തദ്ദേശീയ ജനതയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പട്ടികവര്‍ഗ വികസന പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് മെന്റര്‍മാര്‍ എന്നിവരുടെ ദ്വിദിന സംസ്ഥാനതല സംഗമത്തിന് നിലമ്പൂരില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. നിലമ്പൂര്‍ ഒ.സി..കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുള്‍ വഹാബ് എം. പി മുഖ്യാതിഥിയായി.
കാടിന്റെ സ്പന്ദനങ്ങളും അതിലെ ജൈവവൈവിധ്യങ്ങളും വ്യക്തമായി അറിയാന്‍ കഴിയുന്നവരാണ് തദ്ദേശീയ ജനതയെന്ന് മന്ത്രി പി.കെ ബഷീര്‍ പറഞ്ഞു. തദ്ദേശീയ ജനതയുടെ സംസ്കൃതിയുടെ ഘടന നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കാവശ്യമായ രീതിയില്‍ പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന വീട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ സംരംഭങ്ങളുമാണ് ലഭ്യമാക്കേണ്ടത്. സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി നടക്കുന്ന വികസന ചര്‍ച്ചകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും അവ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് തദ്ദേശീയ മേഖലയില്‍ നിന്നും മമ്പാട് സി.ഡി.എസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട തങ്കമണി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത നെല്ലിയായി ഉന്നതിയിലെ രാജന്, ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത പാലക്കയം ഉന്നതിയിലെ അഭിലാഷ്, കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം ഉന്നതിയില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുകയും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം നേടുകയും ചെയ്ത കമ്പനാട്ടി കര്‍ഷക സംഘത്തിലെ അംഗം പ്രമീള സുരേഷ്, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശീയ ജനവിഭാഗത്തില്‍ നിന്നുളള എന്‍. പ്രജീഷ എന്നിവര്‍ക്കുളള ഉപഹാരവും മന്ത്രി പി.കെ ബഷീര്‍ സമ്മാനിച്ചു.
തദ്ദേശീയ ജനതയുടെ ഉന്നമനത്തിനായി അനുവദിക്കുന്ന എല്ലാ വിധ സാമ്പത്തിക സഹായങ്ങളും അവരിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആര്യാടന് ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു. തദ്ദേശീയസമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴില്‍ ലഭ്യത എന്നിവ ഉറപ്പു വരുത്തി അവര്‍ക്ക് സുസ്ഥിര ജീവനോപാധികള്‍ കണ്ടെത്താനുള്ള മുന്നൊരുക്കമായി ജനഗല്‍സ മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
തദ്ദേശീയ മേഖലയിലെ ജനവിഭാഗത്തിന് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനവും സംരംഭകത്വ വികസന പരിശീലനവും നല്കി അവരെ സംരംഭകരാക്കി മാറ്റുന്നതിലും അതിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനും കുടുംബശ്രീ നല്കി വരുന്ന പിന്തുണ വലുതാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.വി അബ്ദുള്‍ വഹാബ് എം. പി പറഞ്ഞു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ് സ്വാഗതം പറഞ്ഞു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ബോബി സി.മാമ്പ്ര, ജസീറ വി.പി, അമൃത കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രോഹില്‍ നാഥ്, ജന്ശിക്ഷന് സന്സ്ഥാന് ഡയറക്ടര്‍ ഡോ.ഉമ്മര്‍ കോയ, നിലമ്പൂര്‍ സി.ഡി.എസ് അധ്യക്ഷ സാലി ബിജു, കീ സ്റ്റോണ്‍ ഫൗണ്ടേഷന് അഡീഷണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി. ഫസീല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ സി.കെ സുരേഷ്, എം.എ ജോസ്, കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അഭിജിത്ത് ദീപക്, കുടുംബശ്രീ മുന്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.ഉണ്ണിക്കൃഷ്ണന് നന്ദി പറഞ്ഞു.
ഉദ്ഘാടന പരിപാടിക്ക് ശേഷം തദ്ദേശീയ മേഖലയില്‍ നിന്നുള്ള ഉല്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള എന്നിവയും മന്ത്രി പി.കെ ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എം. പി ആര്യാടന് ഷൗക്കത്ത് എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് 'ജനഗല്‍സ' പദ്ധതിയുടെ ഭാഗമായി മംഗലംകളി(കാസര്‍കോട്), മലപ്പുലയാട്ടം(ഇടുക്കി), മംഗല പന്തല്‍കളി(കണ്ണൂര്‍), ഗദ്ധിക(വയനാട്), ഗുഡിമനെ (മലപ്പുറം) എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നുള്ള ഗോത്ര കലകള്‍ വേദിയില്‍ അവതരിപ്പിച്ചു. ജനഗല്‍സ-2026- സംസ്ഥാനതല സംഗമം ഇന്ന്(27-9-2026) അവസാനിക്കും.
- 2 views



