കുടുംബശ്രീ ഡി.ഡി.യു-ജി.കെ.വൈ 2.0 പ്രഖ്യാപനവും ടാലന്റോ'26 ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു

Posted on Thursday, February 12, 2026

കുടുംബശ്രീ അംഗങ്ങളെ സംരംഭകരാകാന്‍ പിന്തുണ നല്‍കുന്നതിന് പുറമേ അവരെ വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് കൈപിടിച്ചുയര്‍ത്തി വരുമാനവര്‍ധനവ് ലഭ്യമാക്കാന്‍ സഹായിക്കുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിച്ച യുവജനങ്ങളുടെ സംഗമം 'ടാലന്റോ'26 ഉദ്ഘാടനവും ഡി.ഡി.യു.ജി.കെ.വൈ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റ്‌റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളീയ സ്ത്രീജീവിതത്തിലും സാമൂഹിക രംഗത്തും നിര്‍ണായകമായ സ്വാധീനം ചെയുത്താന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉജ്ജീവനം പദ്ധതിവഴി അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കിയത് കുടുംബശ്രീയാണ്.  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ആദ്യഘട്ടത്തില്‍ 78524 പേര്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയവരില്‍ 56665 പേര്‍ക്കും ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇത് വളരെ മികച്ച നിരക്കാണ്. ജോലി കിട്ടിയവരില്‍ 107 പേര്‍ ഭിന്നശേഷിക്കാരുമാണ്. കുടുംബശ്രീയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ കൂടി ഭാഗമാകുന്നത് എന്നതിന്റെ തെളിവാണിത്. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി  78000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കി. ആകെ 130000 പേര്‍ക്കാണ് തൊഴില്‍ ലഭ്യമാക്കിയത്. കുടുംബശ്രീ സംരംഭങ്ങളുടെ കാര്യത്തിലും വലിയ തോതിലുള്ള രൂപാന്തരമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നു നേടിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ബ്രാന്‍ഡഡ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കഴിഞ്ഞു.  ഡി.ഡി.യു.ജി.കെ.വൈ രണ്ടാംഘട്ടത്തില്‍ 3272  യുവജനങ്ങളെ ഉള്‍പ്പെടുത്തി 36 പുതിയ പദ്ധതികള്‍ക്കാണ്  അംഗീകാരം ലഭിച്ചിട്ടുള്ളത്. ഡി.ഡി.യു.ജി.കെ വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാഴ്ച വച്ച പ്രകടന മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കിയതെന്ന് പറഞ്ഞ മന്ത്രി പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. കുടുംബശ്രീയുമായി കരാര്‍ ഒപ്പുവച്ച 23 പരിശീലക ഏജന്‍സികളുമായി ധാരണാപത്രവും മന്ത്രി  കൈമാറി.

ഉദ്ഘാടന സമ്മേളനത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്  ദിനേശന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗം  കെ.കെ ലതിക അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ എസ്.പ്രശാന്ത്, ആര്‍സെറ്റി അണ്ടര്‍ സെക്രട്ടറി മേരി തോമസ്, ഘനശ്യാം (കേന്ദ്രഗ്രാമവികസന മന്ത്രാലയം) സി.ഡി.എസ് അധ്യക്ഷ ഇന്ദു ഐ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ് നന്ദി പറഞ്ഞു.

രാവിലെ അഡ്വ. എ.വി വാമനകുമാറിന്റെ  മോട്ടിവേഷണല്‍ ക്‌ളാസ്, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമായവരുടെ  വിജയാനുഭവങ്ങള്‍ പങ്കു വയ്ക്കല്‍, ജിയോ ലൈവ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടി,  വിദ്യാര്‍ത്ഥികളുടെ   കലാപരിപാടികള്‍ എന്നിവയും  നടന്നു. 

 

Content highlight
ddugky2.0 launched