പര്യത്തോടെ എത്തി.  8 സെന്റ് സ്ഥലത്ത് വിളവെടുത്ത നെല്ലില്‍ നിന്നും  96 കിലോഗ്രാം അരി ഉത്പാദനം നടത്തുവാന്‍ ബാലകൃഷിയിലൂടെ കുട്ടി കര്‍ഷകര്‍ക്ക് സാധിച്ചു.

 

Content highlight
8 സെന്റ് സ്ഥലത്ത് വിളവെടുത്ത നെല്ലില്‍ നിന്നും 96 കിലോഗ്രാം അരി ഉത്പാദനം നടത്തുവാന്‍ ബാലകൃഷിയിലൂടെ കുട്ടി കര്‍ഷകര്‍ക്ക് സാധിച്ചു. വിളവെടുപ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

അന്താരാഷ്ട്ര വ്യാപാര മേള: കുടുംബശ്രീക്ക് മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌ക്കാരം

Posted on Monday, December 9, 2019

ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 27 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിച്ച 39ാം അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരം കുടുംബശ്രീക്ക് ലഭിച്ചു. സമാപന സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലില്‍ നിന്നും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌ക്കാരം കുടുംബശ്രീ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിച്ചു. വ്യാപാര മേളയില്‍ നിന്നും കുടുംബശ്രീ സ്റ്റാളുകള്‍ ആകെ 30.32 ലക്ഷം രൂപയുടെ വിറ്റുവരവും നേടി.

ഫുഡ് കോര്‍ട്ട്, കേരള പവിലിയനിലെ ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാള്‍, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സരസ് മേള,  'ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്' എന്ന ആശയത്തെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച തീം സ്റ്റാള്‍ എന്നീ വിഭാഗങ്ങളിലാണ് കുടുംബശ്രീ പങ്കെടുത്തത്. ഇതില്‍ കേരള പവിലിയനില്‍ പങ്കെടുത്ത വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരത്തിന് കുടുംബശ്രീ അര്‍ഹമായത്.

പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളാണ്  ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യാശ, മലപ്പുറം ജില്ലയിലെ അന്നപൂര്‍ണ്ണ എന്നീ യൂണിറ്റുകളിലെ ഏഴു പേര്‍ ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തു. 3.31 ലക്ഷം രൂപയാണ് ഇവരുടെ വിറ്റുവരവ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട്, കൊല്ലം, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ഉത്പന്നങ്ങളുമായി ഏഴു സ്റ്റാളുകളാണ് സരസ് മേളയില്‍ ഉണ്ടായിരുന്നത്. മേള കഴിഞ്ഞപ്പോള്‍ 21.54 ലക്ഷം രൂപ സരസ് മേളയില്‍ നിന്നും നേടാനായിട്ടുണ്ട്. തീം സ്റ്റാളില്‍ 'കേരളത്തിന്റെ സംരംഭക വികസന മാതൃകകള്‍' എന്നതാണ് കുടുംബശ്രീ പ്രദര്‍ശിപ്പിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

 2002 മുതല്‍ കുടുംബശ്രീ അന്താരാഷ്ട്ര വ്യാപാര മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ മികവിന്റെ അംഗീകരമായി 2013ല്‍ സ്വര്‍ണ്ണ മെഡലും 2014ല്‍ വെള്ളി മെഡലും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

Content highlight
ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

പിഎംഎവൈ (നഗരം) - ലൈഫ് : 2021നുള്ളില്‍ നഗരങ്ങളിലെ 7000 കുടുംബങ്ങള്‍ക്ക് ഭവന വായ്പ, കുടുംബശ്രീയും ഐസിഐസിഐ ബാങ്കും തമ്മില്‍ ധാരണ

