സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാന്‍ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിന്റെ വളര്‍ച്ചയുടെ പരിവര്‍ത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയില്‍ നിന്നും സാധ്യതകള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയില്‍ നിന്നും അവസരങ്ങള്‍ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴില്‍ വിദഗ്ധരും പിന്തുണ നല്കാന് പഞ്ചായത്തും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ഓരോ വാര്‍ഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാന്‍ കഴിയും.
കുടുംബശ്രീ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയില്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് യഥാര്‍ത്ഥ കരങ്ങളിലെത്താന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവര്‍ത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകള്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിന്റെ ബഹുമാനവും നേടണം. സ്ത്രീകള്‍ കേരള ചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിന്റെയും നവീകരണത്തിന്റെയും ലോകമാതൃകയാവുന്ന കേരളത്തിന്റെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയില്‍ നിന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളില്‍ നിന്നും വലിയ
സാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്ത്രീകള്‍ ഡിജിറ്റല്‍ അറിവുകള്‍ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉല്പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താന്‍ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് ആ കരുത്ത് നല്‍കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി വി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയര്‍ന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അതിന്റെ കാരണം കുടുംബശ്രീയാണെന്നും അവര്‍ പറഞ്ഞു.
കുടുംബശ്രീ ഡയറക്ടര്‍ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.
- 2 views



