കുടുംബശ്രീ അര്‍ബന്‍ സര്‍വീസ് ടീം- ഹൗസ് കീപ്പിങ്, പ്ലംബിങ് തുടങ്ങി മൊബൈല്‍ സര്‍വീസ് വരെ ഇനി വിളിപ്പുറത്ത്‌

Posted on Monday, April 23, 2018

തിരുവനന്തപുരം: നഗരമേഖലയില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ അര്‍ബന്‍ സര്‍വീസ് ടീം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ  മുഖേന സംസ്ഥാനത്തെ നഗരമേഖലയില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം(എന്‍.യു.എല്‍.എം) പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാമിഷന്‍റെ നേതൃത്വത്തിലാണ് അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ മുട്ടടയില്‍ എന്‍.യു.എല്‍.എമ്മിന്‍റെ കീഴിലുളള നഗര ഉപജീവന കേന്ദ്രത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.   
 
ഹൗസ് കീപ്പിങ്ങ്, മെയ്സണ്‍, പ്ളംമ്പിങ്ങ്, ഇലക്ട്രീഷ്യന്‍, ടൈല്‍സ് വര്‍ക്കര്‍, ഗാര്‍ഡനിങ്ങ്, എ.സി.മെക്കാനിക്ക്, മൊബൈല്‍ സര്‍വീസിങ്ങ്, ബേബി സിറ്റിങ്ങ്, സി.സി.ടി.വി, ബ്യൂട്ടീഷന്‍ തുടങ്ങി നഗരമേഖലയില്‍ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അര്‍ബന്‍ സര്‍വീസ് ടീം.  മുപ്പതു പേരാണ് ടീമിലുള്ളത്. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കിയിട്ടുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ ഇതു പോലുള്ള ജോലികള്‍ക്ക് വിദഗ്ധരും വിശ്വസ്തരുമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ സംരംഭത്തിന്‍റെ തുടക്കം. 7012389423  എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവരുടെ സേവനം ലഭ്യമാകും.  

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 ഓളം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിന്നും മുപ്പതു പേരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുളളത്.  നഗരവാസികളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഓരോ വിഭാഗത്തിലും അഞ്ചു മുതല്‍ പത്തുവരെ അംഗങ്ങളൂടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.