തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ സംരംഭ കൂട്ടായ്മയിലൂടെ ഗുണ നിലവാരമുള്ള ഉല്പന്നങ്ങള് ഉല്പാദിപ്പിക്കുന്നതിനും അതിന്റെ വിപണനത്തിലൂടെ സംരംഭകരുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനും ജില്ലാ അടിസ്ഥാനത്തില്‍ പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകരുടെ പൊതുസേവനത്തിനായി പന്ത്രണ്ട് ജില്ലകളില്‍ 19 പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പൊതുസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം അതത് തദ്ദേശ ഭരണ സ്ഥാപനം നല്‍കും. പദ്ധതിക്കായി കുടുംബശ്രീ 50 ലക്ഷം രൂപ വരെ ചെലവഴിക്കും. പദ്ധതിയുടെ 60 ശതമാനം തുക യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും 15 ശതമാനം കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനും അറ്റകുറ്റ പണികള്‍ക്കും 15 ശതമാനം പരിശീലനത്തിനും പത്തു ശതമാനം ഉല്പന്നത്തിന്റെ ഡിസൈനിങ്ങ്, പായ്ക്കിങ്ങ് എന്നിവ മെച്ചപ്പെടുത്താനും മാര്‍ക്കറ്റിങ്ങിനുമാണ്.
ഒരേ തരത്തിലുള്ള ഉല്പന്നങ്ങളെ ക്ളസ്റ്റര്‍ ചെയ്ത് സംരംഭകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുക എന്നതാണ് പൊതുസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രധാനമായും അപ്പാരല്‍, ഭക്ഷ്യ ഉല്പന്നങ്ങള്, സിമന്റ് ബ്രിക്സ് തുടങ്ങിയ മേഖലകളിലെ ഉല്പാദനവും നിര്‍മാണവുമാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ സംരംഭകര്‍ക്ക് ഒരു കുടക്കീഴില് ഉല്പന്ന നിര്‍മാണം, പായ്ക്കിങ്ങ, ഗുണമേന്മ ഉറപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താവുന്ന തൊഴിലിടമായിട്ടായിരിക്കും പൊതുസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭകരെയും ജില്ലാ അടിസ്ഥാനത്തില്‍ കണ്ടെത്തി ആവശ്യമായ പിന്തുണ ലഭ്യമാക്കിക്കൊണ്ട് പൊതു സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 4525 കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉല്പന്നങ്ങള് ലഭ്യമാക്കുന്നതോടൊപ്പം സംരംഭകരുടെ സാമ്പത്തിക വര്‍ധനവ് ഉറപ്പാക്കുക, ഉല്പാദന ശേഷി വര്‍ധിപ്പിക്കുക, യൂണിറ്റുകള്‍ക്ക് ഉല്പന്നങ്ങള് നിര്‍മിക്കുന്നതിനാവശ്യമായ പൊതുയന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും പൊതു സേവന കേന്ദ്രങ്ങള്‍ വഴി കുടുംബശ്രീ ലക്ഷ്യമിടുന്നു. സംരംഭകര്‍ക്ക് ഉല്പന്നങ്ങള് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കാന് കഴിയുന്നതോടെ ഒരു പ്രദേശത്തു നിന്ന് വന്‍തോതില്‍ ബ്രാന്‍ഡഡ് ഉല്പന്നങ്ങള് നിര്‍മിക്കാന്‍ കഴിയും.
ഇതിനാവശ്യമായ മികച്ച സാങ്കേതിക ക്ഷമതയുള്ള യന്ത്രങ്ങള്‍ തനിച്ചു വാങ്ങാന്‍ കഴിയാത്ത സംരംഭകര്‍ക്ക് ഇത്തരം യന്ത്രങ്ങള്‍ പൊതു സേവന കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതോടെ കൂടുതല്‍ അളവില്‍ ഉല്പാദനം നടത്താന്‍ കഴിയും. അതോടൊപ്പം മികച്ച സാങ്കേതിക സഹായവും ലഭിക്കും.
പൊതുസേവന കേന്ദ്രങ്ങള്‍ വഴി അസംസ്കൃത വസ്തുക്കള്‍ ഒരുമിച്ചു വാങ്ങുന്നതു കൊണ്ട് ഉല്പാദന ചെലവു കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. ഭക്ഷ്യ ഉല്പന്നങ്ങള് തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ ഉല്പന്നം പരിശോധിക്കുന്നതിനുള്ള ലാബ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ രംഗത്ത് മികച്ച പ്രഫഷണലുകളുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാനും സാധിക്കുന്നതു വഴി മികച്ച രീതിയിലുളള മാര്‍ക്കറ്റിങ്ങ് സംവിധാനവും ഒരുക്കാന്‍ കഴിയും. കൂടാതെ ഉല്പന്നത്തിന്റെ വിപണനത്തിലും പൊതുവായ മാനദണ്ഡം(കോമണ്‍ പ്രോട്ടോകോള്‍) ഉറപ്പു വരുത്തും. പൊതുവായ പായ്ക്കിങ്ങ്, മാര്‍ക്കറ്റിങ്ങ്, ബ്രാന്‍ഡിങ്ങ് എന്നിവ ലഭ്യമാക്കുന്നതോടൊപ്പം കുടുംബശ്രീ ഉല്പന്നങ്ങള് സ്ഥിര വിപണനത്തിന് ലഭ്യമാക്കുക എന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും. മേല്‍നോട്ട ചുമതല അതത് ജില്ലാ മിഷന് അധികൃതര്‍ക്കാണ്.
- 92 views