Posted on Friday, November 29, 2019

തിരുവനന്തപുരം: കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2021 മാര്‍ച്ചിനുള്ളില്‍ നഗരങ്ങളിലെ 7000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐയുടെ ഭവന വായ്പാ വിഭാഗമായ ഐസിഐസിഐ എച്ച്എഫ്‌സിയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ഐസിഐസിഐ-എച്ച്എഫ്‌സി ബിസിനസ് വിഭാഗം ദേശീയമേധാവി (ഡിസ്ട്രിബ്യൂ ഷന്‍) കയോമര്‍സ് ധോത്തീവാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുമായി സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെ ത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈയുടെ (നഗരം)- ലൈഫ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം). ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന്വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോഗ്യ മായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്‌കീം അനുസരിച്ച് 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം, താഴ്ന്ന വരുമാന വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭിക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് 12 ലക്ഷം വരെ വായ്പാ തുകയ്ക്ക് ലഭിക്കുന്ന പലിശ സബ്‌സിഡി 3 ശതമാനവും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്.
 
  കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, മുനിസി പ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ് കെ. കുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഐസിഐസിഐ എച്ച്എഫ്‌സി സോണല്‍ ബിസിനസ് മാനേജര്‍ സൂസന്‍ മാത്യു, റീജിയണല്‍ മാനേജര്‍ ദീപു ജോസ്, ഐസിഐസിഐ റീജിയണല്‍ മേധാവി എ.എസ്. അജീഷ്, ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

PHOTO

 

Content highlight
കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്‍കി കഴിഞ്ഞു.

265 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എസ്.ബി.ഐ 13.25 കോടി രൂപ ലിങ്കേജ് വായ്പ വിതരണം ചെയ്തു

Posted on Friday, November 29, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 265 അയല്‍ക്കൂട്ടങ്ങള്‍ക്ക്   എസ്.ബി.ഐ 13.25 കോടി രൂപ ലിങ്കേജ് വായ്പ വിതരണം ചെയ്തു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും വായ്പ്ക്കായി അപേക്ഷിച്ച അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ വായ്പ വിതരണം ചെയ്തത്. തിരുവനന്തപുരം പൂജപ്പുരയിലെ എസ്.ബി.ഐ ആസ്ഥാന മന്ദിരത്തില്‍  സംഘടിപ്പിച്ച ക്രെഡിറ്റ് ലിങ്കേജ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനം എസ്.ബി.ഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്ര ലാല്‍ .ദാസ് നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.

വാഹന വായ്പ, ഭവന വായ്പ എന്നീ മേഖലകളില്‍ എസ്.ബി.ഐ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും താഴെത്തട്ടിലുള്ള ആളുകളിലേക്ക് സഹായമെത്തിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എം.എല്‍.ദാസ് പറഞ്ഞു. കുടുംബശ്രീയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സാധ്യമായ മേഖലകളില്‍ സംയോജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏതൊക്കെ മേഖലകളിലാണ് സാമ്പത്തിക പിന്തുണ ആവശ്യമുള്ളതെന്ന് പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് നിലവിലെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും നൂതനമായവ തുടങ്ങുന്നതിനും വായ്പ ആവശ്യമുണ്ട്. ഇതിനായി നിലവിലെ വായ്പാ നടപടിക്രങ്ങളില്‍ ഇളവ് വരുത്തിയും  തടസങ്ങള്‍ പരിഹരിച്ചും വായ്പാ പരിധി വര്‍ദ്ധിപ്പിക്കണമെന്നുമാണ്  കുടുംബശ്രീയുടെ ആവശ്യം. ഇതിനായി ബാങ്ക് റീജിയണല്‍ മാനേജര്‍മാരുടെ ക്രിയാത്മകമായ ഇടപെടലും നേതൃശേഷിയും കുടുംബശ്രീക്ക് ആവശ്യമുണ്ട്. കൂടാതെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഉല്‍പാദന സേവന മേഖലയിലേക്ക് കടന്നു വരുന്ന സംരംഭകര്‍ക്കും വരുമാന മാര്‍ഗം ഉണ്ടാക്കിയെടുക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്ന കാര്യം ബാങ്ക് അനുഭാവപൂര്‍വം പരിഗണിക്കണം. പി.എം.എ.വൈ പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന് പ്രത്യേക പരിഗണന നല്‍കുന്നത്  നഗരമേഖലയില്‍ വായ്പയെടുത്തു ഭവനം നിര്‍മിക്കുന്ന നിരവധി പേര്‍ക്ക് സഹായകമാകും. സംസ്ഥാനത്തെ എസ്.ബി.ഐ ബാങ്ക് ശൃംഖലയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  എസ്.ഹരി കിഷോര്‍ പറഞ്ഞു.  

