രാഷ്ട്രപതി ദ്രൗപതി മുര്മു ഉദ്ഘാടനം ചെയ്ത വിജയവാഡയിലെ ആജീവിക സരസ് മേളയില് കേരളത്തിന്റെ തനിമയോതുന്ന ഉല്പന്ന വൈവിധ്യവുമായി കുടുംബശ്രീ സംരംഭകര്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില് 31 വരെ വിജയവാഡയിലെ ബാബുരി ഗ്രൗണ്ടില് സംഘടിപ്പിക്കുന്ന മേളയിലാണ് 14 ഉല്പന്ന സ്റ്റാളുകളും ഫുഡ്കോര്ട്ടില് നാല് ഭക്ഷ്യസംരംഭ യൂണിറ്റുകളുമായി കുടുംബശ്രീ സാന്നിധ്യമുറപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത രുചികള് നല്കുന്ന ഭക്ഷ്യവിഭവങ്ങളും തനിമയും പരിശുദ്ധിയുമുള്ള ഗ്രാമീണ ഉല്പന്നങ്ങളും ദേശീയതലത്തില് ഉപഭോക്താക്കള്ക്ക് മുന്നിലെത്തിക്കുന്നതിലൂടെ ഇവയ്ക്ക് കൂടുതല് ദൃശ്യതയും വിപണന സാധ്യതയും ഉറപ്പാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
ഭക്ഷ്യവിഭവങ്ങളിലെയും ഉല്പന്നങ്ങളിലെയും വൈവിധ്യമാണ് കേരളത്തില് നിന്നുള്ള കുടുംബശ്രീ സ്റ്റാളുകളുടെ പ്രധാന ആകര്ഷണം. ചിരട്ട, മുള എന്നിവ കൊണ്ടു നിര്മിച്ച വിവിധ കരകൗശല വസ്തുക്കള്, കൂടാതെ ആഭരണങ്ങള്, കൈത്തറി വസ്ത്രങ്ങള്, പ്രകൃതിദത്ത ഭക്ഷ്യോല്പന്നങ്ങള്, ഫുഡ് കോര്ട്ടില് കേരളത്തിന്റെ തനതു രുചി പകരുന്ന വിവിധ തരം നാടന് ഭക്ഷ്യവിഭവങ്ങള് എന്നിവയാണ് സന്ദര്ശകരുടെ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്, കാസര്കോട് ജില്ലകളില് നിന്നുള്ള സംരംഭകരാണ് മേളയില് പങ്കെടുക്കുന്നത്.
കേരളം ഉള്പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില് നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില് നിന്നുമുള്ള സംരംഭകരും ആജീവിക സരസ് മേളയില് പങ്കെടുക്കുന്നുണ്ട്. ഇതു വഴി സംസ്ഥാനത്തിനു പുറത്തുള്ള വിപണികളുമായി നേരിട്ട് ബന്ധപ്പെടാനും ഉല്പന്നങ്ങള് കൂടുതല് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കുടുംബശ്രീ സംരംഭകര്ക്ക് അവസരമൊരുങ്ങും. ഉല്പന്ന വിപണനം വിപുലീകരിക്കുന്നതിനൊപ്പം പുതിയ വിപണന സാധ്യതകള് കണ്ടെത്താനും ഇത്തരം മേളകളിലെ പങ്കാളിത്തം വഴിയൊരുക്കും. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് ദേശീയ വിപണിയില് കൂടുതല് സ്വീകാര്യത നേടിക്കൊടുക്കുന്നതിനുള്ള പ്രധാന വേദിയായും ആജീവിക സരസ് മേള മാറിയിട്ടുണ്ട്.
- 1 view



