തിരുവനന്തപുരം: കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പരിഹരിച്ചത് 4723 കേസുകള്‍. മൂന്നു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്കാണ് ഇവരുടെ സേവനം ലഭ്യമായത്. കൗണ്‍സലിങ്ങ് രംഗത്തെ ഇവരുടെ പ്രവര്‍ത്തനമികവും സാമൂഹ്യ സ്വീകാര്യതയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ പട്ടം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പത്തനംതിട്ട ജില്ലയിലെ അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളിലും കുടുംബശ്രീയുടെ കൗണ്‍സലിങ്ങ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്.
കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 357 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. വിവാഹ പൂര്‍വ കൗണ്‍സലിങ്ങ് നല്‍കുക, സ്ത്രീകളും കുട്ടികളും കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, കൗമാരക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണ, എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. കൗമാരപ്രായക്കാര്‍ക്ക് ആവശ്യമായ വിദഗ്ധ കൗണ്‍ലിങ്ങ് നല്കുന്നതിനാല് പലയിടത്തും സ്കൂളുകളില്‍ ഇവരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ളതും കുടുംബ പ്രശ്നങ്ങളുമടക്കം കോടതിയിലേക്ക് പോകാന്‍ സാധ്യതയുള്ള കേസുകള്‍ വരെ സമാധാനപൂര്‍ണമായി പരിഹരിക്കാന്‍ കഴിയുന്നതു കൊണ്ട് പഞ്ചായത്തുതലത്തില്‍ ഇവര്‍ക്ക് ഏറെ വിശ്വാസ്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ കൗണ്‍സലിങ്ങ്, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ സംവിധാനമായ സ്നേഹിത, ജെന്‍ഡര്‍ റിസോഴസ് സെന്റര്‍, ബ്ളോക്ക് തല കൗണ്‍സലിങ്ങ് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ കൗണ്‍സിലിങ്ങ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിശീലനം നേടിയ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേനയാണ് നടപ്പാക്കിവരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് അരക്ഷിതാവസ്ഥയുടെ പഠനം-വള്‍ണറബിലിറ്റി മാപ്പിങ്ങ് നടപ്പാക്കിയപ്പോഴും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
``
- 128 views