കുടുംബശ്രീ വനിതകള്‍ക്ക് ഒരു മികച്ച വരുമാന മാര്‍ഗം എന്ന നിലയില്‍ എസ്.ബി.ഐ ബാങ്ക് മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന 'കസ്റ്റമര്‍ സര്‍വീസ് പോയിന്‍റ്' എന്ന സംരംഭവും അതിന്‍റെ പ്രവര്‍ത്തനങ്ങളും ഡെപ്യൂട്ടി മാനേജര്‍ സുമിത്ര.എസ് പിള്ള വിശദീകരിച്ചു. സംഘക്കൃഷി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ നടപടി ക്രമങ്ങള്‍, പലിശ നിരക്ക് എന്നിവ സംബന്ധിച്ച് മാനേജര്‍ രജിത പി.കെ ക്ളാസ് നയിച്ചു.

എസ്.ബി.ഐ ജനറല്‍ മാനേജര്‍ അരവിന്ദ് ഗുപ്ത സ്വാഗതവും അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എബ്രഹാം രാജന്‍ കൃതജ്ഞതയും പറഞ്ഞു. കുടുംബശ്രീ അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിദ്യ.ആര്‍.നായര്‍, എസ്.ബി.ഐ ബാങ്കിനു കീഴിലുള്ള റീജിയണല്‍ മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PHOTO

 

Content highlight
സംഘക്കൃഷി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ നടപടി ക്രമങ്ങള്‍, പലിശ നിരക്ക് എന്നിവ സംബന്ധിച്ച് മാനേജര്‍ രജിത പി.കെ ക്ളാസ് നയിച്ചു.

രണ്ടു ദിവസം കൊണ്ട് ഒരു ലക്ഷം രൂപയിലധികം വിറ്റുവരവ്:വന്‍വിജയമായി കുടുംബശ്രീ 'ഗോത്രപ്പെരുമ-2019'

Posted on Friday, November 29, 2019

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നവംബര്‍ 20, 21 നിയമസഭാ മന്ദിരത്തിലെ 5- ഡി ഹാളിന് സമീപം സംഘടിപ്പിച്ച പരമ്പരാഗത ആദിവാസി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള 'ഗോത്രപ്പെരുമ-2019' വിജയകരമായി സമാപിച്ചു. ഇതാദ്യമായി നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച മേളയിലൂടെ ഒരു ലക്ഷം രൂപയിലേറെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞതും ഏറെ ശ്രദ്ധേയമായി. തനിമയും പരിശുദ്ധിയുമുള്ള ബ്രാന്‍ഡ് ചെയ്ത ആദിവാസി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ നിയമസഭാ സാമാജികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മേള വഴി അവസരമൊരുങ്ങി. കൂടാതെ സംരംഭകരില്‍  ആത്മവിശ്വാസം വളര്‍ത്തുന്നതിനും മേള സഹായകമായി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ.് സുനില്‍ കുമാര്‍,  എം.എല്‍.എമാരായ പി.ടി.എ. റഹിം, വി. അബ്ദുറഹ്മാന്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ മേള സന്ദര്‍ശിച്ചു. അട്ടപ്പാടി 'ഹില്‍ വാല്യൂ' ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളെ കുറിച്ച് തയ്യാറാക്കിയ ബ്രോഷര്‍ മന്ത്രി എ.സി മൊയ്തീന്‍ വിപണനത്തിനായി എത്തിയ പാരാ പ്രഫഷണല്‍മാരായ മുരുഗി, തങ്കമണി, കൂടാതെ കര്‍ഷകരായ രാധ, ഭാസ്‌ക്കരന്‍ കാണി എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ഇടുക്കി ജില്ലയില്‍ നിന്നും എത്തിച്ച ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളില്‍ ഔഷധഗുണമുള്ള കൂവപ്പൊടി, ചെറുതേന്‍ കൂടാതെ കുടംപുളി എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. പാലക്കാട് അട്ടപ്പാടിയില്‍ നിന്നെത്തിയ ഉല്‍പന്നങ്ങളില്‍ ചോളം, തിന, വരഗ്, കുരുമുളക്, കറുവപട്ട എന്നിവയ്ക്കായിരുന്നു ഏറെ പ്രിയം. തൃശൂര്‍ അതിരപ്പള്ളി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളായ തേന്‍, കാപ്പിപ്പൊടി എന്നിവ ആദ്യദിനം തന്നെ വിറ്റഴിഞ്ഞു. നെല്ലിക്കയും കാന്താരിയും ചേര്‍ന്ന അച്ചാര്‍, വാളന്‍പുളി എന്നിവയും നിരവധി ആളുകള്‍ ചോദിച്ചെത്തി.

പട്ടികവര്‍ഗ പദ്ധതിയുടെ ഭാഗമായി ആനിമേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന വില്‍സി, സുമിത എന്നിവരാണ് തൃശൂരില്‍ നിന്നും  ഉത്പന്നങ്ങളുമായി എത്തിയത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വിപണന മേളകളില്‍ പങ്കെടുത്തു പരിചയമുള്ളവരാണ് അട്ടപ്പാടിയില്‍ നിന്നും  ഉത്പന്നങ്ങളുമായി എത്തിയ മുരുഗിയും തങ്കമണിയും.  35 കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഉല്‍പന്നങ്ങളുമായാണ് ഇവര്‍ മേളയ്‌ക്കെത്തിയത്.  ഇടുക്കി ജില്ലയില്‍ നിന്നും എത്തിയ സംരംഭകരായ രാധാമണിയ്ക്കും ഭാസ്‌കരന്‍ കാണിയ്ക്കും  നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ഉല്‍പന്ന വിപണന മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. ഇരുവരും ഇതാദ്യമാണ് ജില്ലയ്ക്കു പുറത്ത് ഒരു മേളയില്‍ പങ്കെടുക്കുന്നത്.

  നവംബര്‍ 20ന് നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി എ. കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മുഖേന ബ്രാന്‍ഡിങ്ങ് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വിറ്റുവരവ് ലഭിക്കുന്നുണ്ട്. തുടര്‍ന്നും സമാനമായ രീതിയില്‍ ആദിവാസി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 

 


 

 

Content highlight
ആദിവാസി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള 'ഗോത്രപ്പെരുമ-2019

റീബില്‍ഡ് കേരള: കുടുംബശ്രീയുടെ 250 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Posted on Friday, November 22, 2019

 * ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 205 കോടി രൂപ
* പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമര്‍പ്പിച്ച 250 കോടി രൂപയുടെ വിശദമായ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രളയക്കെടുതികള്‍ അനുഭവിക്കേണ്ടി വന്ന രണ്ടു ലക്ഷം ആളുകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുക, 1.6 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്നിവയ്ക്കായി സമര്‍പ്പിച്ച പദ്ധതിയ്ക്കാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ക്യാബിനറ്റ് അംഗീകാരത്തോടെ സര്‍ക്കാര്‍ ഉത്തരവ് (ജി.ഓ.നമ്പര്‍ 28/2019/ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്,  തീയതി 15/ 11/ 19)  ലഭിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കുടംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.  
 
 250 കോടി രൂപയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 45 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഉപജീവന പദ്ധതികളില്‍ പതിനായിരം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അയ്യായിരത്തോളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേര്‍ക്ക് ഇലക്ട്രിക്കല്‍, പ്ളംബിങ്ങ് തുടങ്ങിയ  മേഖലകളില്‍ പരിശീലനം നല്‍കി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിന്‍ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.  കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ളോക്കിലും സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും അറുനൂറു സി.ഡി.എസുകള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുന്നതിനായി കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്.

Content highlight
10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക